ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ പ്രമുഖ ദലിത് നേതാവും കേന്ദ്ര ഭക്ഷ്യ– പൊതുവിതരണ മന്ത്രിയും ലോക്‌ ജനശക്തി പാർട്ടി (എൽജെപി) സ്ഥാപകനുമായ റാം വിലാസ് പാസ്വാൻ (74) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും നാളുകളായി ചികിത്സയിലായിരുന്ന പാസ്വാൻ അടുത്തിടെ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.

അരനൂറ്റാണ്ടോളം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന പാസ്വാൻ വാജ്പേയി, മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവരടക്കം 6 പ്രധാനമന്ത്രിമാരുടെ കീഴിൽ മന്ത്രിയായി. പിന്നാക്ക സംവരണം ശുപാർശ ചെയ്ത മണ്ഡൽ കമ്മിഷൻ റിപ്പോർട്ട്, വി.പി.സിങ് പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയത് പാസ്വാന്റെ കൂടി ശ്രമഫലമായിട്ടായിരുന്നു.

1969 ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ ബിഹാർ നിയമസഭാംഗമായി. 1974ൽ ലോക്ദളിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലത്തു ജയിലിലായി. ജനതാ പാർട്ടി ടിക്കറ്റിൽ 1977ൽ ഹാജിപ്പുർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി. മൊത്തം 9 തവണ ഇവിടെ ജയിച്ചു.

മണ്ഡൽ – മസ്ജിദ് സംഭവങ്ങളുടെ പേരിൽ ഉത്തരേന്ത്യൻ രാഷ്ട്രീയം ചേരിതിരിഞ്ഞപ്പോൾ സോഷ്യലിസ്റ്റുകളും ഭിന്നിച്ചു. ശരദ് യാദവിനോടു വിയോജിച്ച് 2000ൽ ലോക് ജനശക്തി പാർട്ടി രൂപീകരിച്ച പാസ്വാൻ 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2010ലും 2019ലും രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.1989 മുതൽ വിവിധ സർക്കാരുകളിലായി തൊഴിൽ, റെയിൽവേ, പാർലമെന്ററികാര്യം, വാർത്താവിനിമയം, കൽക്കരി, ഖനി, വളം – രാസവസ്തു വകുപ്പുകളുടെ മന്ത്രിയായിരുന്നു.

ആദ്യ ഭാര്യ: രാജ്കുമാരി. ഈ വിവാഹത്തിൽ ഉഷ, ആഷ എന്നീ രണ്ടു പെൺമക്കൾ. രണ്ടാം ഭാര്യ: റീന. മക്കൾ: ചിരാഗ് പാസ്വാൻ, നിശ. എൽജെപിയെ നയിക്കുന്ന ചിരാഗ് ലോക്സഭാംഗമാണ്.

English Summary: Union Minister Ram Vilas Paswan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com