ADVERTISEMENT

ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധം സംശയിക്കുന്ന ലഹരിമരുന്ന് കേസ് ഉൾപ്പെടെ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) അധികാരം നൽകി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ടിന് (എൻഡിപിഎസ്) കീഴിൽ വരുന്ന ലഹരിമരുന്ന് കേസുകൾ എൻഐഎ ഇൻസ്പെക്ടർ മുതൽ മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥർക്ക് അന്വേഷിക്കാമെന്ന് വിജ്ഞാപനത്തിൽ കേന്ദ്രം ചൂണ്ടിക്കാട്ടി.

നിലവിൽ എൻഡിപിഎസിനു കീഴിലുള്ള കേസുകൾ നർകോട്ടിക് കൺട്രോൾ ബ്യൂറോയാണ് അന്വേഷിക്കുന്നത്. രാജ്യദ്രോഹം, ഭീകരവാദം എന്നിവയടക്കം തങ്ങളുടെ അധികാരപരിധിയിൽ വരുന്ന കേസുകളുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകളാണ് അന്വേഷിക്കുകയെന്നും കേരളത്തിലെ സ്വർണക്കടത്തുമായി ബന്ധം സംശയിക്കുന്ന ബെംഗളൂരുവിലെ ലഹരിമരുന്ന് ഇടപാട് അത്തരത്തിലുള്ളതാണെന്നും എൻഐഎ വൃത്തങ്ങൾ പറഞ്ഞു. 

ലഹരിമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധത്തിന്റെ പേരിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് (ഇഡി) അടുത്തിടെ ചോദ്യം ചെയ്തിരുന്നു.നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ബാധകമാകുന്ന കേസുകളുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകളാവും എൻഐഎ അന്വേഷിക്കുക. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് ഇടപാടുകൾ എൻഐഎക്കു വിടണമെന്ന ആവശ്യവും ശക്തമാണ്. ഈ കേസിൽ യുഎപിഎ, ഭീകരവാദ ബന്ധങ്ങൾ തെളിഞ്ഞിട്ടില്ല.

വിദേശ സഹായം: നിയമലംഘനം കണ്ടെത്താൻ സിബിഐ വന്നേക്കും

തിരുവനന്തപുരം ∙ ലൈഫ് മിഷൻ പദ്ധതിയിലെ ഉൾപ്പെടെ എല്ലാ വിദേശ സഹായ നിയന്ത്രണ നിയമ (എഫ്സിആർഎ) ലംഘനങ്ങളും അന്വേഷിക്കാൻ സിബിഐ വന്നേക്കും. ലൈഫ് മിഷനിലെ റെഡ് ക്രസന്റ് സഹായം, യുഎഇ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ നടന്ന കിറ്റ്, മതഗ്രന്ഥ, ഇൗന്തപ്പഴ വിതരണം എന്നിവയുൾപ്പെടെ അന്വേഷണപരിധിയിൽ വരും. 

പ്രാഥമിക റിപ്പോർട്ട് കൊച്ചിയിലെ സിബിഐ ആന്റി കറപ്ഷൻ യൂണിറ്റ് ഡൽഹിയിൽ സിബിഐ ആസ്ഥാനത്തിനു കൈമാറി. കേസന്വേഷിക്കുന്ന ഇഡി, എൻഐഎ, കസ്റ്റംസ് എന്നിവരുടെ പക്കൽനിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ നേരത്തേ സിബിഐ ശേഖരിച്ചിരുന്നു. ഇതോടെ സ്വർണക്കടത്ത് കേസിന്റെ പിന്നാലെയെത്തുന്ന കേന്ദ്ര ഏജൻസികളുടെ എണ്ണം 5 ആകും. പ്രതികളുടെ ബെനാമി സ്വത്തിനെക്കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.

അനിൽ അക്കര എംഎൽഎ നൽകിയ പരാതിയും സിബിഐക്കു മുന്നിലുണ്ട്. ലൈഫ് മിഷനിൽ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാതാക്കളായ കമ്പനി 2019 മുതൽ ജിഎസ്ടി അടയ്ക്കുന്നില്ലെന്നും ലൈഫ് മിഷനിലെ അഴിമതിയുമാണു പരാതിയിലുള്ളത്.

English Summary: NIA probe in narcotic cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com