ADVERTISEMENT

പ്രധാനമന്ത്രി ആകേണ്ടിയിരുന്നു പ്രണബ്ദാ‌; അത്രയേറെ ദീർഘവീക്ഷണവും നേതൃപാടവവും കുശാഗ്ര ബുദ്ധിയുമുള്ള അസാധാരണ നേതാവ്. എങ്കിലും പ്രധാനമന്ത്രിയെക്കാൾ ഒരുപടി മുകളിൽ, രാജ്യത്തിന്റെ പ്രഥമ പൗരൻ തന്നെയാകാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഭരണഘടനയ്ക്കും നിയമനിർമാണ സഭയ്ക്കും മറ്റെന്തിനെക്കാളും മുകളിൽ സ്ഥാനം നൽകിയ ‘കോൺസ്റ്റിറ്റ്യൂഷനലിസ്റ്റ്’ ആയിരുന്നു രാഷ്ട്രപതി എന്ന നിലയിൽ പ്രണബ് മുഖർജി. അതിന്റെ പ്രത്യക്ഷ സാക്ഷ്യമായിരുന്നു തവിട്ട് ബ്രീഫ്കെയ്സിൽ സദാ സൂക്ഷിച്ചിരുന്ന ഭരണഘടനയുടെ കോപ്പി. അതിലെ ഓരോ പേജിലും കാണാം വായിച്ച് അടയാളപ്പെടുത്തിയ പാടുകൾ. ഭരണഘടനാ സംരക്ഷണം പ്രഥമ ബാധ്യതയായിത്തന്നെ അദ്ദേഹം കണ്ടു. 

രാജ്യത്തിന്റെ ഭരണഘടനയെയും നിയമവ്യവസ്ഥയെയും പരിപാലിക്കുകയും സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുമെന്ന രാഷ്ട്രപതിയുടെ സവിശേഷ പ്രതിജ്ഞാ വാചകങ്ങളിൽ അദ്ദേഹം ഉറച്ചുനിന്നു. 

നിലപാടിൽ ഇളകാതെ 

വാക്കിലും പ്രവൃത്തിയിലും വ്യതിചലിച്ചില്ല. ഭരണഘടനാ സംരക്ഷകൻ എന്ന നിലയിലുള്ള തീരുമാനങ്ങൾ ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ എങ്ങനെ ബാധിക്കുമെന്നതു കണക്കിലെടുത്തതേയില്ല. ഭരണഘടനയിൽ നേരിയ നിഴലെങ്കിലും വീഴ്ത്തുന്ന വിഷയങ്ങൾ വരുമ്പോൾ അദ്ദേഹത്തിന്റെ മുഖം കോപം കൊണ്ടു ചുവക്കുമായിരുന്നു. അത്തരം യോഗങ്ങളിൽ കുറിപ്പെടുക്കുമ്പോൾ അതിനായി ശാസിക്കാനും അദ്ദേഹം മടിച്ചില്ല. ‘ചർച്ച മുഴുവൻ പകർത്തുന്നതു നിർത്തൂ. ഭരണഘടനാ വിഷയങ്ങൾ മാത്രം കുറിച്ചെടുക്കൂ’ – ഒരവസരത്തിൽ കനത്ത ശബ്ദത്തിൽ അദ്ദേഹം പറഞ്ഞതോർക്കുന്നു. കൂടിക്കാഴ്ചയ്ക്കെത്തുന്ന നേതാക്കൾ ഭരണഘടനാപരമായി താൻ പങ്കുവച്ച ആശങ്കകളിൽ നിന്നു വിഷയം മാറ്റുമ്പോഴായിരുന്നു അദ്ദേഹം അത്തരത്തിൽ അസന്തുഷ്ടി പരസ്യമായി പ്രകടിപ്പിച്ചത്.

1200pranabwife
ഭാര്യ സുവ്ര മുഖർജിക്കൊപ്പം.

കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ സംരക്ഷണത്തിനായി 2013 ൽ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതിക്കായി കൊണ്ടുവന്ന ഓർഡിനൻസ് അദ്ദേഹം മടക്കി അയച്ചത് ഓർക്കുന്നു. മറ്റൊന്ന് പാർലമെന്റിൽ അവതരിപ്പിക്കാതെ, ഒരു ഓർഡിനൻസ് തുടർച്ചയായി തന്റെ മുന്നിലേക്ക് അയച്ചു കൊണ്ടിരുന്നപ്പോൾ അദ്ദേഹം സ്വീകരിച്ച നിലപാടാണ്. നിയമസഭകളുടെ പ്രവർത്തനത്തിൽ ഗവർണർമാർ ഇടപെടാൻ ശ്രമിച്ച അവസരങ്ങളിലെല്ലാം അതൃപ്തി അദ്ദേഹം വ്യക്തമായി രേഖപ്പെടുത്തി. ഒരുഘട്ടത്തിൽ ബന്ധപ്പെട്ട മന്ത്രിമാരെ വിളിച്ചുവരുത്തി, ഇത്തരത്തിൽ നിയമവിരുദ്ധമായി ഇടപെടാൻ ശ്രമിച്ച ഗവർണറെ മാറ്റാൻ ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം ഔദ്യോഗികമായി തനിക്ക് അതൃപ്തി രേഖപ്പെടുത്തേണ്ടി വരുമെന്നും അറിയിച്ചു.

ബംഗ്ലദേശിന്റെ മരുമകൻ

ഇന്ത്യയിലെന്ന പോലെ വിദേശത്തും അദ്ദേഹത്തിനു വലിയ സ്വീകാര്യത ലഭിച്ചു. 2013 ലെ ബംഗ്ലദേശ് സന്ദർശനത്തിൽ അതു പ്രകടമായിരുന്നു. മുന്നൊരുക്കങ്ങൾക്കായി ഇന്ത്യയിൽ നിന്നെത്തിയ സംഘത്തോട്, ‘അദ്ദേഹം ഞങ്ങളുടെ മരുമകനാണ്, അതുകഴിഞ്ഞേ നിങ്ങളുടെ പ്രസിഡന്റ് ആകുന്നുള്ളൂ’ എന്നാണ് അവിടത്തെ ഉദ്യോഗസ്ഥർ ഉൾപ്പെടെ പറഞ്ഞത്. ധാക്ക സർവകലാശാലയിൽ പ്രണബ്ദാ പ്രസംഗിക്കുമ്പോൾ രാജ്യത്തെ ഏറ്റവും ജനപ്രിയ നേതാവിനെന്ന പോലെ തിങ്ങിനിറഞ്ഞ ജനാവലി ഓരോ വാക്കിനും ആരവം മുഴക്കുകയായിരുന്നു.

ബംഗ്ലദേശിലെ നരെയ്‌ലിൽ, പത്നി സുവ്ര മുഖർജിയുടെ കുടുംബവീട് പ്രണബ്ദാ ആദ്യമായി സന്ദർശിച്ചത് ആ യാത്രയിലാണ്. വധൂവരൻമാരെ എന്നപോലെ ശംഖുമുഴക്കിയും ഹാരങ്ങളണിയിച്ചും ആവേശത്തോടെയാണ് ആ നാട് അവരെ വരവേറ്റത്. അന്നു കുടുംബ ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും ചിത്രമെടുത്ത എന്നോട്, ‘ഞങ്ങളിതാ വീണ്ടും വിവാഹിതരായി’ എന്ന് അൽപം നാണം കലർത്തി പ്രണബ്ദാ പറഞ്ഞതോർക്കുന്നു.

വിദേശനേതാക്കൾ എന്നും ആദരവോടെയാണ് അദ്ദേഹത്തെ കണ്ടത്. പ്രോട്ടോക്കോൾ മാറ്റിനിർത്തി പ്രധാന വിഷയങ്ങളിൽ അഭിപ്രായം തേടി. 5 ദശകത്തിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ 2 ദശകത്തിലേറെ ഭരണ നിർവഹണത്തിൽ കഴിവു തെളിയിച്ചതിലൂടെ നേടിയതായിരുന്നു ആ സ്വീകാര്യത.

(പ്രണബ് മുഖർജിയുടെ കാലത്ത് രാഷ്ട്രപതിയുടെ അഡീഷനൽ സെക്രട്ടറി ആയിരുന്നു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com