sections
MORE

വിദ്യാഭ്യാസ നയം 2020; സമൂല മാറ്റം; വൈവിധ്യം നഷ്ടമാകുമോ എന്ന് ആശങ്ക

edu_policy-dr-burton
ഡോ. ബർട്ടൻ ക്ലീറ്റസ്
SHARE

സ്വാതന്ത്ര്യത്തിനു മുൻപും പിൻപും പല പരീക്ഷണങ്ങൾക്കും വിധേയമായ മേഖലയാണു വിദ്യാഭ്യാസം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ നഴ്സറി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ സമൂല പൊളിച്ചെഴുത്താണു നടക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം പല തട്ടുകളാകും.

അങ്കണവാടി, നഴ്സറി, 1–2 ക്ലാസുകൾ ഉൾപ്പെടുന്ന 5 വർഷത്തെ ഫൗണ്ടേഷൻ, 3–5 ക്ലാസുകൾ അടങ്ങിയ പ്രിപ്പറേറ്ററി, 6–8 ക്ലാസുകൾ ഉൾക്കൊള്ളുന്ന മിഡിൽ സ്കൂൾ, 9–12 ക്ലാസുകളുള്ള സെക്കൻഡറി ഘട്ടം എന്നിങ്ങനെയാണു ഘടന. 4 വർഷത്തെ ബിരുദ തലവും, ഒരു വർഷത്തെ ബിരുദാനന്തര തലവും തുടർന്നുള്ള ഗവേഷണവുമായി വിദ്യാഭ്യാസ മേഖല അടിമുടി മാറും. 

പുതിയ കാഴ്ചപ്പാട് 

അഞ്ചാം ക്ലാസ് വരെ വിദ്യാഭ്യാസ മാധ്യമം മാതൃഭാഷ ആയിരിക്കണം. അതിനു ശേഷവും മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് അഭികാമ്യമെന്നു നിർദേശിക്കുന്ന റിപ്പോർട്ട് മൂന്നു വർഷമാണ് (6–8 ക്ലാസുകൾ) തൊഴിലധിഷ്ഠിത മേഖലയിലും പരിജ്ഞാനം നൽകാൻ നിർദേശിക്കുന്നത്. നിലവിലുള്ള സമ്പ്രദായം സ്കൂൾ കാലത്ത് എല്ലാ വിഷയങ്ങളിലും സാമാന്യ ജ്ഞാനം നൽകാനാണു ശ്രമിച്ചത്. പകരമുള്ള ഈ കാഴ്ചപ്പാട് ആശങ്കയുണർത്തുന്നു.

വിദ്യാർഥികളുടെ നൈതികവും സർഗാത്മകവുമായ വളർച്ചയ്ക്കു പ്രാധാന്യം കൊടുക്കണമെന്നു നിർദേശിക്കുന്ന നയരേഖ ജിഡിപിയുടെ 6% വിദ്യാഭ്യാസത്തിനു നീക്കിവയ്ക്കണമെന്നു നിർദേശിക്കുന്നു; നിലവിലുള്ളതിന്റെ ഇരട്ടി. ശിശുവിദ്യാഭ്യാസത്തിന് ഇന്ന് ഏകീകൃത പാഠ്യപദ്ധതിയോ മേൽനോട്ടമോ ഇല്ല. പുതിയ നയം ഈ പ്രശ്നങ്ങൾക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ട്.1986നു ശേഷം നടപ്പിൽ വരുന്ന നിർണായക വിദ്യാഭ്യാസ പരിഷ്കാരമാണിത്. മുൻപരീക്ഷണങ്ങളിൽനിന്ന് പുതിയ നയം വ്യത്യസ്തമാകുന്നത് അതു കേന്ദ്രീകൃതവും സമൂലവുമായതുകൊണ്ടാണ്. എന്നാൽ പുതിയ നയം പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായാൽ ഒരു തിരിച്ചുപോക്ക് പ്രയാസമാകും. കാരണം, ഇന്ത്യയിലെ എല്ലാ സ്കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാകുന്ന ഒരു നിർബന്ധ പദ്ധതിയാണിത്. 

ഏകീകൃത വിദ്യാഭ്യാസം 

റിപ്പോർട്ടിലെ നിർണായക നിർദേശം ഏകീകൃത സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായമാണ്. നിലവിൽ എന്തു തരം വിദ്യാഭ്യാസം വേണമെന്നു വിദ്യാർഥികൾക്കോ മാതാപിതാക്കൾക്കോ തീരുമാനിക്കാം. എന്നാൽ എന്തു പഠിക്കണമെന്ന് സർക്കാർ തീരുമാനിക്കുന്ന സാഹചര്യം സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ വൈവിധ്യം അവസാനിപ്പിക്കുന്നതിനാൽ, വിദ്യാഭ്യാസപരവും രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളുള്ളതും അതിനാൽ ആശങ്കാജനകവുമാണ്. 

സ്കൂൾ വിദ്യാഭ്യാസം മാതൃഭാഷയിലോ ഇംഗ്ലിഷിലോ എന്ന തർക്കം ബ്രിട്ടിഷ് ഭരണകാലം തൊട്ടേ സജീവമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയിൽ നടന്ന ആംഗലേയവത്ക്കരണം ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ തകിടംമറിച്ചു എന്ന് വിശ്വസിക്കുന്നവർ ഈ സർക്കാരിൽ ഏറെയുണ്ട്. അതിനാൽ സ്കൂൾ വിദ്യാഭ്യാസം പ്രാദേശിക ഭാഷയിൽ നടപ്പിൽ വരുത്തുമ്പോൾ അത് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ പ്രതിഫലനമാകും. 

പത്താം ക്ലാസ് കഴിഞ്ഞ ശേഷം പരമ്പരാഗത വിദ്യാഭ്യാസം വേണോ പോളിടെക്‌നിക്‌, ഐടിഐ പോലുള്ള സാങ്കേതിക വിദ്യാഭ്യാസം വേണോ എന്നു തെരഞ്ഞെടുക്കാനുള്ള അവസരം പുതിയ നയം ഇല്ലാതാക്കും. അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ്സ്‌വരെ സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം വൊക്കേഷണൽ ട്രെയിനിങ്ങും നടപ്പിലാക്കുന്നതു പോലുള്ള നിർബന്ധ പരിഷ്‌കാരങ്ങൾ എന്തു പഠിക്കണം എന്നു തീരുമാനിക്കാനുള്ള വിദ്യാർഥികളുടെ അവകാശമാണ് ഇല്ലാതാക്കുന്നത്. 

ബിരുദ തലത്തിലെ മാറ്റം 

പുതിയ നിർദേശങ്ങൾ പ്രകാരം ഉന്നത വിദ്യാഭ്യാസത്തിന് ദേശിയ തലത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ പാസാകണം. മൂന്നു വർഷ കോഴ്സുകൾക്കൊപ്പം നാലുവർഷ കോഴ്സുകളും ആരംഭിക്കുകയാണ്. നാലു വർഷം നീളുന്ന ബിരുദ കോഴ്സ് ഡൽഹി സർവകലാശാലയിൽ പരീക്ഷിച്ചു പരാജയപ്പെട്ടതാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികൾക്കു പലതരം വിഷയങ്ങൾ പഠിക്കാൻ അവസരമൊരുക്കണ നിർദേശത്തിന് പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്. സ്വകാര്യ മേഖലാ പങ്കാളിത്തം സർക്കാരിന്റെ പിന്മാറ്റത്തിനോ വിദ്യാർത്ഥികളുടെ അവസരനഷ്ടത്തിനോ കാരണമായേക്കാം. നിലവിൽ ആഗോള നിലവാരമുള്ള സർവകലാശാലകൾ വിരലിലെണ്ണാൻ പോലും ഇല്ലാത്ത ഇന്ത്യയിൽ സ്വയം ഭരണം നടത്താൻ എത്ര കോളജുകൾ പ്രാപ്തിയുണ്ട് എന്നതാണ് പ്രധാന ചോദ്യം. 

ഫലം ദൂരവ്യാപകം 

ഇന്ത്യയുടെ ഭരണഘടനയിൽ വിദ്യാഭ്യാസം കൺകറന്റ് വിഷയമാണ്; സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും തുല്യ പങ്കാളിത്തം. പുതിയ നയത്തോടെ സംസ്ഥാനങ്ങൾക്കുള്ള അവകാശം പരിമിതമാകും. 

ഇംഗ്ലിഷ് ഭാഷയിലധിഷ്ഠിതമായ ആധുനിക വിദ്യാഭ്യാസത്തിലൂടെയാണ് അധഃസ്ഥിത സമൂഹത്തിന്റെ മോചനം സാധ്യമാകുന്നതെന്നു ബാബാസാഹിബ് അംബേദ്കറെ പോലുള്ളവർ വിശ്വസിച്ചു. പുതിയ നയത്തിലേതു പോലുള്ള പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ തിരിച്ചുവരവ് പാരമ്പര്യ സാമൂഹിക വ്യവസ്ഥിതിയുടെയും സാംസ്കാരികതയുടെയും പുനർജനനത്തിനു വഴിവെക്കും എന്നദ്ദേഹം ഭയന്നിരുന്നു. 

എല്ലാ കാലത്തും സർക്കാരുകൾ അവരുടെ സാമ്പത്തിക, സാമൂഹിക, താത്വിക കാഴ്ചപാടുകൾ നടപ്പിലാക്കാൻ ഉതകുന്ന ഏറ്റവും നിർണായകമായ മാർഗമായി വിദ്യാഭ്യാസത്തെ കണ്ടിരുന്നു. 

കാരണം വ്യവസ്ഥാപിതമായ വിദ്യാഭ്യാസത്തിലൂടെയാണ് ഒരു സമൂഹത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിനു സാധിക്കുന്നത് എന്നതു തന്നെ. ഇത്തരം പരിഷ്‌കാരങ്ങൾ വിദ്യാഭ്യാസമേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കും. 

(ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ അസി. പ്രഫസറാണു ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA