ഇന്ധനവില കൂട്ടി കൊള്ളയടി: സോണിയ

INDIA-POLITICS-ELECTIONS-VOTE
SHARE

ന്യൂഡൽഹി ∙ കോവിഡ് കാലത്ത് ജനം ബുദ്ധിമുട്ടുമ്പോൾ ഇന്ധന വിലയും എക്സൈസ് തീരുവയും തുടർച്ചയായി വർധിപ്പിച്ചു കൊള്ളലാഭമുണ്ടാക്കാനാണു കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ധന വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പങ്കുവച്ച വിഡിയോ സന്ദേശത്തിലാണു സോണിയ കേന്ദ്രത്തെ വിമർശിച്ചത്.

രാജ്യാന്തര എണ്ണ വില കുറയുമ്പോഴാണ്, ഇന്ത്യയിൽ കഴിഞ്ഞ 3 മാസത്തിനിടെ 22 തവണ വില കൂട്ടിയത്. രാജ്യാന്തര വിലക്കുറവിന്റെ ഗുണം ജനങ്ങൾക്കു കൈമാറാൻ 2014നു ശേഷം മോദി സർക്കാർ തയാറായിട്ടില്ല. ഇക്കാലയളവിൽ തീരുവ വർധിപ്പിച്ച് 18 ലക്ഷം കോടി രൂപ സർക്കാർ ജനങ്ങളിൽനിന്ന് ഈടാക്കി. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു സർക്കാർ പിന്തുണ നൽകേണ്ട സമയമാണിതെന്നും ഇന്ധന വിലയിലും എക്സൈസ് തീരുവയിലുമുള്ള വർധന പിൻവലിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

തുടർച്ചയായി ഇന്ധന വില ഉയർത്തി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വില കുറയ്ക്കുന്നതിനു സർക്കാരിനു മേൽ സമ്മർദം ചെലുത്താൻ ജനം ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന പിസിസികളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണകൾ സംഘടിപ്പിച്ചു. ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പാർലമെന്റിലേക്കു സൈക്കിൾ യാത്ര നടത്തി. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ് ഡൽഹിയിൽ കാളവണ്ടിയിൽ സഞ്ചരിച്ചു പ്രതിഷേധിച്ചു.

ഇന്ധനവില വർധന  ഇരുട്ടടി: മുല്ലപ്പള്ളി

തിരുവനന്തപുരം ∙ കോവിഡ് കാലത്തു വരുമാനം നഷ്ടമായ സാധാരണ ജനങ്ങൾക്കുള്ള ഇരുട്ടടിയാണ് ഇന്ധന വില വർധനയെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ധന വില വർധനയ്ക്ക് എതിരെ കെപിസിസി ആഹ്വാനം ചെയ്ത ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം പിഎംജി ഓഫിസിനു മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡീസൽ വില ചരിത്രത്തിലാദ്യമായാണു പെട്രോൾ വിലയെക്കാൾ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രൂഡോയിൽ വില കുറയുമ്പോൾ നികുതി ഉയർത്തി കൊള്ള നടത്തുകയാണ് കേന്ദ്ര സർക്കാരെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. . പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയെക്കാൾ രണ്ടിരട്ടിയാണ് കേന്ദ്ര-സംസ്ഥാന സർക്കാർ നികുതിയിനത്തിൽ കൈക്കലാക്കുന്നതെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഇന്ധന വിലവർധനയിൽ രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെടുന്ന നിവേദനം കലക്ടർമാർക്കു നൽകി.

English summary: Congress protest against fuel price hike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA