ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ കാൻപുരിൽ 8 പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയും ഗുണ്ടാനേതാവുമായ വികാസ് ദുബെ ഫരീദാബാദിലെത്തിയിരുന്നതായി വിവരം. ഹരിയാന – ഡൽഹി അതിർത്തി പ്രദേശത്തെ ഹോട്ടലിൽ ഉണ്ടെന്നു വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ മുങ്ങി. ഇതിനിടെ ദുബെയുടെ അടുത്ത കൂട്ടാളി അടക്കം 3 ഗുണ്ടകൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 10 പേർ അറസ്റ്റിലായി. ദുബെ ഉടൻ കീഴടങ്ങിയേക്കുമെന്നും സൂചനയുണ്ട്. 

ഫരീദാബാദിലെ ഒരു ഹോട്ടലിലെത്തിയ വികാസ് ദുബെയോടു ജീവനക്കാർ തിരിച്ചറിയൽ കാർഡ് ചോദിച്ചതോടെ അവിടെനിന്നു കടന്നു. മാസ്ക് ധരിച്ചു ഹോട്ടലിൽ നിൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഗുണ്ടാത്തലവനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ പിടിയിലായി. 

ഇന്നലെ പുലർച്ചെ ലക്നൗവിൽനിന്നു 150 കിലോമീറ്റർ അകലെ ഹിമർപുർ ജില്ലയിലെ മൗധഹയിൽ നടന്ന ഏറ്റുമുട്ടലിലാണു വികാസിന്റെ അടുത്ത കൂട്ടാളി അമർ ദുബെ കൊല്ലപ്പെട്ടത്. ഒളിത്താവളത്തിലെത്തിയ സ്പെഷൽ ടാസ്ക് ഫോഴ്സുമായി(എസ്‍ടിഎഫ്) ഗുണ്ടാസംഘം ഏറ്റുമുട്ടുകയായിരുന്നു. രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. 

ചൊവ്വാഴ്ച രാത്രി ഛുബയ്പുരിൽ നടന്ന രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകൾക്കൊടുവിലാണു വികാസ് ദുബെയുടെ മറ്റൊരു പ്രധാന കൂട്ടാളി ശ്യാംജി ബാജ്പേയ് ഉൾപ്പെടെ 6 പേർ പിടിയിലായത്. 

ഗുണ്ടാസംഘത്തിനു ഒത്താശ ചെയ്തെന്ന ആക്ഷേപം ശക്തമായതോടെ ഛുബെയ്പുർ പൊലീസ് സ്റ്റേഷനിലെ 63 ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. സ്റ്റേഷൻ ഓഫിസർ വിനയ് തിവാരി ഉൾപ്പെടെ 3 പേരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. 

ഇതിനിടെ ദുബെയെ ബിജ്‌നോറിൽ ഒരു കാറിൽ കണ്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകലൽ, കവർച്ച, കലാപമുണ്ടാക്കൽ തുടങ്ങി അറുപതോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. 

English Summary: Three goons killed in police encounter in Uttar Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com