ADVERTISEMENT

ന്യൂഡൽഹി ∙ പ്രാദേശികമായി ചിലയിടത്തു കോവിഡ് വ്യാപനം ഉണ്ടായിരിക്കാമെങ്കിലും രാജ്യത്തു സമൂഹവ്യാപനമില്ലെന്ന് ആരോഗ്യമന്ത്രാലയം. ജനസംഖ്യയിൽ രണ്ടാമതായ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു മികച്ച നിലയിലാണ് കോവിഡിനെ പിടിച്ചുകെട്ടിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

സമീപകാലത്തു കോവിഡുമായി ബന്ധപ്പെട്ടുയർന്ന ആശങ്കകൾക്കും വിവാദങ്ങൾക്കും ആരോഗ്യമന്ത്രാലയം ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി രാജേഷ് ഭൂഷൺ മറുപടി നൽകി.

∙ വായുവിലൂടെ പകരുമോ? ‌

കാര്യത്തിൽ അനുദിനം മാറിമറിയുകയാണ്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമാണ് തുടർനടപടികൾ തീരുമാനിക്കുന്നത്. വലിയ ആൾക്കൂട്ടത്തിൽ വായുവിലൂടെ പകരാനുള്ള സാധ്യത അവർ തള്ളിക്കളഞ്ഞിട്ടില്ല. അതെന്തു തന്നെയായാലും അകലം കർശനമായി പാലിക്കണം.

∙ വാക്സിൻ വിവാദം

സുരക്ഷിതത്വം ഉറപ്പാക്കി തന്നെ ക്ലിനിക്കൽ ട്രയൽ വേഗത്തിലാക്കാൻ വേണ്ടിയുള്ളതായിരുന്നു ഐസിഎംആറിന്റെ കത്ത്. പ്രധാനമന്ത്രിക്കു പ്രഖ്യാപനം നടത്താനാണോയെന്ന ചോദ്യത്തിന്, ആ കത്തിലില്ലാത്ത കാര്യങ്ങൾ വ്യാഖ്യാനിക്കേണ്ടെന്നായിരുന്നു പ്രതികരണം.

മരിച്ചവരിൽ 32% മധ്യവയസ്കർ

ന്യൂഡ‍ൽഹി ∙ രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ചവരിൽ 32% മധ്യവയസ്കർ. 45നും 59നും ഇടയിൽ പ്രായമുള്ള 32% ആണ് രോഗബാധിതരായി മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

മരിച്ച പകുതിയിലധികം (53%) പേരും 60 വയസ്സിനു മുകളിലുള്ളവരാണ്. 60– 74 വിഭാഗത്തിൽ 39%, 75 നു മുകളിൽ 14% എന്നിങ്ങനെയാണ് മരണം. അതേസമയം, ഇന്ത്യൻ ജനസംഖ്യയിൽ ഏറ്റവുമധികമുള്ള (35%) കുട്ടികളിൽ (14 വയസ്സിനു താഴെ) മരണം 1% ആണ്. 15നും 29നും ഇടയിൽ പ്രായമുള്ള 3% പേർ മരിച്ചു.

മറ്റു ചില കണക്കുകൾ ഇങ്ങനെ:

∙ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ 8 സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 90% രോഗികളും. അതിൽ 49 ജില്ലകളിലാണ് 80% രോഗികൾ. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്‌നാട്, ഉത്തർപ്രദേശ്, ബംഗാൾ എന്നീ 6 സംസ്ഥാനങ്ങളിലാണ് 86% മരണം. 80% മരണവും 32 ജില്ലകളിൽ. 

∙ രോഗം രൂക്ഷമായി ബാധിച്ച 5 രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ, ഓരോ 10 ലക്ഷം പേരിലും 538 പേർക്കാണ് ഇന്ത്യയിൽ രോഗം സ്ഥിരീകരിക്കുന്നത്. മരിക്കുന്നത് 15 പേരും. ആഗോള ശരാശരി യഥാക്രമം 1453ഉം 68.7ഉം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com