ADVERTISEMENT

മുംബൈ,ചെന്നൈ, ബെംഗളൂരു ∙ മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനത്തോത് ഉയർന്നു തന്നെ നിൽക്കുന്നതിനിടെ, 3,520 കിടക്കകളുമായി മുംബൈയിൽ പുതിയ കോവിഡ് ചികിൽസാ കേന്ദ്രങ്ങൾ തുറന്നു.  ചികിൽസാ സൗകര്യം കൂടിയതോടെ കേരളത്തിൽ നിന്ന് ഡോക്ടർമാർ ഉൾപ്പടെ കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ സേവനം അഭ്യർഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, പിണറായി വിജയനു കത്തെഴുതി. കേരളത്തിന്റെ 70 അംഗ സംഘം ഒരു മാസത്തിലേറെയായി മുംബൈയിലുണ്ട്. അവരിൽ ചിലർ മടങ്ങുന്ന സാഹചര്യത്തിലാണു കത്ത്. 

മഹാരാഷ്ട്രയിൽ 2,17,121 കോവിഡ് രോഗികളിൽ 1,18,558 പേർ സുഖം പ്രാപിച്ചു. പുതിയ രോഗികൾ: 5,134. ഇന്നലെ മരണം 224. ഇതോടെ മൊത്തം മരണം 9,250 ആയി.  

തമിഴ്നാട്ടിൽ രോഗ വ്യാപനം തീവ്രമായതിനു ശേഷം ആദ്യമായി ഒറ്റ ദിനം രോഗം സ്ഥീരീകരിച്ചവരേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടി. കേരളത്തിൽ നിന്നെത്തിയ 9 പേരടക്കം ഇന്നലെ 3,616 പേർക്കു രോഗം കണ്ടെത്തിയപ്പോൾ 4,545 പേർ സുഖംപ്രാപിച്ചു. ആകെ രോഗികൾ 1,18,594. ഇതിൽ 71,116 പേർ ആശുപത്രി വിട്ടു. 65 പേർ മരിച്ചതോടെ ആകെ മരണം 16,36. നാല് ദിവസത്തിനിടെ കേരളത്തിൽ നിന്നെത്തിയ 56 പേർക്കാണു കോവിഡ് കണ്ടെത്തിയത്.

അതേസമയം, കോവിഡ് ഭീതിയും ജോലി നഷ്ടവും കാരണം കഴിഞ്ഞ രണ്ടു മാസത്തിനിടെ തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു മടങ്ങിയത് 1.10 ലക്ഷം മലയാളികളാണ്. അതിനിടെ, ഡിഎംകെ നേതാവ് സംഘടിപ്പിച്ച പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതിനു ശേഷം കോവിഡ് സ്ഥിരീകരിച്ച ബ്ലോക് ഡവലപ്മെന്റ് ഓഫിസർ മരിച്ചു. 

കർണാടകയിൽ 1,498 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതർ 26,815. ഇന്നലെ 15 മരണം കൂടി: ആകെ മരണം 416. അതിനിടെ, കോവിഡ് സ്ഥീരികരിച്ച എംപിയും നടിയുമായ സുമലത മാസ്ക് ധരിക്കാതെയാണു കഴിഞ്ഞദിവസത്തെ കർഷക സംഗമത്തിൽ പങ്കെടുത്തതെന്ന് പരാതി. ഇതോടെ, പരിപാടിയിൽ പങ്കെടുത്ത മന്ത്രിമാരുൾപ്പെടെ നിരീക്ഷണത്തിൽ. 

ബിഹാർ മുഖ്യമന്ത്രിയുടെ ബന്ധുവിന് കോവിഡ്

പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ഔദ്യോഗിക വസതിയിൽ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ബന്ധുവിന് കോവിഡ്. ഇവരെ ആശുപത്രിയിലാക്കി. മുഖ്യമന്ത്രിയുടെ വസതി അണുവിമുക്തമാക്കി. ഇവിടെയുണ്ടായിരുന്ന എല്ലാവരുടെയും സാംപിൾ പരിശോധനയ്ക്ക് അയച്ചു.

ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ടിങ് ചെയർമാൻ അവധേഷ് നാരായൺ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കിലും അതു നെഗറ്റീവ് ആണെന്നു കണ്ടെത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com