ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ മൂന്നിടങ്ങളിൽ ഇരുസേനകളും പിന്മാറ്റം ആരംഭിച്ചെങ്കിലും അതീവ ജാഗ്രത തുടർന്ന് ഇന്ത്യൻ സേന. അതിർത്തിയിലുടനീളം രാപ്പകൽ നിരീക്ഷണത്തിനു ഡ്രോൺ, യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിക്കുന്നു. സംഘർഷമൊഴിവാക്കുന്നതിന്റെ ഭാഗമായി ഒന്നര കിലോമീറ്റർ വീതം പിന്നോട്ടു മാറിയ സ്ഥലത്ത് ഇന്ത്യ, ചൈന സേനകൾ തൽക്കാലം പട്രോളിങ് നിർത്തിവച്ചതിനു പിന്നാലെയാണിത്. സേനകൾ മുഖാമുഖം വരുന്നത് ഒഴിവാക്കാനാണു പട്രോളിങ് നിർത്തിയത്.

ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറിയ സ്ഥലത്തുനിന്നു പിന്നോട്ടു മാറിയതു കണക്കിലെടുക്കുമ്പോൾ, അതിർത്തിയോടു കൂടുതൽ അടുത്താണ് ചൈനീസ് സേന ഇപ്പോഴുള്ളത്. ഇന്ത്യൻ പ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റർ കൂടി പിന്നോട്ടു മാറിയ കരസേന, ചൈനീസ് സേനയെ അപേക്ഷിച്ച് അതിർത്തിയിൽ നിന്ന് അൽപം ദൂരെയാണ്.

ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ ഇന്ത്യൻ ഭാഗത്തുനിന്നു ചൈന പൂർണമായി പിന്മാറി. ഗോഗ്ര ഹൈറ്റ്സിലെ പിൻമാറ്റം ഇന്നു നടക്കും. പാംഗോങ് തടാകക്കരയിൽ നാലാം മലനിരയിൽ (ഫിംഗർ 4) ചൈനീസ് സേന ഇന്നലെ ഏതാനും ടെന്റുകൾ നീക്കിയെങ്കിലും സംഘർഷത്തിന് അയവില്ല.

ചൈനയെ വിശ്വസിക്കാനാകില്ലെന്നും വീണ്ടും കടന്നുകയറ്റത്തിനുള്ള സാധ്യത തള്ളാനാകില്ലെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു. രാത്രിക്കാഴ്ചയ്ക്കുള്ള അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കിയ അപ്പാച്ചി ഹെലികോപ്റ്ററുകൾ അതിർത്തിയിൽ നിരീക്ഷണപ്പറക്കൽ നടത്തി. മിഗ് 29 യുദ്ധവിമാനങ്ങളും രാത്രിനിരീക്ഷണത്തിനു രംഗത്തുണ്ട്.

പാഠമായി  1962

1962 ൽ ഗൽവാനിൽ നിന്നു പിന്മാറിയ ചൈനീസ് സേന പിന്നീടു യുദ്ധത്തിനു വന്നതിന്റെ അനുഭവമുള്ളതിനാൽ, നിലവിലെ പിന്മാറ്റം ശാശ്വത സമാധാന നടപടിയായി കരസേന കാണുന്നില്ല. 1962 ജൂലൈ 14നു ഗൽവാനിൽ നിന്ന് 200 മീറ്റർ പിന്മാറിയ ചൈന ഒക്ടോബർ 20ന് ഇന്ത്യയുമായി യുദ്ധം ആരംഭിക്കുകയായിരുന്നു.

അന്ന് ഇന്ത്യയ്ക്കു പ്രതിരോധം തീർത്ത സേനാസംഘത്തെ നയിച്ച മേജർ ഹസബ്നിസിനെ തടവിലാക്കിയ ചൈന, 7 മാസത്തിനു ശേഷമാണു വിട്ടയച്ചത്. ഹസബ്നിസിന്റെ മകൻ ലഫ്. ജനറൽ എസ്.എസ്. ഹസബ്നിസ് ഇപ്പോൾ കരസേനയുടെ പ്ലാനിങ്, സിസ്റ്റംസ് വിഭാഗം സഹമേധാവിയാണ്.

3 ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി 

ന്യൂഡൽഹി∙ ചൈനീസ് അതിർത്തിയിലെ സംഘർഷങ്ങളുടെ പേരിൽ കേന്ദ്ര സർക്കാരിനോടു ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. അതിർത്തി വിഷയത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു 3 ചോദ്യങ്ങൾ രാഹുൽ ട്വിറ്ററിൽ കുറിച്ചത്. 

‘സംഘർഷമുണ്ടാകുന്നതിനു മുൻപുള്ള സ്ഥിതി അതിർത്തിയിൽ പുനഃസ്ഥാപിക്കുന്ന കാര്യം എന്തുകൊണ്ട് ഉന്നയിച്ചില്ല? 20 ഇന്ത്യൻ ജവാൻമാരുടെ വീരമൃത്യുവിനിടയാക്കിയ നടപടി ന്യായീകരിക്കാൻ ചൈനയെ അനുവദിച്ചത് എന്തുകൊണ്ട്? ഗൽവാൻ താഴ്‍വരയിലെ പരമാധികാരത്തെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ട്?’ – രാഹുൽ ചോദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com