ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന പാംഗോങ് മലനിരകളിൽ നേരിയ തോതിൽ പിൻമാറി ചൈനീസ് സൈന്യം. നാലാം മലനിരയിൽനിന്ന് (ഫിംഗർ 4) അഞ്ചിലേക്ക് (ഫിംഗർ 5) ഏതാനും സൈനികർ പിൻമാറിയെന്ന് ഇന്ത്യൻ സേനാവൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ടെന്റുകൾ ചൈന പൂർണമായി നീക്കാത്തതിനാൽ സംഘർഷത്തിന് അയവില്ലെന്നും സേനാവൃത്തങ്ങൾ കൂട്ടിച്ചേർത്തു.

അഞ്ചിനും എട്ടിനുമിടയിലെ മലനിരകളിൽ ചൈന വൻതോതിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പാംഗോങ്ങിലെ പിൻമാറ്റം നയതന്ത്ര – സേനാ തലങ്ങളിലെ ചർച്ചകളിൽ ഇരുകൂട്ടരും വിശദമായി പരിശോധിക്കും. ഇന്ത്യൻ സേന നാലാം മലനിരയിൽനിന്നു രണ്ടിലേക്കു പിന്മാറണമെന്നാണു ചൈനയുടെ ആവശ്യം.

ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ മാർഗങ്ങളിലൂടെ അതിർത്തിത്തർക്കം പരിഹരിക്കണമെന്നും പോരടിക്കുന്നതിനു പകരം പങ്കാളികളായി നിലനിൽക്കണമെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൺ വെയ്ദോങ് പറഞ്ഞു.

സമാധാനത്തിന് ധാരണ

ന്യൂഡൽഹി ∙ സൈന്യങ്ങൾ മുഖാമുഖം നിൽക്കുന്ന സാഹചര്യം പൂർണമായി അവസാനിപ്പിച്ച് യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ – ചൈന നയതന്ത്രതല ചർച്ചയിൽ ധാരണ. അതിർത്തി കാര്യങ്ങളിൽ ചർച്ചയ്ക്കും ഏകോപനത്തിനുമുള്ള പ്രവർത്തന സംവിധാനത്തിലാണ് (ഡബ്ല്യുഎംസിസി) ചർച്ച നടന്നത്.

വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറിയും (കിഴക്കൻ ഏഷ്യ) ചൈനയുടെ ബോർഡർ ആൻഡ് ഓഷ്യാനിക് വകുപ്പ് ഡയറക്ടർ ജനറലുമാണ് ചർച്ച നടത്തിയത്. സേനകളുടെ പിന്മാറ്റത്തിനുൾപ്പെടെ സീനിയർ കമാൻഡർമാർ ഉടനെ ചർച്ച നടത്തും.

English Summary: Chineese army pulled back from pangong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com