ADVERTISEMENT

മുംബൈ, ചെന്നൈ, ബെംഗളൂരു∙ 116 പേർ ഒറ്റ ദിവസം മരിച്ചതിന്റെ ഭീതിയിൽ മഹാരാഷ്ട്ര. ആകെ മരണം 2,000 കടന്ന ദിവസം തന്നെ രോഗികൾ 60,000 കടന്നു. 2682 പേ‍ർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 62228. ആകെ മരണം 2098.

കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സന്തോഷ്കുമാർ മുംബൈയിലെത്തി. അന്ധേരിയിൽ ആയിരത്തിലേറെ കിടക്കകളുള്ള കോവിഡ് സ്പെഷൽ ആശുപത്രി സെവൻ ഹിൽസ് സന്ദർശിച്ച അദ്ദേഹം ഇന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. കേരളത്തിൽനിന്ന് 50 വിദഗ്ധ ഡോക്ടർമാരുടെയും പ്രവൃത്തി പരിചയമുള്ള 100 നഴ്സുമാരുടെയും സേവനമാണ് ആവശ്യപ്പെട്ടത്. നാളെ മുതൽ എത്തുന്ന കേരള സംഘം സെവൻ ഹിൽസ് ആശുപത്രി ഏറ്റെടുത്തേക്കും. അതിനിടെ, 8381 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

ധാരാവിയിൽ 41 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മുംബൈ നഗരത്തിൽ 2 പൊലീസുകാർ കൂടി മരിച്ചു. ഇതോടെ മുംബൈയിൽ മരിച്ച പൊലീസുകാരുടെ എണ്ണം 16. മുംബൈയിൽ അഗ്‍നിശമന സേനാംഗം കോവിഡിനെത്തുടർന്നു മരിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായവർക്കും രോഗികളെ ശുശ്രൂഷിക്കുന്നവർക്കും 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തും.

തമിഴ്നാട്ടിൽ തുടർച്ചയായ മൂന്നാം ദിവസവും 800–ൽ അധികം പേർക്കു കോവിഡ്. ഒറ്റ ദിവസം ഇതാദ്യമായി 874 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 20246. ചെന്നൈയുടെ സമീപ ജില്ലയായ ചെങ്കൽപേട്ടിൽ രോഗികളുടെ എണ്ണം 1000 കടന്നു. ചെന്നൈയ്ക്കു ശേഷം രോഗികളുടെ എണ്ണം 1000 കടക്കുന്ന ആദ്യ ജില്ല. ചെന്നൈയിൽ 618 രോഗികൾ കൂടിയായതോടെ ആകെ രോഗബാധിതർ 13362. ദക്ഷിണ റെയിൽവേ ആസ്ഥാനം അടച്ചതിനു പിന്നാലെ മദ്രാസ് ഐഐടിയിൽ 2 പേർക്കു രോഗം സ്ഥിരീകരിച്ചു. രണ്ടു ദിവസം മുൻപ് ശ്വാസ തടസ്സത്തെ തുടർന്നു മരിച്ച ഐഐടി ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. 9 പേർ കൂടി മരിച്ചതോടെ ആകെ മരണം 154.

ഡൽഹിയിൽ 1106 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 17387. ഒറ്റദിവസം 82 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും 13 പേർ മാത്രമാണു മരിച്ചതെന്നും 69 മരണങ്ങൾ കഴിഞ്ഞ ഒരു മാസത്തിനിടെ സംഭവിച്ചതാണെന്നും അധികൃതർ. രോഗികളിൽ 80 ശതമാനം പേരും രോഗലക്ഷണങ്ങൾ ഇല്ലാത്തവരോ നേരിയ ലക്ഷണങ്ങളോ മാത്രമുള്ളവർ.

രോഗികളിൽ റെക്കോർഡ് വർധനയുമായി കർണാടക. 248 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 210 പേരും മഹാരാഷ്ട്രയിൽ നിന്നെത്തിയവർ. ആകെ രോഗികൾ 2781. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 48. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ജൂൺ- ഓഗസ്റ്റ് മാസങ്ങൾ വരെയാണ് ഭരണസമിതികളുടെ കാലാവധി.

English Summary: 116 more death in Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com