ADVERTISEMENT

ന്യൂഡൽഹി ∙ ഫ്രാൻസിൽ നിന്നുള്ള 5 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്കു പുറപ്പെട്ടു. 7000 കിലോമീറ്റർ താണ്ടി അബുദാബി വഴി ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ നാളെയെത്തുന്ന വിമാനങ്ങൾക്കു വ്യോമസേന വൻ വരവേൽപ് നൽകും. തെക്കൻ ഫ്രാൻസിലെ മെറിനിയാക് വ്യോമത്താവളത്തിൽ നിന്നാണു വിമാനങ്ങൾ ഇന്നലെ ഉച്ചയ്ക്കു പുറപ്പെട്ടത്. ഒറ്റ സീറ്റുള്ള 3 വിമാനങ്ങളും ഇരട്ട സീറ്റുള്ള 2 വിമാനങ്ങളുമാണ് എത്തുക.

വിമാനം പറപ്പിക്കുന്ന ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരെ ഫ്രാൻസിലെ ഇന്ത്യയുടെ അംബാസഡർ ജാവേദ് അഷ്റഫ് വ്യോമത്താവളത്തിൽ സന്ദർശിച്ചു. പൈലറ്റുമാരിലൊരാൾ മലയാളിയാണ്. അബുദാബിയിലെ അൽദഫ്ര വ്യോമത്താവളത്തിൽ ഇന്നു രാത്രി തങ്ങുന്ന വിമാനങ്ങൾ നാളെ അംബാലയിലേക്കു പറക്കും.

വിമാനങ്ങൾക്ക് ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കാൻ അബുദാബി വരെ ഫ്രഞ്ച് വ്യോമസേനാ ടാങ്കർ വിമാനങ്ങൾ ഒപ്പം പറക്കും. അബുദാബിയിൽ നിന്ന് അംബാലയിലേക്കുള്ള യാത്രയിൽ ഇന്ത്യയുടെ വ്യോമസേനാ ടാങ്കർ വിമാനങ്ങൾ അനുഗമിക്കും.

വ്യോമസേനയുടെ 17–ാം നമ്പർ സ്ക്വാഡ്രൻ (ഗോൾഡൻ ആരോസ്) ആണു റഫാലിനായി അംബാലയിൽ സജ്ജമാക്കുക. മിസൈലുകൾ അടക്കം ഘടിപ്പിച്ച റഫാലുകളുടെ സ്ക്വാഡ്രൻ ഓഗസ്റ്റ് രണ്ടാം പകുതിയോടെ പ്രവർത്തനക്ഷമമാകും. സംഘർഷം നിലനിൽക്കുന്ന ഇന്ത്യ – ചൈന അതിർത്തിയിലായിരിക്കും ആദ്യ ദൗത്യം. സേനയുടെ 12 പൈലറ്റുമാർ ഫ്രാൻസിൽ പരിശീലനം പൂർത്തിയാക്കി.

ആകാശത്തും കരയിലും കരുത്ത്

9.3 ടൺ ആയുധങ്ങൾ വഹിക്കാവുന്ന റഫാലിൽ മീറ്റിയോർ ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈലും സ്കാൽപ് എയർ ടു ഗ്രൗണ്ട് ക്രൂസ് മിസൈലും സജ്ജമാക്കും. ആകാശത്തും കരയിലുമുള്ള ലക്ഷ്യങ്ങളെ തകർക്കാൻ കെൽപുള്ള മിസൈലുകളാണിവ. 59,000 കോടി രൂപയ്ക്ക് ആകെ 36 വിമാനങ്ങളാണു ഫ്രാൻസിൽ നിന്ന് വാങ്ങുന്നത്. അടുത്ത വർഷം അവസാനത്തോടെ 36 എണ്ണവും ലഭിക്കുമെന്നു ഫ്രാൻസിലെ ഇന്ത്യൻ എംബസി അറിയിച്ചു.

വെൽകം ടു സിയാച്ചിൻ 

ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധമേഖല എന്നറിയപ്പെടുന്ന സിയാച്ചിൻ ഹിമപാളിയുടെ (ഗ്ലേഷ്യർ) ഒരു ഭാഗം വിനോദസഞ്ചാരികൾക്കു തുറന്നു കൊടുക്കാൻ കരസേന നടപടിയാരംഭിച്ചു. പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. സിയാച്ചിൻ ബേസ് ക്യാംപ് (11,000 അടി) മുതൽ കുമാർ പോസ്റ്റ് (15,000 അടി) വരെ പോകാൻ സേന പെർമിറ്റ് നൽകും. ഇതിന് ലേ ജില്ലാ ഭരണകൂടം വഴി കരസേനയെ ബന്ധപ്പെടണം.

കുമാർ പോസ്റ്റ്: സിയാച്ചിനിൽ ആദ്യമായി കാലുകുത്തിയ ഇന്ത്യൻ സൈനികൻ കേണൽ നരീന്ദർ കുമാറിനോടുള്ള ആദരസൂചകമായാണ് അവിടേക്കുള്ള പാതയിലെ ഇടത്താവളത്തിനു കുമാർ പോസ്റ്റ് എന്നു കരസേന പേരു നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com