ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തിയിൽ നിന്ന് സൈനിക പിന്മാറ്റമുണ്ടായാലും വ്യാപാര മേഖലയിൽ ഇന്ത്യ– ചൈന സംഘർഷം തുടരുമെന്നതാണ് സ്ഥിതി. വ്യാപാര ബന്ധത്തിലെ അലോസരം കൂടി വ്യക്തമാക്കുന്നതായിരുന്നു അതിർത്തിയിൽ ചൈനയുടെ നടപടികളെന്നും വിലയിരുത്തലുണ്ട്. 

കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിനുശേഷം ചൈന പുറത്തിറക്കിയ പ്രസ്താവനയിലെ ഒരു പരാമർശം ശ്രദ്ധേയമായിരുന്നു: പൊതുജനാഭിപ്രായം ശരിയായ ദിശയിൽ കൊണ്ടുപോകാൻ ഇന്ത്യയും യോജിച്ചു പ്രവർത്തിക്കണം. ഭരണകക്ഷി പിന്തുണയോടെ ഇപ്പോൾ ഇന്ത്യയിൽ വ്യാപാര, നിക്ഷേപ മേഖലയിൽ രൂപപ്പെടുത്തുന്ന ചൈനാവിരുദ്ധ വികാരത്തെ ലോക വ്യാപാര സംഘടനയിലൂടെ (ഡബ്ല്യുടിഒ) നേരിടുമെന്നും ചൈന പറയുന്നു.

നിലവിലെ സ്ഥിതി 2 രാജ്യങ്ങൾക്കും പ്രശ്നമെന്ന് വിലയിരുത്താനാവും. ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾ ഇന്ത്യ ഒഴിവാക്കുകയോ അവയ്ക്കു കടുത്ത നിയന്ത്രണങ്ങൾ വയ്ക്കുകയോ ചെയ്താൽ അത് ഡബ്ല്യുടിഒയിൽ വിഷയമാക്കാൻ ചൈനയ്ക്കു സാധിക്കില്ല. കാരണം, നിക്ഷേപങ്ങൾ ഇപ്പോഴും ഡബ്ല്യുടിഒയുടെ പരിധിയിൽ വരുന്ന വിഷയമല്ല. 

ഉൽപന്ന മേഖലയിൽ ഇറക്കുമതിക്ക് ഉയർന്ന ചുങ്കം ചുമത്തി ചൈനയെ പ്രതിസന്ധിയിലാക്കാൻ ഇന്ത്യയ്ക്കു സാധിക്കും. അപ്പോഴും, ഉയർന്ന ചുങ്കമെന്നത് അനുവദനീയ പരിധിയിൽ കൂടുതലല്ലെങ്കിൽ അതും ഉന്നയിച്ചതുകൊണ്ടു കാര്യമില്ല. വിവിധ ഉൽപന്നങ്ങൾക്ക് പരമാവധി 25– 40% വരെ ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താൻ ഇന്ത്യയ്ക്കു സാധിക്കും.

നിലവിൽ ശരാശരി 13% ആണ് ഇന്ത്യ ഏർപ്പെടുത്തുന്നത്. എന്നാൽ, ചൈനയിൽനിന്നുള്ള ഇറക്കുമതിക്കു മാത്രമായി ചുങ്കമുയർത്താനാവില്ല. ചുങ്കം ഉയർത്തുന്നത് മറ്റു രാജ്യങ്ങളെയും ബാധിക്കും. ചൈനയുടേതിനു പകരമായി ആഭ്യന്തര വിപണിയിൽ ഉൽപന്നങ്ങളില്ലെങ്കിൽ ഉപയോക്താക്കൾ പ്രതിസന്ധിയിലാവുമെന്ന പ്രശ്നവുമുണ്ട്.

ഉൽപന്നങ്ങൾക്ക് നിശ്ചിത ഗുണനിലവാരം പോലെയുള്ള ചുങ്ക ഇതര വ്യവസ്ഥകളാണ് ഇന്ത്യയ്ക്കു പരിഗണിക്കാവുന്ന വഴി. പക്ഷേ, അത്തരം വ്യവസ്ഥകൾ ഏർപ്പെടുത്തുമ്പോൾ കൃത്യമായ കാരണം വ്യക്തമാക്കേണ്ടതുണ്ട്. ഒപ്പം, ഇന്ത്യയിലെ ഉൽപന്നത്തിനും അതേ നിലവാര വ്യവസ്ഥകൾ ബാധമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com