ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിനു പുറമേ അരുണാചൽ അതിർത്തിക്കു സമീപവും സേനാ സന്നാഹം ശക്തമാക്കി ചൈന. അതിർത്തിയോടു ചേർന്നുള്ള തവാങ്, വലോങ് എന്നിവിടങ്ങളിൽ ചൈന നടത്തുന്ന നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവയെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സേനാ വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു.

യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) കിഴക്കൻ സെക്ടർ എന്നറിയപ്പെടുന്ന ഇവിടെ സേനാതലത്തിൽ ഇന്ത്യയ്ക്കാണു കരുത്ത് കൂടുതൽ. ഇന്ത്യയുടെ സേനാ പോസ്റ്റുകളിൽ ഭൂരിഭാഗവും ഉയർന്ന പ്രദേശങ്ങളിലാണ്.

അരുണാചലിൽ മക്‌മഹോൻ രേഖ കടന്ന് സുബാൻസിരി നദിയുടെ തീരത്തേക്കു ചൈന അതിക്രമിച്ചു കയറിയതായി സംസ്ഥാനത്തെ ബിജെപി എംപി: തപിർ ഗാവോ അടുത്തിടെ പറഞ്ഞിരുന്നു.

അസമിലെ തേസ്പുരിലുള്ള 4 കോർ, നാഗാലാൻഡിലെ ദിമാപുർ ആസ്ഥാനമായുള്ള 3 കോർ എന്നിവയ്ക്കാണ് അരുണാചൽ അതിർത്തിയുടെ സുരക്ഷാ ചുമതല. ഇവയ്ക്കു കീഴിലുള്ള വിവിധ പർവത ഡിവിഷനുകളിലെ സൈനികരാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. ചൈനീസ് നീക്കത്തിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ സെക്ടറിൽ അതിർത്തിയോടു ചേർന്നുള്ള വ്യോമതാവളങ്ങളിലും ജാഗ്രതാ സന്ദേശം നൽകിയിട്ടുണ്ട്. തേസ്പുർ, ഛാബുവ താവളങ്ങളിൽ സുഖോയ് 30 യുദ്ധവിമാനവും മോഹൻബാരിയിൽ ചിനൂക് ഹെലികോപ്റ്ററും സജ്ജമാക്കിയിട്ടുണ്ട്. മേഘാലയയിലെ ഷില്ലോങ് കേന്ദ്രീകരിച്ചുള്ള കിഴക്കൻ വ്യോമ കമാൻഡിനാണു വ്യോമസുരക്ഷാ ചുമതല.

സിക്കിം അതിർത്തിയിലുള്ള ദോക് ലായ്ക്കു സമീപവും ചൈന സൈനികവിന്യാസം ശക്തമാക്കുന്നുണ്ടെന്നാണു വിവരം. 2017 ൽ 71 നാൾ നീണ്ട സംഘർഷമുണ്ടായത് ഇവിടെയാണ്. ബംഗാളിലെ സിലിഗുഡി ആസ്ഥാനമായുള്ള 33 കോർ നിതാന്ത ജാഗ്രതയിലാണ്. 

അതിർത്തിയിൽ ഒരേസമയം പലയിടത്തു നീക്കങ്ങൾ നടത്തി ഇന്ത്യയെ സമ്മർദത്തിലാക്കുകയാണു ചൈനയുടെ ലക്ഷ്യമെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com