ADVERTISEMENT

ബെംഗളൂരു ∙  നടനും നൃത്തസംവിധായകനുമായ കിഷോർ അമൻ ഷെട്ടിയും കൂട്ടാളി അഖീൽ നൗഷീലും ലഹരി ഗുളികകളുമായി മംഗളൂരു പൊലീസിന്റെ പിടിയിൽ. മുംബൈയിൽ നിന്നു ലഹരിമരുന്നെത്തിച്ചു മംഗളൂരുവിൽ വിൽപന നടത്തുകയായിരുന്നു ഇരുവരുമെന്നും കന്നഡ, ബോളിവുഡ് സിനിമകളിലെ ലഹരി റാക്കറ്റുമായി ഇവർക്കുള്ള ബന്ധം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. 

‘ഡാൻസ് ഇന്ത്യ ഡാൻസ്’ എന്ന റിയാലിറ്റി ഷോയിലൂടെ സുപരിചിതനായ കിഷോർ, നൃത്തത്തിനു പ്രാധാന്യമുള്ള എബിസിഡി (എനിബഡി കാൻ ഡാൻസ്) എന്ന ബോളിവുഡ് സിനിമയുടെ ഭാഗമായതോടെയാണു പ്രശസ്തനായത്. ഗൾഫിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്ന നൗഷീലിന് ഒപ്പം ചേർന്ന്, എളുപ്പത്തിൽ പണമുണ്ടാക്കാനാണു ലഹരി ഇടപാടിലേക്കു തിരിഞ്ഞതെന്നാണു വിവരം. 

അതിനിടെ, കർണാടക കോൺഗ്രസ് മുൻ എംഎൽഎ ആർ.വി. ദേവരാജിന്റെ മകനും ബെംഗളൂരു നഗരസഭ കോർപറേറ്ററുമായ യുവരാജ്, നടൻമാരായ അകുൽ ബാലാജി, ആര്യൻ സന്തോഷ് എന്നിവരെ കന്നഡ സിനിമാ ലഹരി റാക്കറ്റ് കേസിൽ ബെംഗളൂരു പൊലീസ് ചോദ്യം ചെയ്തു. 

വീണ്ടും മലയാളി അറസ്റ്റിൽ

ബെംഗളൂരുവിൽ ലഹരി മരുന്നു വേട്ട ഊർജിതമാക്കിയ പൊലീസ്, മലയാളി ഉൾപ്പെടെ 20 പേരെ വ്യത്യസ്ത കേസുകളിലായി പിടികൂടി. മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളി ബൊവാസ് ഷാജി(27), കാമറൂൺ സ്വദേശി എറിക് അസ്റിൻ(25) എന്നിവരാണു ലഹരി ഗുളികകളുമായി അറസ്റ്റിലായത്. മറ്റൊരു സംഭവത്തിൽ തമിഴ്നാട്, ആന്ധ്ര സ്വദേശികൾ ഉൾപ്പെടെ 18 പേരെയും പിടികൂടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com