ഇന്ത്യ– ചൈന തർക്കം: രാജ്നാഥ് സിങ് ഇന്ന് പ്രസ്താവന നടത്തും

rajnath-singh
രാജ്നാഥ് സിങ്
SHARE

ന്യൂഡൽഹി ∙ ഇന്ത്യ – ചൈന യഥാർഥ നിയന്ത്രണരേഖയിലെ തർക്കത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്നു രാജ്യസഭയിൽ പ്രസ്താവന നടത്തും. തുടർന്ന് പ്രതിപക്ഷ നേതാക്കൾക്കു സംസാരിക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനും അവസരം നൽകുന്നതിനു ഭരണ–പ്രതിപക്ഷ യോഗത്തിൽ ധാരണയായി.

അതിർത്തിയിലെ സംഘർഷ സ്ഥിതിയെക്കുറിച്ച് കഴിഞ്ഞ ദിവസം ലോക്സഭയിൽ രാജ്നാഥ് പ്രസ്താവന നടത്തിയിരുന്നു. രാജ്യസഭയിൽ ഹ്രസ്വചർച്ചയ്ക്ക് ആനന്ദ് ശർമയും കെ.സി.വേണുഗോപാലും മറ്റും നോട്ടിസ് നൽകി.

വൈകുന്നേരം രാജ്നാഥിനു പുറമെ, മന്ത്രിമാരായ പീയൂഷ് ഗോയൽ, പ്രൾഹാദ് ജോഷി, വി.മുരളീധരൻ, സഭാനേതാവ് താവർചന്ദ് ഗെലോട്ട് എന്നിവർ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കോൺഗ്രസ് രാജ്യസഭാകക്ഷി ഉപനേതാവ് ആനന്ദ് ശർമ തുടങ്ങിവരുമായി നടത്തിയ ചർച്ചയിലാണ് ഇന്നത്തെ നടപടികളെക്കുറിച്ച് ധാരണയായത്.

ചൈനീസ് ചാരപ്പണി: അന്വേഷിക്കാൻ വിദഗ്ധ സമിതി

ന്യൂഡൽഹി ∙ ചൈനയുടെ ‘ഹൈബ്രിഡ് യുദ്ധമുറ’യെ സഹായിക്കാൻ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം ഇന്ത്യയിലെ പതിനായിരത്തോളം പ്രമുഖരുടെ വ്യക്തിപരവും ഒൗദ്യോഗികവുമായ വിവരങ്ങൾ ചൈനീസ് കമ്പനി ശേഖരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് കേന്ദ്ര സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു.

ചൈന ചാരപ്പണിയിലൂടെ ഇന്ത്യൻ നേതാക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതു തടയാൻ നടപടി വേണമെന്ന് കെ.സി.വേണുഗോപാൽ ഇന്നലെ രാജ്യസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, വേണുഗോപാലിനു നൽകിയ കത്തിൽ, സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ചു. നാഷനൽ സൈബർ സെക്യൂരിറ്റി കോഓർഡിനേറ്ററുടെ നേതൃത്വത്തിലുള്ള സമിതി 30 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായി മന്ത്രി വ്യക്തമാക്കി. കോൺഗ്രസ് അംഗങ്ങൾ ലോക്സഭയിലും ചൈനീസ് കമ്പനിയുടെ ഡേറ്റ ശേഖരണത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. ലോക്സഭയിൽ അധീർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷുമാണ് വിഷയമുന്നയിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA