ADVERTISEMENT

ന്യൂഡൽഹി ∙ തൊഴിൽ മേഖലയിൽ ഉദാരവൽക്കരണം ലക്ഷ്യമിട്ടു 25 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ചുള്ള 3 ചട്ടങ്ങളുടെ ബില്ലുകൾ രാജ്യസഭയും പാസാക്കി. ബില്ലുകൾ ഏകപക്ഷീയമായി പാസാക്കുന്നതു ജനാധിപത്യത്തിനു കളങ്കമാകുമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ കത്ത് അധ്യക്ഷൻ എം.വെങ്കയ്യ നായിഡു തള്ളി. ലോക്സഭയിലും പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണു കഴിഞ്ഞ ദിവസം ഈ ബില്ലുകൾ പാസാക്കിയത്. നേരത്തെ പാസാക്കിയ വേതന ചട്ടവും ചേർത്താൽ മൊത്തം 29 തൊഴിൽ നിയമങ്ങളാണു 4 ചട്ടങ്ങളാക്കി മാറ്റിയത്. പുതിയ വ്യവസ്ഥകളെ ബിഎംഎസ് ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ എതിർത്തിരുന്നു.

മാറുന്ന സാഹചര്യങ്ങളും മാറുന്ന ആവശ്യങ്ങളും കണക്കിലെടുത്തുള്ളതാണു ചട്ടങ്ങളെന്നു തൊഴിൽ മന്ത്രി സന്തോഷ് ഗാങ്‌വാർ രാജ്യസഭയിൽ പറഞ്ഞു. കോവിഡ് ലോക്ഡൗൺ കാലത്തു നിക്ഷേപം ആകർഷിക്കാൻ യുപി, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങൾ മരവിപ്പിച്ചതും മന്ത്രി എടുത്തുപറഞ്ഞു. തൊഴിൽ സമരങ്ങൾ ഇല്ലാതാവുന്ന സ്ഥിതിയുണ്ടാവില്ലെന്നും സമരത്തിനു മുൻപു തർക്ക പരിഹാരത്തിനുള്ള സാഹചര്യമൊരുക്കാനാണു ശ്രമമെന്നും തൊഴിൽ, ഭരണഘടനയുടെ പൊതുപട്ടികയിലുള്ള വിഷയമായതിനാൽ സംസ്ഥാനങ്ങൾക്കു താൽപര്യമുള്ള മാറ്റങ്ങൾ കൊണ്ടുവരാനാവുമെന്നും മന്ത്രി വിശദീകരിച്ചു. 

തൊഴിൽ ബില്ലുകൾ പ്രതിപക്ഷവുമുള്ള ചർച്ചയില്ലാതെ പാസാക്കരുതെന്നു രാജ്യസഭയിലെ പ്രതിപക്ഷകക്ഷി നേതാക്കൾ സംയുക്തമായാണ് അധ്യക്ഷനു കത്തെഴുതിയത്. എന്നാൽ, ബിൽ ചർച്ചയിൽ പങ്കെടുക്കാമെന്നു പറഞ്ഞാണു കത്തു നൽകിയിരുന്നതെങ്കിൽ, പാസാക്കിയ ബില്ലുകൾ സംബന്ധിച്ച് സർക്കാരുമായി ചർച്ച നടത്തുമായിരുന്നുവെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com