ADVERTISEMENT

ബെംഗളൂരു ∙ കന്നഡ സിനിമാ രംഗത്തെ ലഹരി മരുന്ന് റാക്കറ്റ് കേസിൽ നടി സഞ്ജന ഗൽറാണിയെ (30) കുടുക്കിയത് നടിയുടെ സുഹൃത്തും ആർക്കിടെക്ടുമായ രാഹുൽ ഷെട്ടി നൽകിയ വിവരങ്ങൾ. ഇത് പ്രകാരം സഞ്ജനയുടെ ഫ്ലാറ്റിൽ ഇന്നലെ രാവിലെ 6.30നു റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരോടു നടി തട്ടിക്കയറി. മലയാള ചിത്രമായ ‘കാസനോവ’യിൽ ചെറിയ വേഷത്തിൽ എത്തിയിട്ടുള്ള സഞ്ജന, മലയാളികൾക്കു പരിചിതയായ നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ്.

സഞ്ജനയുടെ പേരിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ വ്യാപാര പങ്കാളിയും മംഗളൂരു സ്വദേശിയുമായ പൃഥ്വി ഷെട്ടി, ഒരു യുവ ഡോക്ടർ എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.

അതിനിടെ, തിങ്കളാഴ്ച അറസ്റ്റിലായ കൊച്ചി കലൂർ സ്വദേശി നിയാസ് മുഹമ്മദ്, ബെംഗളൂരുവിലെ നിശാപാർട്ടികളിലേക്ക് കേരളത്തിൽ നിന്നു ലഹരി എത്തിച്ചിരുന്നതായി കണ്ടെത്തി.

1200-actress-sanjana-galrani

രാഹുലിനായി വാദിച്ച് സഞ്ജന; ഒടുവിൽ അറസ്റ്റ്

ബെംഗളൂരു ∙ നടി സഞ്ജന ഗൽറാണിയുടെ ഇന്ദിരാനഗറിലെ വസതിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) റെയ്ഡിനെത്തിയത് ഇന്നലെ രാവിലെ 6.30ന്. ‘ഞാൻ നേരിട്ടു ഹാജരാകുമായിരുന്നല്ലോ’ എന്നു പൊട്ടിത്തെറിച്ച നടി, അപ്രതീക്ഷിതമായ പൊലീസ് നീക്കത്തിൽ പതറി. പിന്നീട് നടിയുടെ ആവശ്യപ്രകാരം അഭിഭാഷകൻ എത്തിയതിനു ശേഷമായിരുന്നു റെയ്ഡ്. തെളിവുകൾ നശിപ്പിക്കാതിരിക്കാനും മറ്റു സഹായങ്ങൾ തേടാതിരിക്കാനുമാണ് സിസിബി സംഘത്തിന്റെ മിന്നൽ റെയ്ഡെന്നാണു വിവരം. സഞ്ജനയുടെ സുഹൃത്ത് രാഹുൽ ഷെട്ടി അറസ്റ്റിലായതിനു പിന്നാലെ സമൻസ് അയച്ചിരുന്നെങ്കിലും നടി ചോദ്യം ചെയ്യലിനു ഹാജരായിരുന്നില്ല.

രാഹുൽ അറസ്റ്റിലായപ്പോൾ തന്റെ സഹോദരനെ പോലെയാണെന്നും നിരപരാധിയാണെന്നും അവകാശപ്പെട്ട് സഞ്ജന മുംബൈയിൽ മാധ്യമങ്ങളെ കണ്ടിരുന്നു. പിന്നീടു ബെംഗളൂരുവിൽ തിരിച്ചെത്തിയതിനു പിന്നാലെയാണു റെയ്ഡ്. നിശാപാർട്ടികളിലേക്ക് സിനിമാ താരങ്ങളെ എത്തിക്കുന്നതിനു പുറമേ രാഹുൽ, ലഹരി ഇടപാടു നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രാവിലെ 11 വരെ സഞ്ജനയുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലാപ്ടോപും മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളുമാണ് പിടിച്ചെടുത്തത്. കേസ് ബലപ്പെടുത്തുന്ന തെളിവുകൾ ഇവയിൽ നിന്നു ലഭിച്ചതായി സിസിബി ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.

വിരേൻ ഖന്നയുടെ വീട്ടിൽ പൊലീസ് യൂണിഫോം

ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിച്ച, നിശാപാർട്ടി സംഘാടകനും വ്യാപാരിയുമായ വിരേൻ ഖന്നയുടെ ബെംഗളൂരു ശാന്തിനഗറിലെ വസതിയിലും റെയ്ഡ് നടന്നു. ഇയാളുടെ വീട്ടിൽനിന്ന് കർണാടക പൊലീസിന്റെ ഒരു ജോടി യൂണിഫോം കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. കേസിൽ അറസ്റ്റിലായ സെനഗൽ പൗരൻ ലോം പെപ്പർ സാംബയിൽ നിന്ന് ലഹരി വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 2018 ൽ അറസ്റ്റിലായ ലോം ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി ഇടപാടു നടത്തുകയായിരുന്നു.

English Summary: Drug case: Kannada film actress Sanjjanaa Galrani arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com