ADVERTISEMENT

ന്യൂഡൽഹി∙ ഉത്തർപ്രദേശിൽ നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ച ദലിത് പെൺകുട്ടിയുടെ മരണത്തിൽ രാജ്യം മുഴുവൻ പ്രതിഷേധം. ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 വയസ്സുകാരി ഇന്നലെ പുലർച്ചെ 3 മണിയോടെയാണു മരിച്ചത്. പ്രതികളായ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മൃതദേഹം പൊലീസ് തിരക്കിട്ട് സംസ്കരിച്ചുവെന്നും വീട്ടിലേക്കു കൊണ്ടുപോകാൻ സമ്മതിച്ചില്ലെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു.

ഹത്രാസ് ജില്ലയിലുള്ള വീട്ടിൽ നിന്ന് കഴിഞ്ഞ 14ന് അമ്മയോടൊപ്പം സമീപത്തെ വയലിലേക്ക് പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെയാണു പിന്നീടു കണ്ടെത്തിയത്. എന്റെ അമ്മയും സഹോദരിയും മൂത്ത ജ്യേഷ്ഠനും കൂടി പുല്ലുവെട്ടാനായി പോയതാണ്.സഹോദരൻ ഒരു കെട്ട് പുല്ലുമായി തിരികെ വന്നെങ്കിലും അമ്മയും സഹോദരിയും അവിടെ നിന്നു. അവര്‍ നിന്നതിന് ഇരുവശവും ബാജ്‌റ വിളകള്‍ നിന്നിരുന്നു. അമ്മ ഒന്നു മാറിയപ്പോള്‍ നാല് അഞ്ചു പേര്‍ പുറകില്‍ കൂടി എത്തി അവളുടെ ദുപ്പട്ട കഴുത്തില്‍ ചുറ്റി അവളെ ബാജ്‌റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി.'- പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

കാലുകള്‍ പൂര്‍ണമായും കൈകള്‍ ഭാഗീകമായും തളര്‍ന്ന നിലയിലായിരുന്നു. പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. പീഡിപ്പിച്ചവർ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത് ചെറുത്തതിനിടെ പെൺകുട്ടി സ്വയം കടിച്ചതാകാം കാരണമെന്നായിരുന്നു ഹത്രാസ് എസ്പി വിക്രാന്ത് വീറിന്റെ വിശദീകരണം.

അലിഗഡ് ജവാഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ സ്ഥിതി വഷളായതിനെ തുടർന്നാണ് തിങ്കളാഴ്ച സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.

up-rape
അറസ്റ്റിലായ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവർ.

ഉത്തർപ്രദേശിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് ഇതിന്റെ പൂർണ ഉത്തരവാദിത്തമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു. സംഭവം രാജ്യത്തിനു നാണക്കേടാണെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. കുറ്റക്കാർക്ക് കർശന ശിക്ഷ നൽകണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ജാതിക്കാരാണു പീഡനം നടത്തിയതെന്നും നിസ്സാര വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നതെന്നും സമാജ്‍വാദി പാർട്ടി വക്താവ് സുനിൽ സിങ് സാജൻ ആരോപിച്ചു. പ്രതികളെ വെടിവച്ചു കൊല്ലണമെന്ന് ബോളിവുഡ് താരം കങ്കണ റനൗട്ട് പ്രതികരിച്ചു. സഫ്ദർജങ് ആശുപത്രിയിലെത്തി പ്രതിഷേധിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, പ്രതികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടു.

English Summary: Uttar Pradesh Dalit girl, victim of brutal gang rape, dies 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com