ADVERTISEMENT

മുംബൈ ∙ നടൻ സുശാന്ത് സിങ്ങിന്റെ മൃതദേഹം കാമുകി റിയ ചക്രവർത്തി മോർച്ചറിയിലെത്തി സന്ദർശിച്ചപ്പോൾ ദുരൂഹമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും മുംബൈ പൊലീസിന് ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും മഹാരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ. അന്വേഷണം അവസാനിപ്പിച്ചതായും വ്യക്തമാക്കി. ചില ചാനലുകളിലെ വാർത്തയെ തുടർന്നാണു കമ്മിഷൻ സ്വമേധയാ കേസെടുത്തത്. 

അതേസമയം,സുശാന്തിന്റെയും മുൻ മാനേജർ ദിഷ സാലിയാന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന ദിശയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് സിബിഐ. ജൂൺ എട്ടിനു ദിഷയുടെ മരണശേഷം സുശാന്ത് അസ്വസ്ഥനായിരുന്നുവെന്ന് നടനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാർഥ് പിഥാനി സിബിഐയോടു പറഞ്ഞിരുന്നു. ജൂൺ 14നാണ് സുശാന്തിന്റെ മരണം. ദിഷയുടെ പ്രതിശ്രുതവരൻ റോഹൻ റായിയെ ചോദ്യംചെയ്യാനും സാധ്യതയുണ്ട്. റോഹന് സുരക്ഷ നൽകണമെന്ന് അഭ്യർഥിച്ച് ബിജെപി എംഎൽഎ നിലേഷ് റാണെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.

ഇതിനിടെ, റിയ ചക്രവർത്തിക്കൊപ്പം നടി സാറ അലി ഖാനും സുശാന്തിന്റെ ഫാം ഹൗസിൽ എത്താറുണ്ടായിരുന്നെന്ന മാനേജരുടെ വെളിപ്പെടുത്തൽ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഇവിടെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്ഡ് നടത്തിയിരുന്നു. റിയയെ ഏതാനും ചാനലുകൾ  ‘വേട്ടയാടുന്ന’തിന് എതിരെയുള്ള ഒപ്പുശേഖരണത്തിൽ മുതിർന്ന സിനിമാ പ്രവർത്തകരും അണിചേർന്നു. ചലച്ചിത്രപ്രവർത്തകരായ മീര നായർ, അനുരാഗ് കശ്യപ്, സോനം കപൂർ, ഫ്രീദ പിന്റോ, സോയ അക്തർ, ഫർഹാൻ അക്തർ, ദിയ മിർസ എന്നിവർ ഒപ്പിട്ടവരിൽ ഉൾപ്പെടും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com