ADVERTISEMENT

ന്യൂഡൽഹി ∙ ‘കേരളത്തെ പ്രണയിച്ച കലാകാരിയായിരുന്നു കപില വാത്സ്യായൻ. അവർ കേരളത്തിൽ വന്ന് വള്ളത്തോളിന്റെ കലാമണ്ഡലത്തിൽ താമസിച്ചു കഥകളി പഠിച്ചു’– പ്രമുഖ സാഹിത്യകാരൻ ഓം ചേരി കപിലയുടെ കലാപ്രേമത്തെ ഓർത്തെടുത്തു. കേരളത്തിലെ ക്ഷേത്ര കലകളെക്കുറിച്ച് കപില പുസ്തകവുമെഴുതി– ‘ആർട്സ് ഓഫ് കേരള ക്ഷേത്രം.’ ആ പുസ്തകത്തിന് അവതാരിക എഴുതിയത് ഓംചേരിയായിരുന്നു.

കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം, ചാക്യാർ കൂത്ത്, തെയ്യം തുടങ്ങി കേരളത്തിലെ എല്ലാ ക്ഷേത്രകലാരൂപങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തിയ പുസ്തകമായിരുന്നു അത്. വള്ളത്തോൾ ജീവിച്ചിരിക്കുന്ന കാലത്താണ് കപില കലാമണ്ഡലത്തിൽ പഠിക്കുന്നത്.‘‘കപിലയുടെ പുസ്തകം വായിച്ചു തീരുമ്പോൾ നിങ്ങൾക്ക് ബൗദ്ധികമായ ക്ഷീണം അനുഭവപ്പെടും. എന്നാൽ ആനന്ദദായകമാണ് ആ ക്ഷീണം’’– ഓംചേരി അവതാരികയിൽ എഴുതി.

ഡൽഹിയിൽ ലളിതകലാ അക്കാദമിയും സംഗീത നാടക അക്കാദമിയും നാഷനൽ സ്കൂൾ ഓഫ് ഡ്രാമയും സ്ഥാപിക്കുന്നതിൽ പ്രമുഖ പങ്കു വഹിച്ചത് കപിലയാണ്. ഡൽഹി സർവകലാശാലയിൽ നിന്ന് ഇംഗ്ലിഷിൽ എംഎ നേടിയ ശേഷം മിഷിഗൻ സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദം നേടി.  ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നാണു പിഎച്ച്ഡി. എസ് എച്ച് വാത്സ്യായനെ (ആഞ്ജനേയ) 1956 ൽ വിവാഹം കഴിച്ചെങ്കിലും പിന്നീട് വേർപിരിഞ്ഞു.

ജഗന്നാഥ് മഹാരാജിനു (അച്ഛൻ മഹാരാജ്) കീഴിൽ കഥക്കും ഗുരു അമോബി സിങ്ങിനു കീഴിൽ മണിപ്പുരിയും കേരള കലാമണ്ഡലത്തിൽ നിന്ന് കഥകളിയും അഭ്യസിച്ചു. 

സെന്റർ ഓഫ് ഹയർ ടിബറ്റൻ സ്റ്റഡീസ്, കൗൺസിൽ ഫോർ കൾചറൽ റിസോഴ്സ് ട്രെയിനിങ്, ഡൽഹി ഇന്ത്യ ഇന്റർനാഷനൽ സെന്ററിലെ ഏഷ്യൻ സെന്റർ എന്നിവ സ്ഥാപിച്ചു. യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com