ADVERTISEMENT

ന്യൂഡൽഹി ∙ ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷഹീൻ ബാഗ് സമര നേതാവ് ബിൽക്കിസും. ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന, എയ്ഡ്സ് ചികിത്സയിൽ ശ്രദ്ധേയനായ കേംബ്രിജ് പ്രഫസർ രവീന്ദ്ര ഗുപ്ത, യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ ഇന്ത്യൻ വംശജ കമല ഹാരിസ്, ഗൂഗിളിന്റെയും മാതൃകമ്പനിയായ ആൽഫബെറ്റിന്റെയും സിഇഒ സുന്ദർ പിച്ചൈ എന്നിവരും പട്ടികയിലുണ്ട്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ, ബഹിരാകാശത്ത് ഏറ്റവുമധികം ദിവസം ചെലവഴിച്ച വനിതയെന്ന റെക്കോർഡ് നേടിയ ക്രിസ്റ്റിന കോച്ച്, ആലിബാബ ചെയർമാനും സിഇഒയുമായ ഡാനിയൽ ഷാങ്, ഗായിക സെലീന ഗോമസ് തുടങ്ങിയവർ പട്ടികയിലുണ്ട്.

നേതാക്കളുടെ പട്ടികയാണു മോദി ഉൾപ്പെട്ടതെങ്കിൽ പ്രതീകമായവരുടെ വിഭാഗത്തിലാണു ഷഹീൻ ബാഗിൽ പൗരത്വ നിയമത്തിനെതിരെ സമരം നയിച്ച ബിൽക്കിസ് (82). നേരത്തെ 2014, 15, 17 വർഷങ്ങളിലും മോദി പട്ടികയിൽ ഇടം നേടി. ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ മോദി സംശയത്തിന്റെ നിഴലിലാക്കിയെന്ന്, വ്യക്തിചിത്രമെഴുതിയ ടൈമിന്റെ എഡിറ്റർ കാൾ വിക്ക് അഭിപ്രായപ്പെട്ടു.

ഷഹീൻ ബാഗിൽ സമരം നയിച്ച ബിൽക്കിസ്, രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായെന്നു മാധ്യമപ്രവർത്തകയായ റാണ അയൂബ് വിശദീകരിക്കുന്നു. 100 പേരുടെ പട്ടികയിൽ ഏറ്റവും പ്രായംകുറഞ്ഞയാൾ ആയുഷ്മാൻ ഖുറാന (36) ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com