sections
MORE

പാർട്ടി പ്രവർത്തനം അടിമുടി മാറണം; കോൺഗ്രസ് യോഗത്തിൽ തുറന്നടിച്ച് നേതാക്കൾ

INDIA-FRANCE-CLIMATE-ENERGY
മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി
SHARE

ന്യൂഡൽഹി ∙ കോൺഗ്രസിന്റെ പ്രവർത്തനം അടിമുടി മാറണമെന്നും നിലവിലെ രീതി തുടർന്നാൽ ബിജെപിക്കെതിരെ പിടിച്ചുനിൽക്കാനാവില്ലെന്നും തുറന്നടിച്ച് പാർട്ടി എംപിമാർ. രാജ്യസഭയിലെ കോൺഗ്രസ് എംപിമാരുമായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി വിഡിയോ വഴി നടത്തിയ കൂടിക്കാഴ്ചയിൽ മുതിർന്ന നേതാക്കൾക്കെതിരെ വിമർശനവുമായി യുവനിര രംഗത്തെത്തിയതും ശ്രദ്ധേയമായി.

2009 ൽ അധികാരത്തിലേറിയ രണ്ടാം യുപിഎ സർക്കാർ കാലത്തെ പിഴവുകളാണു പാർട്ടിയുടെ പതനത്തിൽ കലാശിച്ചതെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ സാക്ഷിയാക്കി യുവ എംപി: രാജീവ് സതവ് തുറന്നടിച്ചു. നിലവിലെ സ്ഥിതിയെക്കുറിച്ച് നേതാക്കൾ ആത്മപരിശോധന നടത്തണമെന്നു മുതിർന്ന നേതാവ് കപിൽ സിബൽ പറഞ്ഞപ്പോഴാണു സതവിന്റെ പ്രതികരണം. നിലവിലേതു മാത്രമല്ല 2009 മുതലുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 4 മണിക്കൂർ യോഗത്തിൽ മൻമോഹൻ കൂടുതൽ സമയവും മൗനം പാലിച്ചു.

താഴേത്തട്ടിൽ വേരുറപ്പിക്കാൻ പാർട്ടിക്കു സാധിക്കുന്നില്ലെന്നു വിമർശിച്ച പി. ചിദംബരം, സംഘടനാതലത്തിൽ കൂടുതൽ ശക്തിയാർജിക്കണമെന്ന് ആവശ്യപ്പെട്ടു. സംഘടനാപരമായ പോരായ്മകൾ ദീർഘനാളായുള്ളതാണെന്നു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. 

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സംഘടനാതലത്തിൽ പാർട്ടി ചെയ്ത കാര്യങ്ങൾ പറഞ്ഞ വേണുഗോപാൽ, കോവിഡ് വേളയിൽ രാജ്യത്ത് ഏറ്റവും സജീവമായി പ്രവർത്തിച്ച പാർട്ടി കോൺഗ്രസാണെന്നും ചൂണ്ടിക്കാട്ടി. 

ശക്തമായ സംഘടനാ സംവിധാനമുള്ള കേരളത്തെപ്പോലെയല്ല ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിലെ അവസ്ഥയെന്ന് അവിടെ നിന്നുള്ള അഖിലേഷ് പ്രതാപ് സിങ് വിമർശിച്ചു. പ്രവർത്തകരെ അവഗണിച്ച്, നേതൃസ്ഥാനങ്ങളിലേക്ക് നേതാക്കളെ കെട്ടിയിറക്കുന്ന സംസ്കാരം അവസാനിപ്പിക്കണമെന്നു പഞ്ചാബിൽ നിന്നുള്ള ഷംഷേർ സിങ് ദല്ലോ പറഞ്ഞു. രാഹുൽ ഗാന്ധി പ്രസിഡന്റ് പദവി വീണ്ടും ഏറ്റെടുക്കുകയാണു പ്രതിസന്ധി പരിഹരിക്കാനുള്ള ഏക മാർഗമെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി. 

ഇക്കാര്യം രാഹുലിനോട് ആവശ്യപ്പെടണമെന്ന് ആവശ്യമുയർന്നെങ്കിലും സോണിയ മൗനം പാലിച്ചു. അഭിപ്രായങ്ങൾ പരിശോധിച്ച് പോരായ്മകൾ പരിഹരിക്കണമെന്നും കോവിഡ് അടക്കമുള്ള പരിമിതികൾക്കിടയിലും സംഘടനാതലത്തിൽ സജീവമാകാൻ പാർട്ടിക്കു സാധിച്ചിട്ടുണ്ടെന്നും സോണിയ വ്യക്തമാക്കി.

നേതാക്കൾ തമ്മിലുള്ള തലമുറ യുദ്ധമായി വാക്പോരിനെ കാണേണ്ടതില്ലെന്നും വലുപ്പ ചെറുപ്പമില്ലാതെ തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം പാർട്ടിയിൽ എല്ലാവർക്കുമുണ്ടെന്നതിന്റെ തെളിവാണിതെന്നും കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

English Summary: Leaders Clashed Over Congress Decline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA