ADVERTISEMENT

മുംബൈ, ചെന്നൈ, ബെംഗളൂരു∙ മഹാരാഷ്ട്രയിൽ ഈ മാസം 9 ദിവസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 1812 പേർ. 219 പേർ കൂടി മരിച്ചതോടെ ആകെ മരണം 9667. പുതുതായി 6875 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 2,30,599 ആയി. ഇതിൽ 1,27,259 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളത് 93,652 പേർ. 

മുംബൈയുടെ സമീപ കോർപറേഷൻ മേഖലകൾ ഉൾപ്പെടുന്ന മെട്രോപ്പൊലിറ്റൻ റീജനിൽ ചികിത്സയിലുള്ള രോഗികൾ 15 ദിവസത്തിനിടെ ഇരട്ടിയായി. മലയാളികൾ ഏറെയുള്ള കല്യാൺ-ഡോംബിവ്‍ലി മേഖലയിൽ രോഗികൾ പതിനായിരം കടന്നു. 50 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കാൻ അനുമതി. 

രണ്ടാഴ്ചത്തെ കർശന ലോക്ഡൗൺ ഫലം കണ്ടതിന്റെ സൂചനയായി ചെന്നൈ നഗരത്തിൽ രോഗ വ്യാപനത്തിന്റെ തീവ്രത കുറയുന്നു. തുടർച്ചയായ ആറാം ദിവസവും ഒറ്റ ദിനം റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 2000-ത്തിൽ താഴെ. രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന സമയം 12 ൽ നിന്നു 25 ആയി.

സംസ്ഥാനത്ത് ഒറ്റ ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 4000 കടന്നു. 4231 പേർക്കു കൂടി രോഗം കണ്ടെത്തിയതോടെ ആകെ രോഗികൾ 1,26,581. ഇതിൽ 73,728 പേർ ചെന്നൈയിൽ. 65 പേർ കൂടി മരിച്ചതോടെ ആകെ മരണം1765. രാജ്ഭവൻ ജീവനക്കാരനു രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ പരിശോധനയ്ക്കു വിധേയയായ പുതുച്ചേരി ലഫ്.ഗവർണർ കിരൺ ബേദിയുടെ ഫലം നെഗറ്റീവ്. 

2228 പേർക്കു കൂടി സ്ഥിരീകരിച്ചതോടെ കർണാടകയിൽ കോവിഡ് ബാധിതർ 31,105. ഇന്നലെ 17 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണം 486. ബെംഗളൂരുവിൽ രോഗികൾ 13,882. നഗരത്തിലെ 2 പ്രമുഖ മാർക്കറ്റുകൾ 31 വരെ തുറക്കേണ്ടെന്ന് തീരുമാനം. ബെംഗളൂരു കോർപറേഷനിലെ 198 വാർഡിലും കണ്ടെയ്ൻമെന്റ് സോണുകൾ.

മഹിളാ  കോൺഗ്രസ്  പ്രസിഡന്റിന് കോവിഡ്

ന്യൂഡൽഹി∙ മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റും കോൺഗ്രസ് വക്താവുമായ സുഷ്മിത ദേവിനു കോവിഡ് സ്ഥിരീകരിച്ചു. തനിക്കു രോഗലക്ഷണങ്ങളൊന്നുമില്ലെന്നു സുഷ്മിത പറഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ കോവിഡ് ബാധിക്കുന്ന മൂന്നാമത്തെയാളാണു സുഷ്മിത. അഭിഷേക് സിങ്‌വി, സഞ്ജയ് ഝാ എന്നിവർക്കു നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോഗമുക്തരായി.

വ്യാപനം അറിയാൻ വീണ്ടും സർവേ 

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ, വീണ്ടും സർവേയ്ക്ക് ഒരുങ്ങി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ). നേരത്തെ നടത്തിയ സർവേയുടെ വിശദാംശങ്ങൾ പുറത്തുവിടും മുൻപാണിത്. ഏപ്രിലിൽ 60 ജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ സർവേയിൽ 73% പേർക്ക് രോഗം വന്നുപോയതായി സ്ഥിരീകരിച്ചിരുന്നു.

അവ കൂടി റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ എണ്ണം പല മടങ്ങ് വർധിക്കുമായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും വിശദാംശം പുറത്തുവിടാൻ ഐസിഎംആർ തയാറായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com