ADVERTISEMENT

ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് (84) രാജ്യത്തിന്റെ കണ്ണീർപ്രണാമം. തിങ്കളാഴ്ച അന്തരിച്ച അദ്ദേഹത്തിന് ഇന്നലെ 2 മണിയോടെ ലോധി ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാജ്യം അന്ത്യയാത്രയേകി.

ഓഗസ്റ്റ് 10ന് ആർമി റിസർച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നാലെ, തനിക്കു കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെ ട്വീറ്റ് ചെയ്തിരുന്നു. തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കം ചെയ്യാൻ ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയസ്തംഭനം മൂലം തിങ്കളാഴ്ച വൈകിട്ട് 4.30ന് അന്തരിച്ചു. ഭാര്യ: പരേതയായ സുവ്‌റ മുഖർജി. മക്കൾ: അഭിജിത് മുഖർജി, ശർമിഷ്ഠ മുഖർജി, ഇന്ദ്രജിത് മുഖർജി.

അരനൂറ്റാണ്ടിലേറെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതിഭയുടെയും പാണ്ഡിത്യത്തിന്റെയും പ്രതിരൂപമായിരുന്നു പ്രണബ്ദാ. 1935 ഡിസംബർ 11ന് ബംഗാളിലെ വീർഭൂമി ജില്ലയിലെ മിറാടി ഗ്രാമത്തിൽ സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായ കമദകിങ്കർ മുഖർജിയുടെയും ശരണി രാജലക്ഷ്മിയുടെയും മകനായി ജനിച്ചു. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായി അറുപതുകളുടെ അവസാനം ദേശീയ രാഷ്ട്രീയത്തിലെത്തിയ പ്രണബ്, 1982 ൽ 47–ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ധനമന്ത്രിയായി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ ഘട്ടത്തിൽ കോൺഗ്രസിലും ഭരണത്തിനും പ്രാമുഖ്യം നഷ്ടമായി. 1986ൽ കോൺഗ്രസ് വിട്ട് രാഷ്ട്രീയ സമാജ്‌വാദി കോൺഗ്രസ് രൂപീകരിച്ചെങ്കിലും ’89 ൽ കോൺഗ്രസിൽ തിരിച്ചെത്തി.നരസിംഹറാവു, മൻമോഹൻസിങ് സർക്കാരുകളിലായി വാണിജ്യം, വിദേശകാര്യം, പ്രതിരോധം, ധനം തുടങ്ങിയ പ്രധാനവകുപ്പുകളുടെ ചുമതല വഹിച്ചു.

ഇന്ത്യയുടെ 13–ാമത്തെ രാഷ്ട്രപതിയായിരുന്ന 2012– 17 ൽ രാഷ്ട്രപതി ഭവനെ ജനകീയമാക്കാൻ മുൻകയ്യെടുത്തു. 5 തവണ രാജ്യസഭാംഗവും 2 തവണ ലോക്സഭാംഗവുമായിരുന്ന അദ്ദേഹം ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച പാർലമെന്റേറിയൻമാരിൽ ഒരാളാണ്. 2008 ൽ പത്മവിഭൂഷണും 2019 ൽ ഭാരതരത്നയും നൽകി രാജ്യം ആദരിച്ചു. 

രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.  രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ രാജാജി റോഡിലെ വസതിയിൽ അന്ത്യോപചാരമർപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com