ADVERTISEMENT

മുംബൈ ∙ കോവിഡ് വ്യാപിക്കുന്ന മുംബൈയിൽ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ആരോഗ്യപ്രവർത്തകരുടെ കുറവും  ഭീഷണിയാകുന്നു. സർക്കാർ ആശുപത്രികളിൽ പൊതിഞ്ഞുകെട്ടി നിരത്തിയിട്ടിരിക്കുന്ന മൃതദേഹങ്ങളുടെയും, കോവിഡ് ചികിത്സാ കേന്ദ്രങ്ങൾക്കു മുന്നിൽ കിടക്ക ഒഴിയുന്നതു കാത്തിരിക്കുന്ന രോഗികളുടെയും കാഴ്ചകളാണ് നഗരത്തിൽ. 

ആംബുലൻസ് കിട്ടാതെയും കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെയും ആശുപത്രിയിൽ  പ്രവേശനം ലഭിക്കാതെ  മരിക്കുന്ന മറ്റു രോഗികളുടെ എണ്ണവും കൂടുന്നു. ചികിത്സ ലഭിക്കാതെ മരിക്കേണ്ടി വരുമോ എന്ന ആശങ്ക ശരാശരി മുംബൈക്കാരുടെ സമാധാനം കെടുത്തുന്നു. അതിഥിത്തൊഴിലാളികൾ അടക്കമുള്ളവരുടെ പലായനത്തിന് പിന്നിലെ പ്രധാന കാരണവും ഇതു തന്നെ. 20 ലക്ഷത്തോളം തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്കു പോകാൻ റജിസ്റ്റർ ചെയ്തിട്ടുള്ളത്. യാത്രാ സൗകര്യമില്ലാത്തതുകൊണ്ടു മാത്രം നാട്ടിലേക്കു പോകാൻ  കഴിയാത്തവരാണു മലയാളികളിൽ ഏറെപ്പേർ. 

കേരളത്തിൽ മരണസംഖ്യ 7 ആയിരിക്കെ, മുംബൈയിൽ മാത്രം മരിച്ച മലയാളികളുടെ എണ്ണം എട്ടാണ്. മഹാരാഷ്ട്രയിലെ രോഗികളിൽ 60% പേരും മുംബൈയിൽനിന്നുള്ളവർ. 1900 മരണങ്ങളിൽ 1100ഉം മുംബൈയിൽ തന്നെ. 

ജനസാന്ദ്രതയാണ് മുംബൈയിലെ രോഗവ്യാപനത്തിന്റെ അടിസ്ഥാന കാരണം. 2 കോടിയിലേറെയാണ് മുംബൈ നഗരവും പ്രാന്ത പ്രദേശങ്ങളുമടങ്ങുന്ന മേഖലയിലെ ജനസംഖ്യ. ആനുപാതികമായി ആശുപത്രികളും കിടക്കകളും ഇല്ലാതെ പോയതിനാലാണ് മഹാമാരിയിൽ നഗരത്തിന്റെ ആരോഗ്യരംഗം ആടിയുലയുന്നത്. എന്നാൽ, സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.  ഇൗ മാസം അവസാനം  രോഗികളുടെ എണ്ണം 1.5 ലക്ഷം  വരെ ആയേക്കാമെന്ന് സാധ്യതാ പഠനങ്ങളുണ്ടായിരുന്നെങ്കിലും പകുതിയിൽ താഴെയേ ആയിട്ടുള്ളു എന്നത് ആശ്വാസകരമാണന്നു ചീഫ് സെക്രട്ടറി അജോയ് മേത്ത പറയുന്നു.  മരണനിരക്ക് 7.6 ശതമാനത്തിൽ നിന്ന് 3.3 ശതമാനത്തിൽ എത്തിയതും  അധികൃതർക്ക് ആശ്വാസമാകുന്നു. ഗുജറാത്തിൽ മരണനിരക്ക്  6 ശതമാനത്തിനു മുകളിലാണ്.

മഹാരാഷ്ട്ര 

∙ പുതിയ രോഗികൾ 2598 

∙ ആകെ രോഗികൾ 59,546

∙ ഇന്നലെ മരണം 85

∙ ആകെ മരണം 1,982

വിമാനയാത്ര നിയന്ത്രിക്കാൻ കർണാടക

ബെംഗളൂരു, ചെന്നൈ∙ മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നു വിമാന ഗതാഗതം നിയന്ത്രിക്കാൻ കർണാടക. 115 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതിൽ 95 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമില്ല. മഹാരാഷ്ട്ര, തമിഴ്‍നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തി.  1650 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 

തമിഴ്നാട്ടിൽ ആദ്യമായി ഒറ്റ ദിവസത്തെ കോവിഡ് മരണം രണ്ടക്കം കടന്നു. ഇന്നലെ മാത്രം മരിച്ചതു 12 പേർ. ചെന്നൈയിൽ മാത്രം മരണം 100 കടന്നു. ഇന്നലെ മരിച്ചവരിൽ 11 പേരും ചെന്നൈയിൽ.  സംസ്ഥാനത്തെ ആകെ മരണം 145. ഒറ്റ ദിവസം കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചതും ഇന്നലെ: 827 പേർ. ഇവരിൽ 117 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. ചെന്നൈയിൽ മാത്രം ഇന്നലെ 559 പേർക്കു രോഗം സ്ഥിരീകരിച്ചു. ജീവനക്കാർക്കു രോഗം ബാധിച്ചതിനെത്തുടർന്നു ദക്ഷിണ റെയിൽവേ ആസ്ഥാനവും ചെന്നൈ ഡിവിഷനൽ ഓഫിസും തൽക്കാലത്തേക്ക് അടച്ചു. തമിഴ്നാട്ടിലെ പ്രമുഖ മാധ്യമ സ്ഥാപനത്തിലെ 33 പേർക്കു രോഗം ബാധിച്ചു.

കടന്നുകളയാൻ  ശ്രമിച്ച കോവിഡ്  രോഗി മരിച്ചു

ഫിറോസാബാദ് (യുപി) ∙ കോവിഡിന് ചികിത്സയിലിരിക്കെ കടന്നുകളയാൻ ശ്രമിച്ചയാൾ അടുത്ത ദിവസം മരിച്ചു. രണ്ടു ദിവസം മുൻപാണ് ഫിറോസാബാദ് മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിൽ എത്തിച്ചത്. ബുധനാഴ്ച രാത്രി ഇവിടെ നിന്നു കടന്നുകളയാനുള്ള ശ്രമം ആശുപത്രി ജീവനക്കാർ തടഞ്ഞിരുന്നു. ഉന്തിനും തള്ളിനുമിടെ ഇദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റതായി പൊലീസ് പറയുന്നു. പരുക്കേറ്റ ശേഷം ഇദ്ദേഹത്തെ തുണ്ട്‌ല മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അവിടെ പ്രവേശിപ്പിച്ചില്ല. തിരിച്ച് ഫിറോസാബാദ് ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു മരണം. കൊലപാതകമാണെന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിച്ചു. 

സംബിത് പത്രയ്ക്ക് കോവിഡ് ലക്ഷണം

ന്യൂഡൽഹി∙ ബിജെപി ദേശീയ വക്താവ് സംബിത് പത്രയെ കോവിഡ് ലക്ഷണങ്ങളോടെ ഗുഡ്ഗാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com