sections
MORE

രാഷ്ട്രീയത്തിലെ ബഹുവർണ ‘കടുവ’; ബിഗ് ബിയെ കടക്കെണിയിൽ നിന്നു കരകയറ്റി

PTI01-08-2020_000149B
SHARE

ന്യൂഡൽഹി ∙ ''ഒരിക്കൽ വിമാനത്തിൽ നിന്നു വീണിട്ടും യമരാജൻ എന്നെ സ്വീകരിച്ചില്ല. ഞാൻ മടങ്ങിവരും. " അമർസിങ് അതീവ ഗുരുതരാവസ്ഥയിലാണെന്നും മരണാസന്നനാണെന്നും കഴിഞ്ഞ മാർച്ചിൽ വാർത്തകൾ പ്രചരിച്ചപ്പോൾ അദ്ദേഹം ഒരു സന്ദേശം അയച്ചു–''കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു. "അമർ സിങ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു അപൂർവ പ്രതിഭാസമാണ്, രാഷ്ട്രീയവും വ്യവസായവും സിനിമയും സമ്പന്നതയും താരത്തിളക്കവുമൊക്കെ ഇടകലർന്ന ഒരു സവിശേഷ വ്യക്തിത്വം. 

2012 ഫെബ്രുവരി 18–ന് ഉത്തർ പ്രദേശിലെ ഹമീർപ്പൂരിൽ ഒരു തിരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കാനെത്തി ഹെലിക്കോപ്റ്ററിൽ നിന്ന് ഇറങ്ങവേയാണ് അമർസിങ് മുകളിൽ നിന്നു വീണത്. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ അത്ഭുതം അമർ സിങ്ങിന്റെ രാഷ്ട്രീയ ജീവിതത്തിലും ഉടനീളം കാണാം. 

ഉത്തർ പ്രദേശിലെ അലിഗഡിൽ 1956 ജനുവരി 27–ന് ജനിച്ച അമർസിങ് വളർന്നതും പഠിച്ചതും കൊൽക്കെത്തയിലാണ്. കുടുംബത്തിന്റെ ഹാർഡ് വെയർ ബിസിനസ് അവിടെയായിരുന്നു. സെന്റ് സേവ്യേഴ്സ് കോളജിൽ നിന്ന് ബിരുദവും നിയമബിരുദവും നേടിയ അമർ സിങ്ങിന് രാഷ്ട്രീയത്തോട് അന്നേ താൽപ്പര്യമുണ്ടായിരുന്നു. കൊൽക്കൊത്ത ഠാക്കൂർ സമുദായസംഘടനയുടെ സജീവ പ്രവർത്തകനായിരിക്കേ ഒരിക്കൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി വീർ ബഹാദൂർ സിങ് അവിടം സന്ദർശിച്ചപ്പോൾ അമർ സിങ്ങിനെയാണ് അദ്ദേഹത്തെ സഹായിക്കാൻ നിയോഗിച്ചത്. 

അമർ സിങ്ങിന്റെ കഴിവിൽ മതിപ്പു തോന്നിയ വീർ ബഹാദൂർ സിങ് മടക്കയാത്രയിൽ അമർ സിങ്ങിനെ ഒപ്പം കൂട്ടി. പിന്നീട് അമർസിങ്ങിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്ന നിലയിൽ അതിവേഗം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധിക്കപ്പെട്ട അമർ സിങ്ങിന്റെ അടുത്ത കുതിച്ചു ചാട്ടം 1996–ലായിരുന്നു. മുലായം സിങ് അന്ന് കേന്ദ്രപ്രതിരോധ മന്ത്രിയാണ്. സമാജ് വാദി പാർട്ടി പിറവിയെടുത്തിട്ട് നാലു വർഷമായതേയുള്ളൂ. ഒരു വിമാനയാത്രക്കിടയിൽ മുലയായം സിങ് അമർസിങ്ങിനെ സമാജ് വാദി പാർട്ടിയിലേക്കു ക്ഷണിച്ചു, ജനറൽ സെക്രട്ടറിയുമാക്കി. 

അമിതാഭ് ബച്ചന്റെ കുടുംബസുഹൃത്തായിരുന്ന അമർസിങ് അദ്ദേഹത്തെ കടക്കെണിയിൽ നിന്ന് കരകയറ്റി എന്നു മാത്രമല്ല ജയാ ബച്ചനെ സമാജ് വാദി പാർട്ടിയിലേക്കു കൊണ്ടു വരികയും രാജ്യസഭാ എംപിയാക്കുകയും ചെയ്തു. അമിതാഭ് ബച്ചൻ തുടങ്ങിയ എബിസിഎൽ കമ്പനി 90 കോടിയോളം രൂപ നഷ്ടത്തിലാവുകയും കമ്പനി ബിെ എഫ് ആറിനു മുന്നിലെത്തുകയും ചെയ്തപ്പോൾ അമർസിങ് ഇടപെട്ടു. സഹാറാ ഗ്രൂപ്പിന്റെ സുബ്രതാ റോയിയെയും റിലയൻസിന്റെ അനിൽ അംബാനിയെയും അമിതാഭ് ബച്ചനുമായി സൗഹൃദത്തിലാക്കുന്നത് അമർസിങ്ങാണ്. ഇവരാണ് അമിതാഭിനെ നഷ്ടത്തിൽ നിന്ന് കയകയറ്റിയത്. 

എന്നാൽ അതേ അമിതാഭുമായി അമർസിങ് തെറ്റി. 2008–ൽ ഡോ. മൻമോഹൻ സിങ് സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചപ്പോൾ സർക്കാരിനെ രക്ഷിക്കാൻ മൂന്ന് ബിജെപി എംപിമാരെ പണം നൽകി വശത്താക്കിയ കേസിൽ അമർ സിങ് തീഹാർ ജയിലിലായി. അമിതാഭ് ബച്ചനോ കുടുംബമോ തീഹാറിൽ അമർസിങ്ങിനെ കാണാൻ പോയില്ല. ജാമ്യം ലഭിച്ച ശേഷം അമിതാഭ് പോയെങ്കിലും അമർസിങ്ങിൽ നിന്ന് തണുത്ത പ്രതികരണമാണ് ലഭിച്ചത്. 

ഇൻഡീസന്റ്, ഹിപ്പോക്രാറ്റ്സ് തുടങ്ങിയ പരുഷമായ വാക്കുകളാണ് ബച്ചനെതിരേ അമർസിങ് പ്രയോഗിച്ചത്. സിംഗപ്പൂരിലെ ആശുപത്രിയിൽ അമർ സിങ് ചികിത്സയിൽ കഴിയവേ പിതാവിന്റെ  അനുസ്മരണദിനത്തിന് അമിതാഭ് ഒരു സന്ദേശമയച്ചു. ഇതിനുള്ള മറുപടിയിൽ ബച്ചൻ കുടുംബത്തിനെതിരേ നടത്തിയ പരുഷമായ പ്രയോഗങ്ങളിൽ അമർ സിങ് ഖേദം പ്രകടിപ്പിച്ചു. ബച്ചന്റെ പെരുമാറ്റമാണ് തന്നെ നിരാശപ്പെടുത്തിയത് എന്ന് അമർസിങ് പറഞ്ഞു. 

ഡൽഹിയിൽ സമാജ് വാദി പാർട്ടിയുടെ മുഖമായിരുന്ന അമർസിങ് പക്ഷേമുലായം സിങ് യാദവുമായും ഇടഞ്ഞു. സമാജ്വാദി പാർട്ടിയിൽ അമർസിങ്ങിന്റെ വളർച്ചയിൽ അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. 2010–ൽ അമർ സിങ് പാർട്ടിയിലെ എല്ലാ പദവികളും രാജി വച്ചു. മുലായം സിങ് അമർ സിങ്ങിനെ പാർട്ടിയിൽ നിന്നു പുറത്താക്കി. 

2011–ൽ അമർസിങ് പുതിയ പാർട്ടി രൂപവൽക്കരിച്ചു–രാഷ്ട്രീയ ലോകമഞ്ച്. 2012–ലെ യു പി നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും ഒരാൾ പോലും വിജയിച്ചില്ല. തുടർന്ന് 2014–ൽ അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിൽ ചേർന്നു. 2014–ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫത്തേപ്പൂർ സിക്രിയിൽ നിന്ന് മത്സരിച്ചുവെങ്കിലും വിജയിച്ചില്ല. 

ഒടുവിൽ മുലായം സിങ് ആറു വർഷത്തിനു ശേഷം അമർസിങ്ങിനെ സമാജ്‌വാദി പാർട്ടിയിൽ തിരിച്ചെടുത്തു. ജനറൽ സെക്രട്ടറിയാക്കി. 2016–ൽ രാജ്യസഭാ എം പിയുമാക്കി. വിവാദങ്ങൾ എന്നും കൂടപ്പിറപ്പായിരുന്ന അമർ സിങ് അവയെ വീറോടെ നേരിട്ടു. വോട്ടിന് നോട്ട് കേസിൽ നിന്ന് തലയൂരി, നാലു കോടി രൂപയുണ്ടെങ്കിൽ സുപ്രീംകോടതി ജഡ്ജിയെ സ്വാധീനിക്കാമെന്നു പറഞ്ഞത് വിവാദമായി.

തന്റെ  ഫോൺകോളുകൾ സർക്കാർ ചോർത്തുന്നുവെന്ന ആരോപണവും വിവാദമായി. ക്ലിന്റൺ ഫൗണ്ടേഷന് അമർ സിങ് 50 ലക്ഷം ഡോളർ വരെ നൽകിയെന്ന് ക്ലിന്റൺ ക്യാഷ് എന്ന പുസ്തകത്തിൽ പീറ്റർ ഷ്വൈസർ എഴുതി. അമർ സിങ് രണ്ടു പുസ്തകങ്ങളും എഴുതി- Religion and Politics , Gandhian Perspective in the present context . ആദ്യം ദുബായിയിലും പിന്നീട് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത്  ആശുപത്രിയിലും രണ്ടു തവണ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി. 

ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും രാഷ്ട്രീയ നേതാക്കളുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന അമർ സിങ് കേരളത്തെ ഏറെ ഇഷ്ടപ്പെട്ടു. ഭാര്യ പങ്കജയും ഇരട്ടകളായ പെൺമക്കളുമായി അദ്ദേഹം പലവട്ടം കേരളം സന്ദർശിച്ചു. ഒടുവിൽ 2015–ൽ  തിരുവനന്തപുരത്ത് ഒരു വീടും വാങ്ങി.

English Summary: Amar Singh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA