പ്രതികൾക്കെതിരെ വനിതാ പൊലീസിന്റെ മൊഴി; ലാത്തിയിലും മേശയിലും ചോരക്കറ പുരണ്ടു

jayaraj-bennix-thoothukudi-murder
SHARE

ചെന്നൈ∙തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലക്കേസിൽ പൊലീസുകാരെ പ്രതികളാക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു മദ്രാസ് ഹൈ‌‌ക്കോടതി  മധുരബെഞ്ച്. കസ്റ്റഡിയിൽ കൊല്ലപ്പെട്ട ജയരാജ്, മകൻ ബെനിക്സ് എ‌ന്നിവരുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടും വനിതാ ‌കോൺസ്റ്റബിളിന്റെ മൊഴിയും പരിശോധിച്ചാണു കോടതി ‌നിരീക്ഷണം.

ലോക്ഡൗൺ ലംഘിച്ചു മൊബൈൽഫോൺ കട തുറന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ‌രാത്രി ജയരാജനെയും ബെനി‌ക്സിനെയും പൊ‌ലീസുകാർ ലാത്തി കൊണ്ട് ക്രൂരമായി മർദിച്ചതായാണ് സാത്താൻകുളം സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളിന്റെ മൊഴി. ലാത്തിയിലും മേശയിലും ചോരക്കറ ‌പുരണ്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണി വകവയ്ക്കാതെയാണ് പൊലീസുകാരി സഹപ്രവർത്തകർക്കെതിരെ മൊഴി നൽകിയത്. സിബിഐ കേസ് ഏറ്റെടുക്കുന്നതുവരെ സിബിസിഐഡി അന്വേഷണം നടത്തും. 

അതിനിടെ, ആരോപണ ‌വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിക്കുന്നെന്ന ആരോപണം നേരിട്ട തൂത്തുക്കുടി എസ്പി: അരുൺ ബാലഗോപാലനെ മാറ്റി. ഇദ്ദേഹത്തിന് മറ്റു പദവികളൊന്നും നൽകിയിട്ടില്ല. അന്വേഷണത്തിനെത്തിയ കോവിൽപെട്ടി മജിസ്ട്രേട്ടിനോട് മോശമായി പെരുമാറിയ തൂത്തുക്കുടി എസിപി: ഡി.കുമാർ, ഡിഎസ്പി: സി.പ്രതാപൻ എന്നിവരുടെയും കസേര തെറിച്ചു. ഇതേ ആരോപണം നേരി‌ട്ട ‌കോൺസ്റ്റബിൾ മഹാജനെ സസ്പെൻഡ് ചെ‌‌യ്തു. 

കേസിൽ പൊ‌ലീസിന് അനുകൂലമായി റിപ്പോർട്ട് എഴുതിയ മെഡിക്കൽ ഓഫിസർ  ഡോ.വെനില രണ്ടാഴ്ചത്തെ അവധിയിൽ പോയി. ഹൈക്കോടതി നി‌ർദേശപ്രകാരം സാത്താൻകുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ ‌ഉദ്യോഗസ്ഥർ ഏറ്റെടുത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA