ADVERTISEMENT

ഹൈദരാബാദ് ∙പിതാവിന്റെ ആഗ്രഹം നിറവേറ്റാൻ സൈന്യത്തിൽ ചേർന്ന കേണൽ ബികുമല്ല സന്തോഷ് ബാബു (37) ഒടുവിൽ രാജ്യത്തോടുള്ള ചുമതല നിറവേറ്റി രക്തസാക്ഷിയായി.

തെലങ്കാനയിലെ സൂര്യപ്പെട്ട് സ്വദേശികളാണു സന്തോഷ് ബാബുവിന്റെ കുടുംബം. പിതാവ് ഉപേന്ദറിനു ചെറുപ്പം മുതൽ ഏറ്റവും വലിയ മോഹം സൈനികനാകാനായിരുന്നു. എന്നാൽ, അദ്ദേഹം കേന്ദ്ര സർവീസിൽ ചേർന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നാണു വിരമിച്ചത്. മകനോട് അദ്ദേഹം തനിക്കു സഫലമാകാതെ പോയ മോഹത്തെപ്പറ്റി പറയുമായിരുന്നു. പിതാവിന്റെ അഭിലാഷം യാഥാർഥ്യമാക്കാൻ സന്തോഷ് ബാബു സൈനിക സ്കൂളിൽ ചേർന്നു. പിന്നീട് നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) പ​ഠനം പൂർത്തിയാക്കി.

പരീക്ഷകളിലെല്ലാം നല്ല മാർക്കു വാങ്ങുന്ന മിടുക്കൻ വിദ്യാർഥിയായിട്ടാണു ബന്ധുക്കൾ സന്തോഷിനെ ഓർമിക്കുന്നത്. സൈന്യത്തിലെ സഹപ്രവർത്തകർക്ക് അദ്ദേഹം വീരയോദ്ധാവും. വിദ്യാനഗറിലെ വീട്ടിൽ ഇന്നലെ നിറയെ ബന്ധുക്കളും നാട്ടുകാരും മാധ്യമപ്രവർത്തകരും. കണ്ണീരടക്കി അമ്മ മഞ്ജുള പറയുന്നു: ‘അമ്മയെന്ന നിലയിൽ എനിക്കവനെ നഷ്ടമായെങ്കിലും രാജ്യത്തിനു വേണ്ടിയുള്ള സമർപ്പണത്തിൽ എന്റെ മകനെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. ’ സന്തോഷിന്റെ പിതാവും അതേ വാക്കുകൾ ആവർത്തിക്കുന്നു.

സെക്കന്തരാബാദിലേക്ക് സ്ഥലമാറ്റം ലഭിച്ചിരിക്കെയാണ് ആകസ്മിക വിയോഗം. കുടുംബത്തിലും ജന്മനാട്ടിലും പ്രചോദനമായിരുന്നു 16 ബിഹാർ റെജിമെന്റിലെ കമാൻഡിങ് ഓഫിസറായ സന്തോഷ്. 

സൂര്യപ്പെട്ടിൽ സ്റ്റേഷനറി കട നടത്തുന്ന അമ്മാവൻ നാഗേശ്വര റാവു പറയുന്നു: ‘കഴിഞ്ഞവർഷം അവൻ എന്റെ വീട്ടിൽ വന്നപ്പോൾ, സൈന്യത്തിൽ നിന്നു നേരത്തെ പിരിയാൻ ഞാൻ ഉപദേശിച്ചു. ജോലി ഏറെ ഇഷ്ടമാണെന്നും നേരത്തേ പിരിയുന്നതു ചിന്തിക്കാനാവില്ലെന്നുമാണ് അവൻ പറഞ്ഞത്’.

English Summary: Colonel Santhosh Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com