പോരാട്ടമുഖത്ത് വീണ്ടും; രാഹുൽ റീ ലോഡഡ്; കരുത്തുറ്റ നേതാവെന്ന പ്രതിഛായ ലക്ഷ്യം

Rahul punjab
കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിച്ചുള്ള ഖേതി ബചാവോ യാത്രയ്ക്കിടെ പഞ്ചാബിലെ പട്യാലയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്ങിനൊപ്പം. ചിത്രം:പിടിഐ
SHARE

ന്യൂഡൽഹി ∙ തെരുവിലിറങ്ങി സമരം ചെയ്തും പൊലീസിനെ നേരിട്ടും രാഷ്ട്രീയ പ്രതിഛായ മിനുക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുപി, പഞ്ചാബ് എന്നിവിടങ്ങളിലെ സമരങ്ങളിലൂടെ ലക്ഷ്യം രണ്ടാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാൻ കെൽപില്ലെന്ന പേരുദോഷം മായ്ച്ച്, കരുത്തുറ്റ നേതാവ് എന്ന പ്രതിഛായ സൃഷ്ടിക്കുക. രാഷ്ട്രീയ പ്രവർത്തനത്തിൽ സ്ഥിരതയില്ലെന്ന ആക്ഷേപം ഇല്ലാതാക്കുക.

യുപിയിലെ ഹത്രസിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചു തെരുവിലിറങ്ങാനുള്ള തീരുമാനം രാഹുലിന്റേതു തന്നെയായിരുന്നുവെന്നു കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

കർഷക പ്രക്ഷോഭത്തിനായി മുൻകൂട്ടി നിശ്ചയിച്ച പഞ്ചാബ് യാത്ര ഒരു ദിവസം നീട്ടിവച്ച്, ഹത്രസ് സന്ദർശിക്കാൻ തയാറെടുത്തു. ഹത്രസിലേക്കുള്ള രണ്ടാം യാത്രയിൽ മറ്റ് എംപിമാരെ ഒപ്പം കൂട്ടാനും പരമാവധി പ്രവർത്തകരെ അണിനിരത്താനും യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും നിർദേശം നൽകി. ഇരുവരും ചേർന്നാണ് ശനിയാഴ്ച ഒരുക്കങ്ങൾ നടത്തിയത്. പൊലീസ് എതിർത്തിട്ടും അതു മറികടന്നുളള യാത്ര രാഹുലിനെ പോരാളിയാക്കി.

പെൺകുട്ടിയുടെ വീട് സന്ദർശിച്ചതിന്റെ പിറ്റേന്ന് പഞ്ചാബിലെത്തി കർഷക സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഒരു വർഷത്തിലേറെയായി മുഖ്യമന്ത്രി അമരിന്ദർ സിങ്ങുമായി പിണക്കത്തിലായിരുന്ന നവജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാനും സന്ദർശനത്തിനിടെ കഴിഞ്ഞു. ഹത്രസ് വിഷയത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ച രാഹുൽ, കർഷക സമരത്തിൽ മോദിയെ ഉന്നമിട്ടു.

പ്രാദേശിക, ദേശീയ വിഷയങ്ങളിൽ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകിയും സംഘടനാകാര്യങ്ങളിൽ ഇടപെട്ടും കോൺഗ്രസിനെ വീണ്ടും നയിക്കാനുള്ള ആത്മവിശ്വാസം ആർജിക്കുകയാണു രാഹുലെന്ന് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. അധ്യക്ഷ പദം ഏറ്റെടുക്കാനുള്ള സന്നദ്ധത ഇനിയും അറിയിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ സമരങ്ങൾ മനംമാറ്റത്തിനു രാഹുലിനെ പ്രേരിപ്പിക്കുമെന്നാണു പാർട്ടിയുടെ പ്രതീക്ഷ. ഗാന്ധി കുടുംബത്തിനെതിരെ പാർട്ടിയിൽ ഒരു വിഭാഗം രംഗത്തു വന്നിരിക്കെ, കോൺഗ്രസിനെ നയിക്കാനും മോദിയെ വെല്ലുവിളിക്കാനും തനിക്കു കെൽപുണ്ടെന്നു തെളിയിക്കേണ്ടത് രാഹുലിന്റെ ആവശ്യമാണ്. വിശ്വസ്തരുടെ വലയം ചുറ്റും സൃഷ്ടിക്കുമ്പോഴും മുതിർന്ന നേതാക്കളെ കൈവിടാതിരിക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നു.

ട്രാക്ടർ സമരം ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് ഇന്നു കടക്കുമ്പോൾ, സർക്കാരിന്റെ ഭാഗത്തുനിന്നു തടസ്സങ്ങൾ ഉണ്ടാകുമെന്നു തന്നെ കണക്കുകൂട്ടുന്നു. തടസ്സങ്ങളെ അവസരങ്ങളാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് ഇപ്പോൾ രാഹുൽ‌ പയറ്റുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA