ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ ഇന്ത്യ – ചൈന അതിർത്തിയിൽ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ ചൈനീസ് സേന സന്നാഹം ശക്തമാക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്.

ചൈനീസ് സേന കടന്നുകയറിയ 5, 6 മലനിരകളുടെ (ഫിംഗർ 5, 6) ഭാഗത്തുള്ള തടാകക്കരയിൽ 13 സേനാ ബോട്ടുകളാണ് കഴിഞ്ഞ 29 ലെ ദൃശ്യങ്ങളിലുള്ളത്. ഒരു ബോട്ടിൽ 10 സൈനികരെ എത്തിക്കാനാകും. ഇവരെ പാർപ്പിക്കുന്നതിനുള്ള നാൽപതോളം ടെന്റുകളും സജ്ജമാക്കിയിട്ടുണ്ട്. ശക്തമായ പ്രതിരോധമൊരുക്കി ഇന്ത്യൻ സേന നിലയുറപ്പിച്ചിരിക്കുന്ന നാലാം മലനിരയ്ക്കു സമീപമുള്ള പ്രദേശമാണിത്.

അതിർത്തിയിൽ ഭൂരിഭാഗം സ്ഥലങ്ങളിൽ നിന്നും പിന്മാറിയെന്ന ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വ്യാജമാണെന്നു തെളിയിക്കുന്നതാണു ദൃശ്യങ്ങൾ. ശൈത്യകാലത്തും പ്രദേശത്തു തുടരാനുള്ള നീക്കമാണു ചൈന നടത്തുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. അതിർത്തി തർക്കത്തിനു പരിഹാരം തേടി ഇരു സേനകളുടെയും കമാൻഡർമാർ വരും ദിവസങ്ങളിൽ വീണ്ടും കൂടിക്കാഴ്ച നടത്തും. എട്ടിൽ നിന്നു നാലാം മലനിര വരെ ഇന്ത്യയുടെ 8 കിലോമീറ്ററിലാണ് ചൈന കടന്നുകയറിയിരിക്കുന്നത്.

1200-pangong-lake
പാംഗോങ് തടാകം (ഫയൽ ചിത്രം)

ഉത്തരാഖണ്ഡിലും പ്രകോപനം

ഉത്തരാഖണ്ഡ് അതിർത്തിയിൽ ഇന്ത്യയും നേപ്പാളും തമ്മിൽ തർക്കം നിലനിൽക്കുന്ന ലിപുലേഖ് ചുരത്തിനു സമീപവും ചൈനീസ് സേനയുടെ സാന്നിധ്യം. കൈലാസ് മാനസരോവർ തീർഥയാത്രാ പാത കടന്നുപോകുന്നതു ലിപുലേഖ് വഴിയാണ്. പ്രദേശം തങ്ങളുടേതാണെന്നാണ് നേപ്പാളിന്റെ അവകാശവാദം. ലിപുലേഖ് നേപ്പാളിന്റെ ഭാഗമാക്കി അവർ ഭൂപടം പരിഷ്കരിച്ചിരുന്നു.

ഇതിനിടെ, നേപ്പാളുമായുള്ള ബന്ധം ദൃഢമാക്കാൻ ശ്രമിക്കുമെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കു പ്രയോജനകരമായ വിധം പ്രവർത്തിക്കാൻ ഒരുക്കമാണെന്നു ചൈന – നേപ്പാൾ നയതന്ത്ര ബന്ധത്തിന്റെ അറുപത്തഞ്ചാം വാർഷികവേളയിൽ അദ്ദേഹം വ്യക്തമാക്കി.

English Summary: India China Border Dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com