ഇന്ന് ഇന്ത്യ– ചൈന കമാൻഡർ തല ചർച്ച

india-china-soldiers
SHARE

ന്യൂഡൽഹി ∙ അതിർത്തിത്തർക്കം പരിഹരിക്കാൻ ഇന്ത്യയുടെയും ചൈനയുടെയും സേനാ കമാൻഡർമാർ ഇന്നു വീണ്ടും ചർച്ച നടത്തും. ലഡാക്കിലെ ലേ ആസ്ഥാനമായുള്ള 14 കോർ മേധാവി ലഫ്. ജനറൽ ഹരീന്ദർ സിങ്ങും ദക്ഷിണ ഷിൻജിയാങ് മേഖല കമാൻഡർ മേജർ ജനറൽ ലിയു ലിന്നും 10.30ന് അതിർത്തിയിൽ ഇന്ത്യൻ ഭാഗത്തുള്ള ചുഷൂലിലാകും കൂടിക്കാഴ്ച നടത്തുക.

സംഘർഷം തുടങ്ങിയ ശേഷം ആദ്യമായാണ് ഉന്നത സേനാതല ചർച്ച ഇന്ത്യൻ ഭാഗത്തു നടക്കുന്നത്. ഈ മാസം 6, 22 തീയതികളിലെ ചർച്ചകൾ ചൈനയിലെ മോൾഡോയിലായിരുന്നു. സേനാ സന്നാഹം പിൻവലിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ 2 ചർച്ചകളിലെയും വാക്ക് ചൈന പാലിച്ചിട്ടില്ലെന്നു സേനാ വൃത്തങ്ങൾ ‘മനോരമ’യോടു വ്യക്തമാക്കി.

കിഴക്കൻ ലഡാക്കിലെ 7 സ്ഥലങ്ങളിലാണു സംഘർഷം തുടരുന്നത്. ഇതിൽ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലെ കടന്നുകയറ്റമാണ് ഏറ്റവും രൂക്ഷം. ഇന്ത്യൻ ഭാഗത്തുള്ള പാംഗോങ്ങിൽ 8 കിലോമീറ്ററും കഴിഞ്ഞ 15ന് ഏറ്റുമുട്ടലുണ്ടായ ഗൽവാനിൽ 400 മീറ്ററുമാണ് ചൈനീസ് സേന അതിക്രമിച്ചു കയറിയിരിക്കുന്നത്.

തയ്‌വാൻ അതിർത്തിയിൽ മുന്നറിയിപ്പുമായി യുഎസ്

തയ്‌വാനിൽ കടന്നുകയറ്റ നീക്കം നടത്തുന്ന ചൈനയ്ക്കു മുന്നറിയിപ്പുമായി യുഎസ് സേനാ വിമാനങ്ങൾ. തെക്ക് പടിഞ്ഞാറൻ തയ്‌വാനിലെ വ്യോമാതിർത്തിയിൽ ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ചൈനയുടെയും യുഎസിന്റെയും സേനാ വിമാനങ്ങൾ നിരീക്ഷണപ്പറക്കൽ നടത്തി.

നിർമാണം: കൂടുതൽ തുക അനുവദിച്ച് കേന്ദ്രം

ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ അതിർത്തി മേഖലകളിൽ റോഡ് അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ 1691 കോടി രൂപ കൂടി അനുവദിച്ചു. പാക്കിസ്ഥാനും ചൈനയുമായാണു ജമ്മു കശ്മീരിന് അതിർത്തിയുള്ളത്. ചൈന, നേപ്പാൾ എന്നിവയുമായി ഉത്തരാഖണ്ഡ് അതിർത്തി പങ്കിടുന്നു. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ നിർത്തണമെന്നാണു ൈചനയുടെ ആവശ്യം.

English summary: India-China border issue discussion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA