ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ – ചൈന അതിർത്തിത്തർക്കത്തിന്റെ കേന്ദ്രബിന്ദുവായി പാംഗോങ് ട്സോ തടാകത്തിനോടു ചേർന്നുളള മലനിരകൾ. യഥാർഥ നിയന്ത്രണ രേഖയിലുളള (എൽഎസി) ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽനിന്ന് പിന്നോട്ടു മാറിയെങ്കിലും പാംഗോങ് ട്സോയിലെ മലനിരകളിൽ ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്. സൈനിക ചർച്ചകളിലൂടെ സംഘർഷം ഒഴിവാക്കാൻ ശ്രമം തുടരുമെന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ അറിയിച്ചു.

ചൈനയുടെ യഥാർഥ ലക്ഷ്യം പാംഗോങ് ട്സോയിലെ ആധിപത്യമാണെന്നും ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിലെ കടന്നുകയറ്റവും പിൻമാറ്റവും മുൻനിശ്ചയ പ്രകാരമാണെന്നും ഇന്ത്യ സംശയിക്കുന്നു. രണ്ടിടങ്ങളിൽ നിന്നുള്ള പിന്മാറ്റം സമാധാനത്തിനു വേണ്ടി തങ്ങൾ ചെയ്ത വിട്ടുവീഴ്ചയായി ചിത്രീകരിച്ച്, പാംഗോങ് ട്സോയിൽ വിലപേശൽ നടത്തുകയാണു ചൈനീസ് തന്ത്രം. വരും ദിവസങ്ങളിൽ ബ്രിഗേഡിയർ, മേജർ ജനറൽ തലങ്ങളിലുള്ള അനുരഞ്ജന ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ കഴിഞ്ഞ ദിവസത്തേതു പോലെ ലഫ്. ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ രംഗത്തിറങ്ങിയേക്കും.

തടാകക്കരയിലെ മലനിരകളിലേക്ക് അതിക്രമിച്ചു കയറിയ ചൈനയുടെ നടപടി അംഗീകരിക്കില്ലെന്നും അവർ പിന്മാറും വരെ സേനാ സന്നാഹം ഒഴിവാക്കില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന ചൈനയുടെ ആവശ്യവും ഇന്ത്യ തള്ളി.

ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ നിന്ന് അൽപദൂരം പിന്നോട്ടു മാറിയെങ്കിലും ചൈനീസ് പട്ടാളം വീണ്ടുമെത്താനുള്ള സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ല. അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുള്ള സൈനികർക്കു പിന്തുണ നൽകാൻ പിന്നിൽ ഇരു സേനകളും ടാങ്ക് അടക്കമുള്ള സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഭൂപട പരിഷ്കാരം: നേപ്പാൾ പാർലമെന്റ് ചർച്ച തുടങ്ങി

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവിടങ്ങൾ നേപ്പാളിന്റെ ഭാഗമായി രേഖപ്പെടുത്തി ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതിയിൽ നേപ്പാൾ പാർലമെന്റ് ചർച്ചയാരംഭിച്ചു. പ്രതിപക്ഷവും പിന്തുണച്ചതോടെ ഭേദഗതി പാസാക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നുറപ്പായി.

ഭൂപടം വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതല്ലെന്നും കൃത്രിമമായി ഭൂവിസ്തൃതി വർ‌ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട് തള്ളിയാണു നേപ്പാളിന്റെ നടപടി. ഇന്ത്യൻ പ്രദേശങ്ങൾ സ്വന്തം ഭാഗത്തു രേഖപ്പെടുത്തിയ നേപ്പാളിന്റെ നടപടി ആശങ്കാജനകമാണെന്ന് കോൺഗ്രസ് എംപി: ആനന്ദ് ശർമ പറഞ്ഞു. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ സംഘർഷത്തിൽ അയവു വരുത്താനുള്ള നടപടികൾ ആരംഭിച്ചു. ചില ധാരണകൾ ഉരുത്തിരിഞ്ഞിട്ടുണ്ട്.

∙ ഹുവ ചുൻയിങ് (ചൈനീസ് വിദേശകാര്യ വക്താവ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com