ADVERTISEMENT

മുംബൈ ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ, നടന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയ ചക്രവർത്തിയെ (28) അറസ്റ്റ് ചെയ്തു. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) 3 ദിവസം തുടർന്ന ചോദ്യംചെയ്യലിനൊടുവിലാണിത്. ലഹരി അന്വേഷണം ബോളിവുഡിലേക്കു വ്യാപിപ്പിക്കുമെന്ന് എൻസിബി അറിയിച്ചു.

സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു കൊടുത്തതായി ചോദ്യം ചെയ്യലിൽ സമ്മതിച്ച റിയ, താനും  ലഹരി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും സമ്മതിച്ചതായാണു വിവരം. ലഹരിക്കേസിൽ റിയയുടെ സഹോദരൻ ഷോവിക്ക് നേരത്തേ അറസ്റ്റിലായിരുന്നു. 

ജൂൺ 14നായിരുന്നു സുശാന്തിന്റെ മരണം. ഇതിൽ റിയയ്ക്കെതിരെ ആത്‍മഹത്യാപ്രേരണക്കുറ്റം സിബിഐ അന്വേഷിക്കുകയാണ്. സുശാന്തിന്റെ 15 കോടിയോളം രൂപ തട്ടിയെടുത്തെന്ന ആരോപണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. ലഹരി ഉപയോഗവും നടന്റെ മരണവും തമ്മിൽ ബന്ധമുണ്ടോയെന്നു വ്യക്തമായിട്ടില്ല. അറസ്റ്റിനെ സുശാന്തിന്റെ കുടുംബം സ്വാഗതം ചെയ്തു.

എല്ലാം സുശാന്തിന് വേണ്ടി: റിയ

മുംബൈ ∙ ലഹരിമരുന്ന് എത്തിച്ചതുൾപ്പെടെ താൻ ചെയ്തതെല്ലാം കാമുകൻ സുശാന്ത് സിങ്ങിനു വേണ്ടിയെന്ന വികാരനിർഭരമായ മറുപടിയുമായി കാമുകി റിയ ചക്രവർത്തി. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ ചില നിർണായക ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ നടി, ലഹരിക്കേസിൽ നേരത്തേ അറസ്റ്റിലായ സഹോദരൻ ഷോവിക്കിനൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിൽ നിയന്ത്രണം നഷ്ടപ്പെട്ടു വിങ്ങി.

എൻസിബി, സുശാന്തിന്റെ മരണം അന്വേഷിക്കുന്ന സിബിഐ, പണമിടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ ഏജൻസികൾ ഇതിനകം റിയയെ 60 മണിക്കൂറിലേറെ ചോദ്യം ചെയ്തു. ലഹരിക്കേസിൽ 10 പേരെയാണ് എൻസിബി അറസ്റ്റ് ചെയ്തത്.

ഇതിനിടെ, സുശാന്ത് സിങ്ങിന്റെ സഹോദരിമാരായ പ്രിയങ്ക സിങ്, മീട്ടു സിങ്, ഡൽഹി സ്വദേശിയായ ഡോ. തരുൺകുമാർ എന്നിവർക്കെതിരെ ആത്‌മഹത്യാ പ്രേരണ, ഗൂഢാലോചന എന്നീ കുറ്റങ്ങൾക്ക് മുംബൈ പൊലീസ് കേസെടുത്തു. സുശാന്തിനെ കാണാതെയും പരിശോധിക്കാതെയും നിരോധിത മരുന്നുകൾ കുറിച്ചു നൽകിയതും മരണത്തിനു 2 ദിവസം മുൻപ് മീട്ടു സുശാന്തിന്റെ വീട്ടിലെത്തിയതും അന്വേഷിക്കണമെന്ന റിയയുടെ പരാതിയിലാണു നടപടി. പ്രിയങ്ക തന്നെ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്ന ആരോപണവും റിയ പരാതിയിൽ ആവർത്തിച്ചിട്ടുണ്ട്.

കങ്കണയ്ക്കെതിരെ ലഹരി അന്വേഷണം

മുംബൈ ∙ ലഹരി മരുന്നുപയോഗവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി കങ്കണ റനൗട്ടിനെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കങ്കണ ലഹരി ഉപയോഗിച്ചിരുന്നതായും അവ ഉപയോഗിക്കാൻ തന്നെ നിർബന്ധിച്ചിരുന്നതായും മുൻ കാമുകൻ  അധ്യായൻ സുമൻ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്. പ്രമുഖ നടൻ ശേഖർ സുമന്റെ മകനാണ് അധ്യായൻ. ‘വൈ പ്ലസ്’ സുരക്ഷയോടെ കങ്കണ ഹിമാചൽപ്രദേശിൽ നിന്ന് ഇന്നു മുംബൈയിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com