ADVERTISEMENT

മുംബൈ, ചെന്നൈ, ബെംഗളൂരു ∙ കോവിഡ് മരണങ്ങളിൽ ചൈനയെ മറികടന്ന് മുംബൈ. ചൈനയിൽ 4634 പേർ മരിച്ചപ്പോൾ മുംബൈ കോർപറേഷൻ മേഖലയിൽ മരണം 5,000 പിന്നിട്ടു. 4,000ൽ നിന്ന് 5000ൽ എത്തിയത് വെറും 13 ദിവസം കൊണ്ട്. 6603 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികൾ 2,23,724. ഇന്നലെ 198 പേർ കൂടി മരിച്ചതോടെ ആകെ മരണം 9448. മുംബൈയുടെ സമീപ മേഖലയായ കല്യാൺ-ഡോംബിവ്‍ലി കോർപറേഷനിൽ രോഗികളുടെ എണ്ണം 10,000 കടന്നു. മുംബൈയിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും ഡോക്ടറുടെ കുറിപ്പില്ലാതെ സ്വകാര്യ ലാബുകളിൽ രോഗ പരിശോധനയ്ക്ക് അനുമതി. 

പുണെ മേഖലയിലെ എംഎൽഎയും മുൻ മേയറുമായ  ബിജെപി നേതാവ്് മുക്ത തിലകിനു രോഗം സ്ഥിരീകരിച്ചു. ഇപ്പോഴത്തെ മേയർ മുരളീധർ മോഹോളിന് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. പുണെയിൽ കണ്ടെയ്ൻമെന്റ് സോൺ ആയ ഗ്രാമത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ട ദമ്പതികൾ വിഷം കഴിച്ചതിനെത്തുടുർന്ന് ഭാര്യ മരിച്ചു. ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. സംസ്ഥാനത്ത്  278 പൊലീസ് സേനാംഗങ്ങൾക്കു കൂടി കോവിഡ്. 

തമിഴ്നാട്ടിൽ രണ്ടാമതൊരു മന്ത്രിക്കു കൂടി കോവിഡ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമിക്കൊപ്പം സെക്രട്ടേറിയറ്റിൽ പൊതുചടങ്ങിൽ  വേദി പങ്കിട്ട വൈദ്യുതി മന്ത്രി പി.തങ്കമണിക്കാണു രോഗം. ഇതോടെ, 2 മന്ത്രിമാരുൾപ്പെടെ 10 എംഎൽഎമാർക്കു രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ തുടർച്ചയായ നാലാം ദിവസവും  പ്രതിദിന രോഗികളുടെ എണ്ണം 2000-ത്തിൽ താഴെയെത്തി. ഇന്നലെ 1261 പേർക്കു രോഗം കണ്ടെത്തിയതോടെ ആകെ രോഗികൾ 72, 500. കേരളത്തിൽ നിന്നെത്തിയ 4 പേർ ഉൾപ്പെടെ സംസ്ഥാനത്തെ പുതിയ രോഗികൾ 3756. ആകെ രോഗബാധിതർ 1,22,350. മധുര, കന്യാകുമാരി എന്നിവിടങ്ങളിൽ രോഗ വ്യാപനം തുടരുന്നു. മധുരയിൽ 379 പേർക്കു രോഗം കണ്ടെത്തിയതോടെ ആകെ രോഗികൾ 5000 കടന്നു. 64 പേർ കൂടി മരിച്ചതോടെ തമിഴ്നാട്ടിലെ ആകെ മരണം 1700. ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ പുതുച്ചേരി രാജ്‌ഭവൻ രണ്ടു ദിവസത്തേക്ക് അടച്ചു.  

2062 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കർണാടകയിൽ കോവിഡ് ബാധിതർ 28, 877. പ്രതിദിന രോഗികളിൽ ഇതുവരെയുള്ള ഉയർന്ന സംഖ്യയാണിത്. 54 പേർ കൂടി മരിച്ചതോടെ ആകെ മരണം 470. ബെംഗളൂരുവിൽ കണ്ടെയ്ൻമെന്റ് സോണുകൾ 3181 ആയി ഉയർന്നു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റ‍ഡിൽ (എച്ച്എഎൽ) ഒരു മാസത്തിനിടെ 12 ജീവനക്കാർക്കു കോവിഡ്. 

ഇന്ത്യയിൽ രോഗമുക്തി നിരക്ക് 61.53

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 61.53% ആയി. കോവിഡ് മുക്തരുടെ എണ്ണം ചികിത്സയിലുള്ളവരെക്കാൾ 1,91,886 അധികമായി. നിലവിൽ 2.64 ലക്ഷം പേരാണു ചികിത്സയിലുള്ളത്. ചൊവ്വാഴ്ച മാത്രം 2.62 ലക്ഷം സാംപിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനയും വർധിച്ചു. ഇന്നലെ മാത്രം പരിശോധിച്ചത് 53,000 പേരെ. രാജ്യത്താകെ 1119 ലാബുകളിൽ കോവിഡ് പരിശോധനയ്ക്കു സൗകര്യമുണ്ടെന്ന് ഐസിഎംആർ അറിയിച്ചു.

English Summary: Covid Maharashtra update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com