ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ ശേഷിക്കെ, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് (ജെകെപിസി) അധ്യക്ഷൻ സജാദ് ഗനി ലോണിനെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചു. ഇതേസമയം, പിഡിപി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ തടങ്കൽ 3 മാസം കൂടി നീട്ടി.

2019 ഓഗസ്റ്റ് 5നാണ് ഭരണഘടനയുടെ 370–ാം വകുപ്പ് എടുത്തുകളയുകയും സംസ്ഥാനത്തെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. അന്നാണ് മെഹ്ബൂബയും ലോണും അടക്കമുള്ള അൻപതിലേറെ നേതാക്കളെ തടങ്കലിലാക്കിയത്. നാഷനൽ കോൺഫറൻസ് നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല എന്നിവരെ നേരത്തേ മോചിപ്പിച്ചിരുന്നു.

പൊതുസുരക്ഷാ നിയമപ്രകാരം മെഹ്ബൂബയുടെ തടങ്കൽ നവംബർ 5 വരെയാണു നീട്ടിയത്. ജയിലായി പ്രഖ്യാപിച്ച ഔദ്യോഗിക വസതി ഫെയർവ്യൂ ബംഗ്ലാവിലാണ് അവർ കഴിയുന്നത്. അവിടെത്തന്നെ തുടരും.

‘ഒരുപാടു മാറ്റങ്ങളുണ്ടായിരിക്കുന്നു, ഞാനും മാറിയിട്ടുണ്ട്. മുൻപത്തെ തടവുകാലത്തു ശാരീരിക പീഡനമുണ്ടായിരുന്നു. ഇത്തവണ വ്യത്യസ്തമായിരുന്നു. പക്ഷേ, മാനസികമായി ക്ഷീണിപ്പിച്ചു’ – മോചിതനായ ശേഷം സജാദ് ലോൺ ട്വിറ്ററിൽ കുറിച്ചു.

പുസ്തകങ്ങൾ വായിച്ചും വ്യായാമം ചെയ്തും കുട്ടികളെ പഠനത്തിൽ സഹായിച്ചുമാണു തടവുജീവിതം മുന്നോട്ടു പോയതെന്ന് ലോൺ ‘മനോരമ’യോടു പറഞ്ഞു. 

2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യകക്ഷിയായിരുന്നു ജെകെപിസി. പിഡിപി – ബിജെപി സഖ്യസർക്കാരിൽ ലോൺ മന്ത്രിയുമായി.

കശ്മീരിലെ മാറ്റങ്ങളുടെ ഒന്നാം വാർഷികം അഞ്ചാം തീയതി ആഘോഷിക്കാനൊരുങ്ങുകയാണ് ബിജെപി. സംസ്ഥാന പദവി തിരികെ നൽകണമെന്ന് ഫാറൂഖ് അബ്ദുല്ലയും ഒമറും ആവശ്യപ്പെടുന്നു.

English Summary: Mehbooba Mufti to continue in house arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com