ADVERTISEMENT

അതിർത്തിയിൽ സേനാംഗങ്ങളുടെ വീരമൃത്യുവിനിടയാക്കിയ സംഭവം ദുഃഖകരമാണ്. ഗൽവാനിൽ തിങ്കളാഴ്ച ഉച്ചവരെ ചർച്ചകൾ നടത്തിയ ശേഷം പിരിഞ്ഞുപോയ സേനകളാണു രാത്രി ഏറ്റുമുട്ടിയത്. 1962 ൽ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായ പ്രദേശമാണിവിടം. അതിനു ശേഷം ഇപ്പോഴാണ് ഇവിടെ ഈ രീതിയിൽ സംഘർഷമുണ്ടാകുന്നത്. ഗൽവാനു സമീപം ഇന്ത്യ റോഡ് നിർമിച്ചതാണ് ഇവിടെ പ്രശ്നമുണ്ടാക്കാൻ ചൈനയെ പ്രകോപിപ്പിച്ചത്.

വീരമൃത്യു വരിച്ച കേണലിന്റെ അതേ റാങ്കിൽ ചൈനീസ് അതിർത്തിയിൽ ഇൻഫൻട്രി ബറ്റാലിയനു മുൻപു നേതൃത്വം നൽകിയ ആളെന്ന നിലയിൽ, ചില കാര്യങ്ങൾ പറയാം:

അതിർത്തിയിൽ ഇരു സേനകളും രാത്രിയിൽ പട്രോളിങ് നടത്താറില്ല. രാത്രിയിൽ ആക്രമണമുണ്ടായത്, അതിർത്തിയിൽ അസാധാരണ സാഹചര്യമുണ്ടായി എന്നതിന്റെ സൂചനയാണ്. കേണലിന്റെ കീഴിൽ ഒരു ഇൻഫൻട്രി ബറ്റാലിയനിൽ 800 – 1000 ജവാൻമാരാണുള്ളത്. 

col-dinny
കേണൽ (റിട്ട) എസ്. ഡിന്നി

സാധാരണ നിലയിൽ അതിർത്തിയിൽ പട്രോളിങ്ങിനു പോവുക കേണലും 9 ജവാൻമാരുമാണ്. സംഘർഷം നിലനിൽക്കുന്നതിനാൽ ഒരുപക്ഷേ, ഗൽവാനിലേക്കു കൂടുതൽ സേനാംഗങ്ങൾ പോയിരിക്കാം.

അതീവ ദുർഘടമേറിയ മലനിരകളാണ് ഇവിടെയുള്ളത്. ആഴമേറിയ ഗർത്തങ്ങൾ അതിരിടുന്ന മലനിരകളിലൂടെ കഷ്ടിച്ച് ഒരു വണ്ടിക്കു നീങ്ങാം. സേനാംഗങ്ങൾ തമ്മിൽ അതിർത്തി തർക്കമുണ്ടാവുമ്പോൾ, ഇരു ഭാഗത്തെയും കമാൻ‍ഡിങ് ഓഫിസർമാരാണു സംസാരിക്കുന്നത്. ഭാഷ മനസ്സിലാകാൻ പരിഭാഷകരും ഒപ്പമുണ്ടാവും.

കേണൽ റാങ്കിലുള്ള ഓഫിസർ സംസാരിക്കുമ്പോൾ ഇരുഭാഗത്തും ജവാൻമാർ മുഖത്തോടു മുഖം നോക്കി നിൽക്കും. അതിൽ ഏതെങ്കിലുമൊരാളുടെ പ്രകോപനപരമായ നോട്ടമോ ആംഗ്യമോ സംഘട്ടനത്തിൽ കലാശിക്കാം. സംഘർഷങ്ങൾ ഒരുപരിധി വരെ കമാൻഡിങ് ഓഫിസർമാർ ഇടപെട്ട് പരിഹരിക്കും. പക്ഷേ, ചിലത് കൈവിട്ടു പോകും. ഇന്നലെയുണ്ടായതും അതാവാം. രാത്രി കൂടിയാകുമ്പോൾ സംഘട്ടനം നിയന്ത്രിക്കാനാവാത്ത രീതിയിലേക്ക് കാര്യങ്ങൾ പോകും.

കമാൻഡിങ് ഓഫിസർ ഹിന്ദിയിലാണു തന്റെ ജവാൻമാരോടു സംസാരിക്കുക. സംഘട്ടനത്തിലേക്കു നീങ്ങിയാൽ മാതൃഭാഷയിൽ മനസ്സിലുള്ളതെല്ലാം വിളിച്ചു പറഞ്ഞാവും സേനാംഗങ്ങൾ ചീറിയടുക്കുക. സേനയിലെ യൂണിറ്റിൽ വർഷങ്ങളായി ഒന്നിച്ചു കഴിയുന്നവരാണ് ജവാൻമാരും ഓഫിസർ റാങ്കിലുള്ള കേണലും. സേനയിൽ ചേർന്നതു മുതൽ ഊണിലും ഉറക്കത്തിലും ഒപ്പമുളളവർ. പരിശീലിക്കുന്നതും കളിക്കുന്നതുമെല്ലാം ഒന്നിച്ച്. അതുകൊണ്ട് തന്നെ അവർക്കിടയിലുള്ള ആത്മബന്ധം വളരെ ദൃഢമാണ്. തങ്ങളിലൊരാൾക്കൊരു പോറൽ സംഭവിച്ചാൽ, പിന്നെ എതിർവശത്ത് നിൽക്കുന്നതാരാണെങ്കിലും സേനാംഗങ്ങൾ പ്രതികരിക്കും. അനുരഞ്ജനത്തിന്റെ ഭാഷയൊന്നും അപ്പോൾ ഫലം കാണില്ല. അതു തന്നെയാവാം ഗൽവാനിലും സംഭവിച്ചത്.

(കിഴക്കൻ ലഡാക്കിലെ ഇൻഫൻട്രി ബറ്റാലിയൻ മുൻ കമാൻഡിങ് ഓഫിസർ)

English Summary: Conflict during night; situation alarming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com