ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കു കൊള്ളനിരക്ക്. കമ്പനികൾ മരുന്നുകൾക്കും തീവിലയിട്ടതോടെ ദുരിതത്തിലാണു രോഗികൾ.

മരുന്നുകൾ ഏത്?

കേരളത്തിൽ അതതു രോഗലക്ഷണങ്ങൾക്കുള്ള മരുന്നുകളും ചില ആന്റിവൈറൽ മരുന്നുകളുമാണു നൽകുന്നത്. ചികിത്സ പൂർണമായും സർക്കാർ ആശുപത്രിയിലായതിനാൽ രോഗിക്ക് ആശങ്കപ്പെടേണ്ടതില്ല. എന്നാൽ, സ്ഥിതി രൂക്ഷമായ നഗരങ്ങളിൽ, ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തിട്ടുള്ള ബദൽ മരുന്നുകൾ പലതും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കോവിഡിന് മരുന്നു കണ്ടുപിടിക്കാത്ത സാഹചര്യത്തിലാണു മന്ത്രാലയം ബദൽ മരുന്നുകൾ നിർദേശിച്ചിട്ടുള്ളത്.

എബോളയ്ക്കെതിരെ പ്രയോഗിച്ച റെംഡെസിവർ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളിൽ ഉപയോഗിക്കാം. ആശുപത്രിവാസം കുറയ്ക്കുമെന്നല്ലാതെ ഇതുകൊണ്ടു കാര്യമായ നേട്ടമില്ലെന്നാണ് വിദഗ്ധ പക്ഷം. മറ്റൊരു മരുന്നായ ഫാവിപിരാവിറും ഇന്ത്യ ഉപയോഗിക്കുന്നു.

ഹൈഡ്രോക്സി ക്ലോറോക്വീൻ രോഗത്തിന്റെ ആരംഭഘട്ടത്തിലുള്ളവർക്കാണു നൽകുന്നത്. പ്രതിരോധശേഷി കൂട്ടി ശ്വാസകോശ രോഗബാധയുടെ ഗുരുതരാവസ്ഥ കുറയ്ക്കുന്ന ടോസിലിസുമാബും ഉപയോഗിക്കാം. ഡെക്സമെത്തസോൺ, മീഥേൽപ്രഡ്നിസലോണും ഉപയോഗത്തിലുണ്ട്.

കുതിക്കുന്ന വില

റെംഡെസിവിർ നിർമാണത്തിനും വിപണനത്തിനും നിലവിൽ 2 ഇന്ത്യൻ കമ്പനികൾക്കാണ് അനുമതി; ഹൈദരാബാദിലെ ഹെറ്റിറോയ്ക്കും സിപ്ലയ്ക്കും. ഹെറ്റിറോ ഒരു ഡോസിന് 5400 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇതു പ്രകാരം ഒരു രോഗിക്ക് ഈ മരുന്നിന് മാത്രം 32,000 രൂപയോളം വരും ചെലവ്. 5000 രൂപയിൽ താഴെ വിലയ്ക്ക് മരുന്ന് എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സിപ്ല വില പ്രഖ്യാപിച്ചിട്ടില്ല. ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് നിർമിക്കുന്ന ഫാവിപിരാവിറിനും വില ചെറുതല്ല. നിർദേശിച്ചിരിക്കുന്ന ഡോസനുസരിച്ചു 15 ദിവസങ്ങളിലായി 130 ഗുളിക വേണം. ഒരെണ്ണത്തിന് വില 103 രൂപ. ആകെ 13,390 രൂപ.

സൈഡസ് കാഡില, ഇപ്ക അടക്കം ഒട്ടേറെ കമ്പനികൾ നിർമിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വീൻ ഗുളികകൾക്കു താരതമ്യേന വില കുറവാണ്. പത്തു ഗുളികൾക്കു 68 രൂപയാണ് വില. ഡെക്സമെത്തസോണും ചെലവു കുറവാണ്; നിലവിൽ 10 രൂപയാണ് ഒരു ഡെസ്കമെത്തസോൺ ഇഞ്ചക്ഷന്.

‘പൂർണാരോഗ്യത്തോടെ’ ആരോഗ്യസേതു

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ആരോഗ്യസേതു മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനം പുനരാരംഭിച്ചു. ചൊവ്വാഴ്ച രാത്രി 10നു പ്രവർത്തനം നിലച്ച ആപ്പിലെ പ്രശ്നം മണിക്കൂറുകൾക്കുള്ളിൽ പരിഹരിച്ചതായി അധികൃതർ അറിയിച്ചു.

ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിനു പിന്നാലെ ആരോഗ്യസേതു പ്രവർത്തനം തടസ്സപ്പെട്ടതു സൈബർ ആക്രമണം മൂലമാണെന്ന അഭ്യൂഹങ്ങൾ അധികൃതർ തള്ളി.

കോവിഡ് നിയമലംഘനം: പിഴ പൊലീസിന് പിരിക്കാം

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധ നിർദേശങ്ങൾ അനുസരിക്കാത്തവരിൽനിന്നു പൊലീസിനു നേരിട്ടു പിഴ ഈടാക്കാൻ ഓർഡിനൻസിൽ ഭേദഗതി. കേരള പൊതുജനാരോഗ്യ പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസ് ഭേദഗതി ചെയ്യുന്നതിനു മന്ത്രിസഭ അനുമതി നൽകി. ഇപ്പോൾ പകർച്ചവ്യാധി നിയമലംഘനങ്ങൾക്കെതിരെ കേസെടുത്തു കോടതിക്കു കൈമാറുക മാത്രമാണു പൊലീസ് ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com