ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുള്ള സൈനികർക്ക് ആയോധനകലയിൽ ചൈനയുടെ പരിശീലനം; തോക്ക് ഉപയോഗിക്കാതെ എതിരാളിയെ കീഴ്പ്പെടുത്തുന്നതിൽ വൈദഗ്ധ്യമുള്ള ഘാതക് കമാൻഡോകളെ സംഘർഷബാധിത മേഖലകളിൽ നിയോഗിച്ച് ഇന്ത്യ. കിഴക്കൻ ലഡാക്ക് അതിർത്തിയിലുടനീളം മിസൈൽ, യുദ്ധവിമാന സന്നാഹങ്ങൾ അണിനിരത്തിയതിനു പുറമേയാണ്, പതിവുവിട്ട യുദ്ധമുറകൾക്കും ഇരു സേനകളും തയാറെടുക്കുന്നത്. അതിർത്തിയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. 

ആയോധനകലയിൽ പ്രത്യേക പരിശീലനം നൽകാനുള്ള സംഘത്തെ ടിബറ്റിലെത്തിച്ചതായി മേഖല ഡപ്യൂട്ടി കമാൻഡർ ലഫ്. ജനറൽ വാങ് ഹയ്ജിയാങ്ങിനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് െചയ്തു. ഗൽവാൻ താഴ്‍വരയിൽ ഇരു സേനകളും ഏറ്റുമുട്ടിയതിന്റെ തലേന്നാണു പരിശീലന സംഘത്തെ അതിർത്തിയിലെത്തിച്ചത്. ദ്രുതഗതിയിലുള്ള പ്രതികരണങ്ങൾക്കു സൈനികരെ സജ്ജരാക്കാൻ ആയോധനകല ഉപകരിക്കുമെന്നും ഹയ്ജിയാങ് പറഞ്ഞു. 

ഇതിനു പ്രതിരോധം തീർക്കാനാണു കമാൻഡോ സംഘത്തെ ഇന്ത്യ രംഗത്തിറക്കിയിരിക്കുന്നത്. സംഘർഷം മൂർധന്യാവസ്ഥയിലുള്ള പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ, ഗൽവാൻ, ഡെപ്സാങ് എന്നിവിടങ്ങളിൽ സേനാംഗങ്ങൾക്കൊപ്പം കമാൻ‍‍ഡോകളും നിലയുറപ്പിച്ചിട്ടുണ്ട്. അതിർത്തിയിലെ വിവിധ സേനാ ബറ്റാലിയനുകൾക്കു കീഴിലുള്ള പ്ലറ്റൂണുകളിലെ കമാൻഡോ സംഘമാണിത്. 

അതിർത്തിയിൽ തോക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണു ധാരണയെങ്കിലും ചൈനയുടെ ഭാഗത്തു നിന്ന് ഇനിയും അതിക്രമം ഉണ്ടായാൽ ഏത് ആയുധവുമുപയോഗിക്കാൻ ഇന്ത്യൻ സേനയ്ക്കു പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. 

അടിയന്തര ഘട്ടങ്ങളിലാണു തോക്ക് ഉപയോഗിക്കുകയെന്നും അതിർത്തിയിൽ പതിവുള്ള കയ്യാങ്കളിയിൽ എതിരാളിയെ ഉശിരോടെ നേരിടാനാണ് സൈനികർക്കു തുണയായി കമാൻഡോകളെ എത്തിച്ചതെന്നും സേനാ വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു. 

ചൈനീസ് ഉപകരണങ്ങൾക്ക് ‘വൈറസ്’ പരിശോധന

ന്യൂഡൽഹി ∙ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഊർജ ഉപകരണങ്ങൾക്ക് കർശന പരിശോധന ഏർ‌പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ആർ.കെ. സിങ്. സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായി സോളർ മൊഡ്യൂളുകൾക്ക് ഓഗസ്റ്റ് 1 മുതൽ 25 ശതമാനവും സോളർ സെല്ലുകൾക്ക് 15 ശതമാനവും ഇറക്കുമതി ചുങ്കം ചുമത്തും.‌ ഊർജ മേഖലയിൽ ഉപയോഗിക്കുന്ന ചൈനീസ് ഉൽപന്നങ്ങളിൽ മാൽവെയർ, ട്രോജൻ വൈറസ് എന്നിവയുടെ സാന്നിധ്യം പരിശോധിക്കുന്നതോടൊപ്പം ഗുണനിലവാരം ഉറപ്പുവരുത്തുകയുമാണു ലക്ഷ്യം. 

തന്ത്രപ്രധാന മേഖല എന്ന നിലയ്ക്ക് ഊർജമേഖലയെ ശത്രുരാജ്യങ്ങളുടെ വിധ്വംസക പ്രവർത്തനങ്ങളിൽ നിന്നു സംരക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഈ രാജ്യങ്ങളിൽ നിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ മുൻകൂട്ടി സർക്കാരിന്റെ അനുമതി വാങ്ങണം. ഊർജമേഖലയിലെ ഉപകരണങ്ങളിൽ ദൂരെയിരുന്ന് നിയന്ത്രിക്കാവുന്ന മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യാനാകുമെന്നു റിപ്പോർട്ടുകളുണ്ട്. ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ കർശന പരിശോധനയുണ്ടാകുമെന്നും ആർ.കെ. സിങ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com