ADVERTISEMENT

ന്യൂഡൽഹി ∙ പട്ടിണി കിടക്കുമ്പോഴും കിലോമീറ്ററുകൾ നടക്കുമ്പോഴും അതിഥിത്തൊഴിലാളി അറിഞ്ഞില്ല തങ്ങളുടെ 52,000 കോടി സർക്കാരുകൾ പിടിച്ചു വച്ചിരുന്നെന്ന്. സംസ്ഥാനങ്ങൾ അതിഥിത്തൊഴിലാളികളിൽ നിന്നു പിരിച്ച 52,000 കോടി രൂപയുടെ സെസ് നിധി കൈവശം വച്ചിട്ടാണു തൊഴിൽ നഷ്ടമായ തൊഴിലാളികളെ സർക്കാരുകൾ ദുരിതത്തിലേക്കു തള്ളിവിട്ടത്. കേരളം മാത്രമാണ് രാജ്യത്തെ 29 സംസ്ഥാനങ്ങളിൽ ഇതുവരെ സെസ് പിരിച്ചതിനെക്കാൾ തുക തൊഴിലാളികൾക്കായി ചെലവഴിച്ചത്. കഴിഞ്ഞ വർഷം വരെ കേരളം 1942 കോടി പിരിച്ചുവെങ്കിൽ 2341 കോടി രൂപ ചെലവഴിച്ചു.

കോവിഡ് കാരണം രാജ്യം ലോക്ഡൗണിലേക്ക് നീങ്ങിയപ്പോൾ രാജ്യത്ത് തൊഴിൽ നഷ്ടപ്പെട്ട വലിയൊരു വിഭാഗം തൊഴിലാളികൾ കൺസ്ട്രക്‌ഷൻ മേഖലയിലും കെട്ടിട നിർമാണ മേഖലയിലും പ്രവർത്തിക്കുന്നവരാണ്. പല സംസ്ഥാനത്തും ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നവർ അതിഥി തൊഴിലാളികളുമാണ്. അവർ തൊഴിലും പണവുമില്ലാതെ കഷ്ടപ്പെടുകയും പലരും നാട്ടിലേക്ക് നടന്നു പോവുകയും ചെയ്തപ്പോൾ എല്ലാ സംസ്ഥാനങ്ങളും നേരത്തേ അവരിൽനിന്ന് പിരിച്ച 52000 കോടി രൂപയുടെ സെസ് നിധി കൈവശം വച്ചിരിക്കയായിരുന്നു. ഒടുവിൽ കേന്ദ്രസർക്കാർ ഇടപെട്ടപ്പോഴാണ് ചില സംസ്ഥാനങ്ങളെങ്കിലും ഈ തൊഴിലാളികൾക്ക് പ്രതിമാസം സഹായം നൽകാൻ തീരുമാനിച്ചത്.

രാജ്യത്ത് മൂന്നു കോടി 90 ലക്ഷം തൊഴിലാളികളാണ് ഈ മേഖലയിലുള്ളത്– കൃത്യമായി 3, 92, 17369. ഇത് റജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണമാണ്. ഇവരിൽനിന്ന് ബിൽഡിങ് ആൻഡ് കൺസ്ട്രക്‌ഷൻ സെസ് ഫണ്ട് പിരിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ ക്ഷേമ ബോർഡിലേക്കാണ് ഈ തുക പോകുന്നത്. സംസ്ഥാനങ്ങളുടെ സൗകര്യം അനുസരിച്ച് ഒരു ശതമാനമോ രണ്ടു ശതമാനമോ ആണ് സെസ് പിരിക്കുക. രണ്ടിൽ കൂടരുത്.

കേരളം മാത്രമാണ് ഇതുവരെ സെസ് പിരിച്ചതിനേക്കാൾ തുക ഈ തൊഴിലാളികൾക്കായി ചെലവഴിച്ചത്. ലോക്ഡൗൺ വന്നപ്പോൾ കേരളം ഈ മേഖലയിലെ റജിസ്റ്റർ ചെയ്ത എല്ലാ തൊഴിലാളികൾക്കും പ്രതിമാസം 1000 രൂപ വീതം സഹായം പ്രഖ്യാപിച്ചു. കേരളത്തിന്റെ സെസ് നിധിയിൽ 946 കോടി രൂപ ഉണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. കേരളത്തേക്കാൾ സഹായം പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമുണ്ട്. ഡൽഹിയാണ് മുന്നിൽ– 5000 രൂപയാണ് കേജ്‌രിവാൾ സർക്കാർ നൽകുന്നത്. പഞ്ചാബ് 3000 രൂപയും ഹിമാചൽ പ്രദേശ് 2000 രൂപയും നൽകുന്നു. ആന്ധ്ര പ്രദേശും കേരളത്തെപ്പോലെ 1000 രൂപ നൽകുന്നു.

എന്നാൽ പല സംസ്ഥാനങ്ങളും ഒന്നും നൽകുന്നില്ല എന്നതാണ് സ്ഥിതി. കോവിഡ് തുടങ്ങുന്നതിനു മുമ്പ് ഈ സെസ് ഫണ്ട് വേണ്ടത്ര വിനിയോഗിക്കാത്തതിനെക്കുറിച്ച് തൊഴിലാളി യൂണിയനുകൾ പലപ്പോഴും പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ലോക്സഭയിൽ കേന്ദ്ര തൊഴിൽ മന്ത്രി
സന്തോഷ് ഗാങ്‌വാർ നൽകിയ കണക്കു പ്രകാരം 49674 കോടി രൂപ സെസ് നിധിയിൽ ഉള്ളപ്പോൾ ചെലവഴിച്ചത് 19379 കോടി മാത്രമായിരുന്നു.

സെസ് നിധി ചെലവഴിക്കാത്തതു സംബന്ധിച്ച് സി എ ജി ഒാഡിറ്റ് നടത്തണമെന്ന് വിവിധ യൂണിയനുകൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ തുക ചെലവഴിച്ച് തൊഴിലാളികളെ സഹായിക്കാൻ കേന്ദ്ര തൊഴിൽമന്ത്രി എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും കത്തെഴുതുകയും ചെയ്തു.

സെസ് നിധിയും ചെലവഴിച്ച തുകയും

ബംഗാൾ–1475 കോടി ( ചെലവാക്കിയത് 531 കോടി) യുപി –2943 (598), തമിഴ്നാട് –1706 (600), ആന്ധ്രപ്രദേശ്–2375 (519), അസം –875 (189), ബിഹാർ–1608 (229), ഛത്തീസ്ഗഡ് –1134 (949), ഗുജറാത്ത്–2098 (197), ഹരിയാന –2463 (606), കർണാടക –5071 (4520), മധ്യപ്രദേശ്–2706 (1455), മഹാരാഷ്ട്ര–7402 (403), ഒഡീഷ –1831 (1418), ജാർഖണ്ഡ്–445 (237), ഗോവ –147 (ഒരു കോടി) , ജമ്മു–കശ്മീർ– 712 (302), മണിപ്പുർ–89 (74), മിസോറം–85 (40), മേഘാലയ–132 (3 കോടി ), നാഗാലാൻഡ്– 43 (13).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com