ADVERTISEMENT

ന്യൂഡൽഹി ∙  ഇന്ത്യയെ ലക്ഷ്യമിട്ട് ഭൂട്ടാനെതിരെ അതിർത്തിത്തർക്കത്തിനു തുടക്കമിട്ട് ചൈന. കിഴക്കൻ ഭൂട്ടാന്റെ ഭാഗമായ സാക്തങ് വന്യജീവി സങ്കേതത്തിനു മേൽ അവകാശവാദമുന്നയിച്ചു ചൈന രംഗത്തുവന്നു. ഭൂട്ടാനുമായി മുൻപുണ്ടായിരുന്ന അതിർത്തി പ്രശ്നങ്ങളിൽ ചൈന ഒരിക്കൽപോലും തർക്കമുന്നയിക്കാത്ത പ്രദേശമാണിത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കിഴക്ക്, മധ്യ, പടിഞ്ഞാറൻ അതിർത്തി മേഖലകളിൽ ദീർഘകാലമായി തർക്കങ്ങളുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മധ്യ, പടിഞ്ഞാറൻ അതിർത്തികളിൽ മുൻപും തർക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഭൂട്ടാന്റെ കിഴക്കൻ മേഖലയിൽ ചൈന അവകാശവാദമുന്നയിക്കുന്നത് ഇതാദ്യം. രാജ്യാന്തര പരിസ്ഥിതി സംഘടന (ജിഇഎഫ്) സാക്തങ് വന്യജീവി സങ്കേതത്തിനു നൽകുന്ന ഫണ്ട് തടസ്സപ്പെടുത്താനും ചൈന ശ്രമിച്ചു. പ്രദേശം തർക്കമേഖലയാണെന്നു വാദിച്ചായിരുന്നു ഇത്. ത്രശിഗങ് ജില്ലയിലുൾപ്പെട്ട സാക്തങ് തങ്ങളുടെ അവിഭാജ്യ ഘടകമാണെന്നു ഭൂട്ടാൻ വ്യക്തമാക്കി.

 സാക്തങ് എന്ന മുക്കവല

ഇന്ത്യ – ചൈന – ഭൂട്ടാൻ അതിർത്തികൾ ചേരുന്ന മുക്കവലയാണ് സാക്തങ് ഉൾപ്പെട്ട ഭൂട്ടാന്റെ കിഴക്കൻ പ്രദേശം. അരുണാചലിലെ വെസ്റ്റ് കാമെങ് ജില്ലയോടു ചേർന്ന പ്രദേശമായ ഇവിടെ അവകാശവാദമുന്നയിക്കുന്നതിലൂടെ അരുണാചൽ അതിർത്തി ഉന്നമിട്ടുള്ള നീക്കമാണു ചൈന നടത്തുന്നത്. 

സാക്തങ് പ്രശ്നം തങ്ങളും ഭൂട്ടാനും തമ്മിലാണെന്നും അതിൽ മൂന്നാമതൊരു രാജ്യം ഇടപെടേണ്ടെന്നും ചൈന കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ഇന്ത്യയെ ഉദ്ദേശിച്ചാണ്. 

3 രാജ്യങ്ങളും ചേരുന്നയിടത്തുള്ള ദോക്‌ലായിൽ 2017ൽ ചൈന കടന്നുകയറ്റത്തിനു ശ്രമിച്ചപ്പോൾ ഭൂട്ടാനു പിന്തുണയുമായി ഇന്ത്യ രംഗത്തുവന്നിരുന്നു. ഭൂട്ടാൻ പാർലമെന്റിലെ രേഖകൾ പ്രകാരം 1984 – 2016 കാലഘട്ടത്തിൽ ഭൂട്ടാനും ചൈനയും തമ്മിൽ അതിർത്തി വിഷയങ്ങളിൽ 24 തവണ ചർച്ച നടന്നു. സാക്തങ് ഉൾപ്പെടുന്ന കിഴക്കൻ മേഖല ഒരു തവണ പോലും ചർച്ചയായിട്ടില്ല. 1962നു ശേഷം ഒരിക്കൽ പോലും തർക്കമുണ്ടായിട്ടില്ലാത്ത ലഡാക്കിലെ ഗൽവാൻ താഴ്‍വര പൂർണമായും തങ്ങളുടേതാണെന്ന ചൈനീസ് വാദത്തിനു സമാനമാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com