ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ദീർഘകാല ഇൻഷുറൻസ് പാക്കേജുകൾ നൽകുന്നത് ഇന്നു മുതൽ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി  നിർത്തലാക്കി. വാഹനങ്ങളുടെ ഓൺ റോഡ് വിലയിൽ കുറവു വരുത്താൻ ഇതു വഴിയൊരുക്കും.

ദീർഘകാല തേഡ് പാർട്ടി ലയബിലിറ്റി (വാഹന ഉടമയുടെ അശ്രദ്ധ മൂലം മറ്റൊരാൾക്കോ വസ്തുവിനോ അപകടമുണ്ടായാലുള്ളത്) ഇൻഷുറൻസിനൊപ്പം ‘ഓൺ ഡാമേജ്’ (വാഹനത്തിനുള്ളത്) ഇൻഷുറൻസുകളും ദീർഘകാലത്തേക്കു നൽകുന്ന പാക്കേജുകളാണ് നിർത്തലാക്കുന്നത്. 

ഇനി മുതൽ തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമേ ദീർഘകാലത്തേക്ക് (4 ചക്രവാഹനങ്ങൾക്ക് 3 വർഷം, ഇരുചക്ര വാഹനങ്ങൾക്ക് 5 വർഷം) ഉണ്ടാവൂ. ഓൺ ഡാമേജ് (ഒഡി) ഇൻഷുറൻസ് ഓരോ വർഷത്തേക്കും ഇഷ്ടമുള്ള കമ്പനിയിൽ നിന്നെടുക്കാം. 

ഇതുവരെ ഉണ്ടായിരുന്നത്

 3, 5 വർഷത്തേക്കുള്ള തേഡ് പാർട്ടി ഇൻഷുറൻസും ഒഡിയും ചേർന്നുള്ള ദീർഘകാല പാക്കേജ്. 

 3, 5 വർഷത്തേക്കുള്ള തേഡ് പാർട്ടി ഇൻഷുറൻസും ഒരു വർഷത്തെ ഒഡിയും ചേർന്നത്.

 3, 5 വർഷത്തേക്കുള്ള തേഡ് പാർട്ടി ഇൻഷുറൻസ് മാത്രം. 

ഇതിൽ ദീർഘകാല പാക്കേജാണ് അവസാനിപ്പിക്കുന്നത്. പുതിയ വാഹനം വാങ്ങുന്നവരിൽ ഭൂരിഭാഗത്തിനും ഈ പാക്കേജായിരുന്നു ലഭിച്ചിരുന്നത്.

ഉപഭോക്താവിന് നേട്ടം

തേഡ്പാർട്ടി ഇൻഷുറൻസും ഒഡിയും ഒരു പോളിസിയിലാകുമ്പോൾ പ്രീമിയം തുക വളരെ കൂടി. ചില ഡീലർമാർ കമ്മിഷൻ കൂടി ചേർത്തുള്ള തുക ഈടാക്കുന്നതു കാരണം ഉപഭോക്താവിന് വലിയ തുക ഒറ്റയടിക്കു നൽകേണ്ടി വന്നു. 

കമ്പനി മാറ്റണമെന്നുള്ളവർക്കും കുറഞ്ഞ പ്രീമിയമുള്ള പോളിസികൾ എടുക്കണമെന്നുള്ളവർക്കും സാധിക്കാത്ത അവസ്ഥയുണ്ടായിരുന്നു. 

ബിഎസ്– 4 വാഹന റജിസ്ട്രേഷൻ തൽക്കാലം തടഞ്ഞു

ന്യൂഡൽഹി ∙ രാജ്യത്ത് ബിഎസ്–4 വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നത് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു. ലോക്ഡൗൺ കാലത്ത് കോടതി അനുവദിച്ചതിൽ കൂടുതലായുണ്ടായ വിൽപനയുടെ കാര്യത്തിൽ തീരുമാനമെടുക്കുംവരെയാണ് തടയുന്നതെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

ബിഎസ്–4 വാഹനങ്ങൾ വിൽക്കാൻ കഴിഞ്ഞ മാർച്ച് 27ന് കോടതി ഉപാധികളോടെ 10 ദിവസം അനുവദിച്ചിരുന്നു. 1.05 ലക്ഷം വാഹനങ്ങൾ മാത്രം വിൽക്കാനും റജിസ്റ്റർ ചെയ്യാനുമായിരുന്നു അനുമതിയെങ്കിലും 2.55 ലക്ഷം വാഹനങ്ങൾ വിറ്റെന്ന് കണ്ടെത്തി. വിവരങ്ങൾ പരിശോധിച്ചശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കോടതി പറഞ്ഞു.

ഇന്ത്യയിൽ വിൽക്കാനാവാത്ത വാഹനങ്ങൾ കയറ്റുമതി ചെയ്യാൻ അനുവദിക്കണമെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിൽപനയ്ക്ക് അനുവദിച്ച സമയപരിധി ഉൽപാദകർക്ക് അറിയാമായിരുന്നുവെന്നും ഉത്തരവു നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. കേസ് 13ന് വീണ്ടും പരിഗണിക്കും. 

English Summary: No more long term vehicle insurance package

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com