ADVERTISEMENT

ന്യൂഡൽഹി∙ രാജ്യസുരക്ഷ കണക്കിലെടുത്ത് 89 സമൂഹമാധ്യമ സൈറ്റുകളുടെ ഉപയോഗത്തിൽ നിന്നു കരസേനാംഗങ്ങളെ വിലക്കി സേനാ നേതൃത്വം. സൈറ്റുകളിൽ സ്വന്തം പേരിലുള്ള അക്കൗണ്ടുകൾ സേനാംഗങ്ങൾ ഉപേക്ഷിക്കണം. മൊബൈൽ ഫോണിലുള്ള ഇവയുടെ ആപ്ലിക്കേഷനുകളും ഈ മാസം 15ന് അകം നീക്കണം. ചൈനീസ് നിക്ഷേപമുള്ള ഡെയ്‌ലി ഹണ്ട് വാർത്താ ആപ്പും ടിക് ടോക് അടക്കം അടുത്തിടെ രാജ്യത്ത് നിരോധിച്ച 59 മൊബൈൽ ആപ്ലിക്കേഷനുകളും ഇതിലുൾപ്പെടും.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ചോരുന്നതു തടയാൻ ലക്ഷ്യമിട്ടാണു നടപടി. 13 ലക്ഷത്തോളം പേരാണു കരസേനയിലുള്ളത്. സേനാംഗമാണെന്നു തിരിച്ചറിയും വിധമുള്ള വിവരങ്ങൾ പങ്കുവയ്ക്കാതെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാൻ നൽകിയിരുന്ന അനുമതിയാണു റദ്ദാക്കുന്നത്. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു സേന അറിയിച്ചു.

ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ഓൺലൈൻ െഗയിമിങ് ആപ് ആയ പബ്ജി എന്നിവയ്ക്കും വിലക്ക് ബാധകമാണ്. പാക്ക് ചാര സംഘടനയായ ഐഎസ്ഐയും ചൈനീസ് സംഘങ്ങളും യുവതികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ വഴി സേനാംഗങ്ങളെ പ്രലോഭിപ്പിച്ച് വിവരങ്ങൾ ചോർത്തുന്ന സംഭവങ്ങൾ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണു നടപടിയെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 

വ്യോമസേനാ ആസ്ഥാനത്ത് ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ 2018ൽ ഐഎസ്ഐയുടെ ചതിവലയിൽപ്പെട്ടിരുന്നു. ഒൗദ്യോഗിക ആവശ്യങ്ങൾക്കായി വാട്സാപ് ഉപയോഗിക്കരുതെന്ന് കഴിഞ്ഞ നവംബറിൽ കരസേന നിർദേശിച്ചിരുന്നു.

English Summary: Daily hunt, Facebook, Instagram, Tinder, PUBG Among 89 Apps Army Asks Troops To Delete: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com