ADVERTISEMENT

ന്യൂഡൽഹി ∙ വിദേശ സഹായത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കുമേലുള്ള സർക്കാർ നിയന്ത്രണം കർശനമാക്കുന്ന വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. 

ബിൽ 21ന് ലോക്സഭ പാസാക്കിയിരുന്നു. വിദേശത്തു നിന്നുള്ള എല്ലാ സഹായവും രാജ്യതാൽപര്യത്തിനു വിരുദ്ധമെന്ന സമീപനമാണു സർക്കാരിന്റേതെന്നു വിമർശനമുയർന്നിട്ടുണ്ട്.

19,000 സംഘടനകളുടെ റജിസ്ട്രേഷൻ റദ്ദാക്കി

വിദേശ സംഭാവന (നിയന്ത്രണ) നിയമം 2011 മേയ് ഒന്നിനാണു നിലവിൽ വന്നത്. 2010–19 കാലയളവിൽ വിദേശത്തുനിന്നുള്ള സംഭാവനകൾ ഇരട്ടിയായെന്നാണു സർക്കാർ വാദം. 

പല സംഘടനകളും സംഭാവന വാങ്ങുന്നതിനു പറയുന്ന കാര്യങ്ങൾക്കല്ല പണം ഉപയോഗിക്കുന്നത്; കണക്കുകൾ നൽകാറുമില്ല. ക്രമക്കേടുകളുടെ പേരിൽ 2011–19 ൽ 19,000 സംഘടനകളുടെ റജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. 

ബില്ലിലെ പ്രധാന വ്യവസ്ഥകൾ

∙ സംഭാവന മറ്റൊരു വ്യക്തിക്കു കൈമാറുന്നതിനു നിരോധനം. വ്യക്തിയെന്നതിൽ സംഘടനകളും റജിസ്റ്റർ ചെയ്ത കമ്പനികളും ഉൾപ്പെടും. 

∙ സംഭാവനയ്ക്ക് അനുമതിക്കും റജിസ്ട്രേഷനും പുതുക്കുന്നതിനും അപേക്ഷിക്കുമ്പോൾ, എല്ലാ ഭാരവാഹികളുടെയും ഡയറക്ടർമാരുടെയും ആധാർ നമ്പർ നൽകണം. 

∙ സംഭാവന സ്വീകരിക്കാവുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡൽഹിയിലുള്ള ശാഖയിലെ അക്കൗണ്ടിലൂടെ മാത്രം. 

∙ ലഭിക്കുന്ന പണത്തിന്റെ 20% മാത്രമേ നടത്തിപ്പു ചെലവുകൾക്ക് ഉപയോഗിക്കാനാവൂ. നിലവിൽ ഇത് 50 ശതമാനമാണ്.  

∙ സംഭാവന വാങ്ങാൻ പാടില്ലാത്തവരുടെ പട്ടികയിൽ പൊതുസേവകരും ഉൾപ്പെടും. പബ്ലിക് സെർവന്റ് എന്നതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 21ാം വകുപ്പിലുള്ള നിർവചനമാണു പരിഗണിക്കുക. 

∙ റജിസ്ട്രേഷൻ പുതുക്കാനുള്ള അപേക്ഷയിൽ തീരുമാനമെടുക്കും മുൻപ്, അപേക്ഷകരുടെ പശ്ചാത്തലവും അന്വേഷിക്കും. 

∙ നിലവിൽ, റജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാവുന്നത് 180 ദിവസത്തേക്കാണ്. ഇത് 180 ദിവസംകൂടി നീട്ടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com