ADVERTISEMENT

ന്യൂഡൽഹി ∙ സാമ്പത്തിക പിഴവുകൾക്ക് ഭരണസമിതി ഉത്തരവാദിത്തം ഏൽക്കണമെന്നതുൾപ്പെടെ വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണം തടയാൻ ദേശീയ വിദ്യാഭ്യാസ നയത്തിൽ ആദ്യം നിർദേശിച്ച പല നിബന്ധനകളും പിന്നീടു മാറ്റി. നയം പ്രഖ്യാപിച്ചതിനു പിന്നാലെ പുറത്തുവിട്ട രേഖയിലുണ്ടായിരുന്ന പരാമർശങ്ങളിലാണു സാരമായ മാറ്റം വരുത്തിയത്. പരിഷ്കരിച്ച രേഖ വിദ്യാഭ്യാസ മന്ത്രാലയം പരസ്യപ്പെടുത്തി. 

∙ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 20% സീറ്റിൽ ഫ്രീഷിപ്, 30% സീറ്റിൽ സ്കോളർഷിപ് എന്നിവ ഉറപ്പാക്കണമെന്നാണ് ആദ്യ രേഖയിൽ നിർദേശിച്ചത്. പുതിയ രേഖയിൽ, ശതമാനക്കണക്ക് ഒഴിവാക്കി. ഗണ്യമായ തോതിൽ ഫ്രീഷിപ്പും സ്കോളർഷിപ്പും പ്രോത്സാഹിപ്പിക്കുമെന്നാണു പുതിയ രേഖയിലുള്ളത്. സ്വതന്ത്രമായി ഫീസ് നിശ്ചയിക്കാൻ സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ഒപ്പം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർന്ന ചെലവ് പിന്തുണ ആവശ്യമുള്ള വിഭാഗങ്ങളെ ബാധിക്കാത്ത വിധം തിരിച്ചുപിടിക്കുന്നതിനുള്ള അവസരമുണ്ടാക്കുമെന്നും വ്യക്തമാക്കുന്നു. 

∙ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ കച്ചവട പ്രവണതകൾ തടയാൻ ശക്തമായ നടപടികളാണ് ആദ്യ രേഖയിൽ നിർദേശിച്ചിരുന്നത്. തരംപോലെ ഫീസ് വർധിപ്പിക്കുന്നതു തടയുമെന്നും പറഞ്ഞിരുന്നു. ഈ ഭാഗം പുതിയ രേഖയിലില്ല.

∙ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലാഭത്തിനായി അല്ലാത്ത കമ്പനികളുടെ ഓഡിറ്റിന് കമ്പനി നിയമത്തിലുള്ള വ്യവസ്ഥകൾ (8–ാം വകുപ്പ്) ബാധകമാക്കുമെന്നാണ് ആദ്യം പറഞ്ഞത്; നടത്തിപ്പുകാരും സ്പോൺസർമാരും മാനേജ്മെന്റും വരുമാനം സ്വന്തമാക്കി സ്ഥാപനത്തെ പേരിനു മാത്രം ‘ലാഭത്തിനല്ലാത്തത്’ എന്ന നിലയിലാക്കുന്നത് തടയുമെന്നും. എന്നാൽ, പുതിയ രേഖയിൽ, ഓഡിറ്റും കണക്കുകളും ലാഭത്തിനായി അല്ലാത്ത സ്ഥാപനങ്ങളുടേതിനു സമാനമാക്കണമെന്നു മാത്രമാണു പറയുന്നത്. 

∙ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ നടത്തിപ്പിനു ഭരണസമിതിക്ക് അധികാരമുണ്ടാകുമെന്നും രാഷ്ട്രീയമോ പുറത്തുനിന്നുള്ളതോ ആയ ഇടപെടലുകൾ ഒഴിവാക്കുമെന്നും ആദ്യ രേഖയിൽ പറഞ്ഞു. ഇതിൽ രാഷ്ട്രീയ ഇടപെടൽ എന്ന പരാമർശം പുതിയ രേഖയിലില്ല.

English Summary: Fees hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com