ADVERTISEMENT

മുംബൈ ∙ ലഹരിമരുന്നു കേസിൽ നാളെ ചോദ്യംചെയ്യലിനു ഹാജരാകാൻ ബോളിവുഡ് നായിക ദീപിക പദുകോണിനു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സമൻസ്. നടി രാകുൽ പ്രീത് സിങ്, ഫാഷൻ ഡിസൈനർ സിമോൻ ഖംബാട്ട എന്നിവരോട് ഇന്നും നടിമാരായ ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരോട് 26നും ഹാജരാകാൻ ആവശ്യപ്പെട്ടു.

ഗോവയിൽ സിനിമാ ചിത്രീകരണത്തിലാണു ദീപിക. ഒപ്പമുള്ള മാനേജർ കരിഷ്മ പ്രകാശിനു കഴിഞ്ഞദിവസം എൻസിബി സമൻസ് അയച്ചെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി അവർ 2 ദിവസത്തെ സമയം നീട്ടിച്ചോദിച്ചു. സുശാന്ത് സിങ്ങിന്റെ ടാലന്റ് മാനേജരായ ജയ സഹയെ മൂന്നാം ദിവസവും എൻസിബി ചോദ്യം ചെയ്തു.

1200-reha-deepika
റിയ ചക്രവർത്തി, ദീപിക പദുകോൺ

ബാഡ്മിന്റൻ താരം പ്രകാശ് പദുകോണിന്റെ മകളും നടൻ രൺവീർ സിങ്ങിന്റെ ഭാര്യയുമാണ് ദീപിക. ജനുവരിയിൽ ജെഎൻയുവിൽ ഉണ്ടായ മുഖംമൂടി ആക്രമണത്തിനു പിന്നാലെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ദീപിക എത്തിയിരുന്നു.

ഇതിനിടെ, കേന്ദ്രസർക്കാരിനെ എതിർക്കുന്ന സിനിമാപ്രവർത്തകരെ കേസിൽ കുടുക്കുകയാണെന്നും കർഷക ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന ദിവസം ദീപികയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചതു ശ്രദ്ധതിരിക്കാനാണെന്നും ആരോപണമുയർന്നു.

2017 ഒക്ടോബർ 28ന് മാനേജർ കരിഷ്മ പ്രകാശുമായി നടത്തിയ വാട്സാപ് ചാറ്റിന്റെ പേരിലാണു ദീപികയ്ക്കെതിരെ കേസ്. സുശാന്ത് സിങ്ങിന്റെ മരണത്തിനു ശേഷം ലഹരിക്കേസിൽ കാമുകി റിയ ചക്രവർത്തി അറസ്റ്റിലായതിനു പിന്നാലെയാണ് ബോളിവുഡിലേക്ക് അന്വേഷണം നീണ്ടത്. സുശാന്തിന്റെ മാനേജർമാരായ ശ്രുതി മോദി, ജയ സഹ എന്നിവരുമായുള്ള റിയയുടെ ചാറ്റുകളിൽ ദീപികയുടെ പേരുണ്ടെന്നു പറയുന്നു.

നടൻ സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യയിലെ മകൾ സാറ, തെലുങ്ക്, തമിഴ് സിനിമയിലൂടെ ബോളിവുഡിലെത്തിയ രാകുൽ, സമൂഹമാധ്യമങ്ങളിൽ സജീവമായ സിമോൻ എന്നിവരുടെ പേരുകൾ റിയ വെളിപ്പെടുത്തിയതാണെന്ന് എൻസിബി അറിയിച്ചിരുന്നു. നിർമാതാവ് മധു മന്ദേനയിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.

English summary: Drug case: Deepika summoned

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com