ADVERTISEMENT

ന്യൂഡൽഹി ∙ ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ഇന്ത്യ അപകടകരമായ നടപടിക്രമത്തിന് തയാറായിരിക്കയാണെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയും ചൈനയിൽ അംബാസഡറുമായിരുന്ന ശിവശങ്കർ മേനോൻ. എൽഎസിയിൽ നിന്ന് ഇരുരാജ്യങ്ങളും ഒരുപോലെ പിന്മാറുക എന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. 1988 മുതൽ തുടർന്നു വന്ന കീഴ്‍വഴക്കവും 1993 ലെ കരാറും ചൈന ലംഘിച്ചിരിക്കയാണ്. ഇനി ഒരിക്കലും ഇന്ത്യ–ചൈന ബന്ധം പഴയതുപോലെയാവില്ല. 

രണ്ടു പേരും പിന്മാറുക എന്നു പറഞ്ഞാൽ സംഘർഷത്തിന് രണ്ടു പേരും ഒരുപോലെ കാരണക്കാരാണ് എന്നാണ് അർഥം. നമ്മുടെ സ്വന്തം സ്ഥലത്തു നിന്ന് നാം എന്തിനു പിന്മാറണം? വർഷങ്ങളായി നമ്മൾ പട്രോളിങ് നടത്തിവന്ന സ്ഥലങ്ങളിൽ ഇപ്പോൾ ചൈന നമ്മെ കയറ്റുന്നില്ല. പുതിയ ബഫർ മേഖലകൾ അവർ ഉണ്ടാക്കുകയാണ്. രണ്ടു ചുവടു മുന്നോട്ടു വന്നശേഷം ഒത്തുതീർപ്പ് ഉണ്ടാകുമ്പോൾ ഒരു ചുവട് മാത്രം പിന്മാറുന്ന തന്ത്രമാണ് ചൈനയുടേത്. ദോക‍‍്‍ലാമിലും ഇതാണ് സംഭവിച്ചത്. ഇതുതന്നെയാണ് അവർ സൗത്ത് ചൈന സമുദ്രത്തിലും ചെയ്യുന്നത് – മേനോൻ വിവിധ മാധ്യമങ്ങളിൽ നൽകിയ അഭിമുഖങ്ങളിൽ പറയുന്നു. 

ഇന്ത്യയുടെ 20 സൈനികർ കൊല്ലപ്പെട്ടത് പ്രാകൃതമാണ് എന്നേ പറയാനാകൂ. ചൈനയുടെ രാഷ്ട്രീയ നേതൃത്വം അനുവദിക്കാതെ ഇത് ഒരിക്കലും നടക്കില്ല. പിഎൽഎയെപ്പോലെ അച്ചടക്കമുള്ള സേന ഇതു ചെയ്യണമെങ്കിൽ ഉന്നതങ്ങളിൽ നിന്ന് അനുമതി വന്നിരിക്കണം. 

രണ്ടു സൈന്യവും പൂർവ സ്ഥിതിയിലേക്ക് പിന്മാറണം എന്നു പറയുമ്പോൾ ചൈനയാണ് മാറേണ്ടത്. അവരാണ് വിവിധ പോയിൻറുകളിൽ മുന്നിലേക്ക് കയറി വന്നത്. ഇപ്പോഴത്തെ സംഭവത്തിനു ശേഷം ചൈനയുമായുള്ള ബന്ധം നമ്മൾ പാടേ പൊളിച്ചെഴുതേണ്ടിവരും – മേനോൻ പറയുന്നു. യുഎസുമായി ഇന്ത്യ സഹകരിക്കണം എന്ന് മേനോൻ അഭിപ്രായപ്പെടുന്നു. തന്റെ ഈ പ്രായത്തിനിടയിൽ 4 തവണ യുഎസ് പാടേ തകർന്നു എന്നു കേട്ടതാണ്. എന്നാൽ അവർ തിരിച്ചുവന്നു. റഷ്യ ഇപ്പോഴും സൈനിക ശക്തിയാണ് എന്നും മേനോൻ ഓർമിപ്പിക്കുന്നു.

അതിർത്തി സുരക്ഷിതം:ബിഎസ്എഫ് മേധാവി

ന്യൂഡൽഹി ∙ രാജ്യത്തിന്റെ അതിർത്തി മേഖലകൾ സുരക്ഷിതമാണെന്ന് ഐടിബിപി, ബിഎസ്എഫ് സേനാ മേധാവി. ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇരു സേനകളുടെയും ഡയറക്ടർ ജനറലായ എസ്.എസ്. ദെസ്‍വാളിന്റെ പ്രതികരണം.  ശത്രുവിന്റെ ഏതു നീക്കവും പ്രതിരോധിക്കാൻ സേനകൾക്കു കെൽപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com