ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിരോധ മാതൃക തീർത്ത നഗരങ്ങളിലും വിള്ളൽ വീഴ്ത്തി കോവിഡ്. പിടിച്ചു നിൽക്കുന്നതു രാജസ്ഥാനിലെ ഭിൽവാഡ മാത്രം. രോഗത്തിന്റെ പിടിയിലകപ്പെട്ട ആദ്യ നഗരങ്ങളിലൊന്നായ ആഗ്രയിലടക്കം, കേന്ദ്ര ആരോഗ്യമന്ത്രാലയം മാതൃകയെന്നു വിശേഷിപ്പിച്ച നഗരങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ:

ആഗ്ര

കേരളത്തിനു പിന്നാലെ രണ്ടാംവരവിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലൊന്ന്. തുടക്കത്തിലെ ഭീതിയെ എളുപ്പം പിടിച്ചുകെട്ടിയതോടെ ‘ആഗ്ര മോഡൽ’ കേന്ദ്രം തന്നെ മറ്റു സംസ്ഥാനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. ആകെ 1214 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെങ്കിലും മരണനിരക്ക് മുംബൈ, ഡൽഹി തുടങ്ങിയ മഹാനഗരങ്ങളെക്കാൾ കൂടുതലാണ്– 7.14%. യുപിയിലെ ആകെ മരണത്തിന്റെ 12% (87 പേർ) ആഗ്രയിലാണ്.

ബെംഗളൂരു

ജൂൺ 15 വരെ 732 കേസുകൾ മാത്രമുണ്ടായിരുന്ന ഇവിടെ ആകെ കേസുകൾ 4052 ആയി. മരണം 91. മൂവായിരത്തിൽപരം പുതിയ കേസുകൾ. 1.3 കോടി ജനസംഖ്യയുള്ള ബെംഗളൂരുവിൽ സ്ഥിതി ഗുരുതരമെന്നാണു വിലയിരുത്തൽ. 534 പേർ മാത്രമാണ് രോഗമുക്തരായത്.

ജയ്പുർ, ഇൻഡോർ

ഒരു ഘട്ടത്തിൽ കോവിഡ് കാര്യമായി വർധിക്കുകയും പിന്നീട് സ്ഥിതി ഭേദമാക്കുകയും ചെയ്ത നഗരങ്ങളുടെ പട്ടികയിലാണു രണ്ടും. പുതിയ കേസുകളുടെ എണ്ണം രണ്ടിടത്തും കുറവാണെന്ന ആശ്വാസമുണ്ട്. പക്ഷേ, മരണനിരക്കു പ്രശ്നമാണ്. രാജസ്ഥാനിലെ 38.38% മരണവും ജയ്പുരിലാണ്. മധ്യപ്രദേശിലെ 40% മരണവും 34% കോവിഡ് കേസുകളും ഇൻഡോറിലാണ്.

 ‘ഫൈനടിച്ച്’ ഭിൽവാഡ

കർശന നിയന്ത്രണ നടപടികളുമായി പിടിച്ചു നിൽക്കുകയാണു രാജസ്ഥാനിലെ ഭിൽവാഡ. രോഗവ്യാപനത്തിന്റെ തുടക്കം മുതൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഇവിടെ കോവിഡ് മാനദണ്ഡം ലംഘിച്ചു വിവാഹാഘോഷത്തിൽ പങ്കെടുത്ത കുടുംബത്തിനെതിരെ കേസെടുക്കുകയും 6.26 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. 

ഈ വിവാഹപാർട്ടിയോടെ ഭിൽവാഡയിലും ഭീഷണി തുടങ്ങി. വിവാഹ ചടങ്ങിൽ പങ്കെടുത്ത 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികൾ 252. മരണം 5.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com