ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിൽ സംഘർഷം മൂർധന്യത്തിലുള്ള പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ സേനാ പിൻമാറ്റത്തിന് ഉപാധി വച്ച് ചൈന. ഉപാധിയുടെ മറവിൽ കൂടുതൽ കടന്നുകയറ്റത്തിനു ചൈന ശ്രമിച്ചേക്കാമെന്ന സംശയത്തിൽ, അതീവ ജാഗ്രത തുടർന്ന് ഇന്ത്യൻ സേന. അതിർത്തിത്തർക്കം പരിഹരിക്കാൻ ഇന്ത്യൻ ഭാഗത്തുള്ള ചുഷൂലിൽ ഉന്നത സേനാ കമാൻഡർമാർ ഇന്നലെ കൂടിക്കാഴ്ച നടത്തിയെങ്കിലും സേനകളുടെ പൂർണ പിൻമാറ്റത്തിന് ഇനിയും സമയമെടുക്കുമെന്ന സൂചനകളാണു പുറത്തുവരുന്നത്.

ഇന്ത്യയുടെ ലഫ്. ജനറൽ ഹരീന്ദർ സിങ്, ചൈനയുടെ മേജർ ജനറൽ ലിയു ലിൻ എന്നിവർ തമ്മിലുള്ള കൂടിക്കാഴ്ചയിലെ വിശദാംശങ്ങൾ സംബന്ധിച്ച് ഇരു സേനകളും ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പാംഗോങ്ങിൽ ആധിപത്യമുറപ്പിക്കാനുള്ള വിചിത്ര ആവശ്യങ്ങളാണു ചൈന ഉന്നയിക്കുന്നതെന്നും സംഘർഷം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണിതെന്നും സേനാ വൃത്തങ്ങൾ ‘മനോരമ’യോടു പറഞ്ഞു.

നിലവിൽ ഇരുസേനകളും മുഖാമുഖം നിൽക്കുന്ന നാലാം മലനിരയിൽ (ഫിംഗർ 4) നിന്ന് 5 കിലോമീറ്റർ പിന്നിലുള്ള രണ്ടിലേക്ക് (ഫിംഗർ 2) ഇന്ത്യൻ സേന പിന്മാറിയാൽ, തങ്ങളും ആനുപാതികമായി പിന്മാമെന്നാണു (നാലിൽ നിന്ന് ആറിലേക്ക്) ചൈനയുടെ വാഗ്ദാനം. എന്നാൽ, ഒന്നു മുതൽ 8 വരെയുള്ള മലനിരകൾ തങ്ങളുടേതാണെന്നും ചൈനീസ് സേന അതിനപ്പുറത്തേക്കു മാറി അതിർത്തിയിലെ പൂർവ സ്ഥിതി പുനഃസ്ഥാപിക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് ഇന്ത്യ.

മുൻപു നടന്ന ചർച്ചയിൽ ഗൽവാനിൽ നിന്ന് ഇരുസേനകളും സമാന രീതിയിൽ ഏതാനും കിലോമീറ്റർ പിന്നോട്ടു മാറാൻ ധാരണയിലെത്തിയിരുന്നു. ഇന്ത്യ പിന്മാറിയപ്പോൾ, ധാരണ ലംഘിച്ചു ചൈന അവിടെ തുടർന്നതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഈ സാഹചര്യത്തിൽ ചൈനയുടെ വാഗ്ദാനങ്ങൾ ഇന്ത്യ വിശ്വസിക്കുന്നില്ല. ഇതിനിടെ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറും ഫോൺ സംഭാഷണം നടത്തി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും തമ്മിലുള്ള രണ്ടാമത്തെ ചർച്ചയായിരുന്നു ഇത്.

പാംഗോങ് മലനിരയിൽ ചൈനയുടെ ‘ഭൂപട ചിത്രം’

പാംഗോങ് മലനിരകളിൽ 8 കിലോമീറ്ററോളം അതിക്രമിച്ചു കയറി, നാലാം മലനിരയിൽ നിലയുറപ്പിച്ച ചൈനീസ് സേന അവിടെ ചൈനയുടെ ഭൂപടവുമായി സാമ്യമുള്ള ചിത്രം വരച്ചു ചേർത്തതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്. പ്രദേശത്ത് ചൈനീസ് സേന സ്ഥാപിച്ച സന്നാഹങ്ങൾക്കു സമീപമാണ് 81 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള ചിത്രം. ദൃശ്യം ഭൂപടത്തിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും ഇതിനു മുൻപ് അവിടെ അത്തരത്തിലൊരു ചിത്രം ഉണ്ടായിരുന്നില്ലെന്നും സേനാ വൃത്തങ്ങൾ വ്യക്തമാക്കി.

പാക്ക്, ഇന്ത്യ എംബസി ഉദ്യോഗസ്ഥർ മടങ്ങി

അമൃത്‌സർ (പഞ്ചാബ്) ∙ ന്യൂ‍ഡൽഹിയിലെ പാക്ക് എംബസിയിലെ 143 ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അട്ടാരി– വാഗാ അതിർത്തി വഴി പാക്കിസ്ഥാനിലേക്കു പോയി. പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്യുന്ന 38 ജീവനക്കാരും അതിർത്തി വഴി തിരിച്ചെത്തി. പാക്ക് എംബസി ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സമാനമായി പാക്കിസ്ഥാനിലെ ഇന്ത്യൻ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ചാരവൃത്തി ആരോപിച്ച് ഇന്ത്യയും പാക്കിസ്ഥാനും എംബസി ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ മാസം നടപടികളെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com