ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടാം മോദി സർക്കാരിന്റെ ആദ്യ പ്രധാന പ്രഖ്യാപനം പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖയായിരുന്നു. ഡോ. കെ. കസ്തൂരിരംഗൻ സമിതി സമർപ്പിച്ചപ്പോൾ 484 പേജുണ്ടായിരുന്ന കരടുരേഖയാണു കഴിഞ്ഞ ദിവസം 64 പേജിലേക്കു ചുരുങ്ങി പുതിയ വിദ്യാഭ്യാസ നയമായത്. രാഷ്ട്രീയ ശിക്ഷാ ആയോഗ് പോലെ അവസാനംവരെ പരിഗണിച്ച ചില സുപ്രധാന നിർദേശങ്ങൾ ഒഴിവാക്കപ്പെട്ടു. സർക്കാരിലും ഇതുസംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്നു തെളിയിക്കുന്നതാണ് ഔദ്യോഗിക വൃത്തങ്ങൾതന്നെ പങ്കുവച്ച നയത്തിന്റെ അന്തിമമല്ലാത്ത പതിപ്പ്. അവസാനഘട്ടത്തിൽ ഒഴിവാക്കിയതും കൂട്ടിച്ചേർത്തതുമായ പ്രധാന നിർദേശങ്ങൾ ഇവ:

ആരു നയിക്കും?

ഉന്നത വിദ്യാഭ്യാസ രംഗത്ത് യുജിസി, അക്രഡിറ്റേഷൻ ഏജൻസി തുടങ്ങി പലതിനു പകരം ഏക നിയന്ത്രണ സംവിധാനമായാണു നിലവിലെ ഹയർ എജ്യുക്കേഷൻ കമ്മിഷൻ എന്ന ആശയം. ദേശീയ നിയന്ത്രണ സംവിധാനമാണ് ആദ്യം ആലോചിച്ചിരുന്നത്. ഇതിനെ നിയന്ത്രണ കൗൺസിൽ ആയി നിലനിർത്തിയെങ്കിലും കമ്മിഷനു കീഴിലാകും പ്രവർത്തനം. അക്രഡിറ്റേഷനു നാഷനൽ അക്രഡിറ്റേഷൻ കൗൺസിൽ, ഫണ്ടിങ്ങിനു ഗ്രാന്റ്സ് കൗൺസിൽ, അക്കാദമിക നിലവാരവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ കൗൺസിൽ എന്നിങ്ങനെ സ്വതന്ത്ര സംവിധാനങ്ങളുണ്ടാകുമെങ്കിലും ഇവയെല്ലാം ഹയർ എജ്യുക്കേഷൻ കമ്മിഷനു കീഴിലാകുംവിധമാണ് അന്തിമ നയം.

എജ്യുക്കേഷൻ സർവീസ് ഇല്ല

സിവിൽ സർവീസ് മാതൃകയിൽ ഇന്ത്യൻ എജ്യുക്കേഷൻ സർവീസ് (ഐഇഎസ്) എന്ന ആശയം അവസാനംവരെ പരിഗണിച്ചിരുന്നു. സർവകലാശാല റജിസ്ട്രാർ പദവിയിലടക്കം ഐഇഎസുകാരെ നിയോഗിക്കണമെന്നായിരുന്നു ശുപാർശ. അന്തിമ നയത്തിൽ ഇതൊഴിവായി.

കടന്നുകൂടി ‘വൈറസും’

കസ്തൂരിരംഗൻ സമിതിയുടെ നിർദേശത്തിൽ ഇല്ലായിരുന്നെങ്കിലും മാറിയ സാഹചര്യത്തിൽ വൈറസിനെതിരായ പോരാട്ടത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കു വ്യക്തമാക്കാൻ നയത്തിൽ ശ്രദ്ധിച്ചിട്ടുണ്ട്. വൈറോളജി, ഡയഗ്‌നോസ്റ്റിക്സ്, വാക്സിനോളജി തുടങ്ങിയ മേഖലകളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവേഷണം വേണമെന്നാണു ശുപാർശ.

ഭാഷയിൽ സമവായം

ത്രിഭാഷാ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അവസാനമുണ്ടായ കൂട്ടിച്ചേർക്കലുകൾ നിർണായകമാകും. ഇതനുസരിച്ച്, പദ്ധതി നടത്തിപ്പിൽ ദേശീയതലത്തിൽ കൂടുതൽ കടുംപിടിത്തമുണ്ടാകില്ല. അതതു സംസ്ഥാനങ്ങൾക്കും മേഖലകൾക്കും വിദ്യാർഥികൾക്കുതന്നെയും കൂടുതൽ സ്വാതന്ത്ര്യം കൈവരും. ത്രിഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാകണമെന്ന നിബന്ധനയുണ്ടാകും. വേണമെങ്കിൽ ആറാം ക്ലാസിലോ ഏഴിലോ വച്ചു ഭാഷ മാറ്റാം. സെക്കൻഡറിതല പഠനം കഴിയുമ്പോൾ ഏതെങ്കിലും 3 ഭാഷകൾ കൈകാര്യം ചെയ്യാനാകണമെന്നു മാത്രം. അതിലൊന്നിലെങ്കിലും ഭാഷാസാഹിത്യം അറിഞ്ഞിരിക്കണമെന്നും വ്യക്തമാക്കുന്നു.

ഭാവിയിൽ പരീക്ഷ ഓൺലൈൻ

ഭാവിയിൽ പരീക്ഷയും മൂല്യനിർണയവും അടക്കം ഓൺലൈനാകും. ഇതിനായി നാഷനൽ അസസ്മെന്റ് സെന്റർ, സ്കൂൾ ബോർഡുകൾ, നാഷനൽ ടെസ്റ്റിങ് ഏജൻസി തുടങ്ങിയവ ചേർന്നു സംവിധാനം രൂപപ്പെടുത്തണമെന്നു വിദ്യാഭ്യാസ നയം ശുപാർശ ചെയ്യുന്നു. കോവിഡും ലോക്ഡൗണും മൂലം പരീക്ഷാ നടത്തിപ്പ് അവതാളത്തിലായ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനം സംബന്ധിച്ചു പ്രത്യേക ഭാഗവും നയത്തിലുണ്ട്.

English Summary: National Education Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com